കേന്ദ്രമന്ത്രിയുടെ ഉറപ്പും കീറച്ചാക്കും ഒന്നുപോലെ; EY ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം കടലാസില്‍ മാത്രം

അമിത ജോലിഭാരം മൂലം പൂണെയില്‍ മരണമടഞ്ഞ യുവ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന്റെ (26) മരണത്തില്‍ അന്വേഷണമുണ്ടോ എന്ന് പോലും പറയാതെ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ഒളിച്ചുകളി. അന്നയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് കുടുംബത്തിന് ഉറപ്പു നല്‍കിയത് കേന്ദ്ര തൊഴില്‍മന്ത്രി ശോഭ കരന്തലജയാണ്. എന്നാല്‍ ലോക്‌സഭയില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ തൊഴില്‍മന്ത്രി ഉരുണ്ടു കളിക്കുകയാണ്.
പുണെയില്‍ ഏണ്‍സ്റ്റ് ആന്‍ഡ് യങില്‍ (ഇവൈ) ചാര്‍ട്ടേഡ് അക്കൗണ്ടന്റായ കൊച്ചി കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍ അമിത ജോലിഭാരം മൂലം മരിച്ച സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടോ എന്ന് ലോക്‌സഭയില്‍ കെ.സുധാകരന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയ എംപിമാരാണ് ചോദ്യം ഉന്നയിച്ചത്. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്ലായ്മ പുറത്തുവന്നത്. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അന്നയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എക്‌സില്‍ (ട്വിറ്റര്‍) എഴുതിയ കുറിപ്പിന് മറുപടിയായിട്ടാണ് സമഗ്ര അന്വേഷണം നടത്തുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ മന്ത്രി ശോഭ കരന്തലജ കുറിച്ചത്. ജൂലൈ 20നാണ് പൂണെയിലെ താമസസ്ഥലത്ത് അന്നയെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൂടെ താമസിച്ചിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അന്നയുടെ അമ്മ അനിത അഗസ്റ്റിന്‍ ഇവൈ ഇന്ത്യ ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്ത് വൈറലായതോടെയാണ് കോര്‍പറേറ്റ് കമ്പനികളിലെ ജോലിഭാരവും അത് ജീവനക്കാരില്‍ ഏല്‍പിക്കുന്ന മാനസികാഘാതവും സംബന്ധിച്ച് വലിയ ചര്‍ച്ചകളുണ്ടായത്. ഈ വിഷയത്തില്‍ ഇടപെടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്മേല്‍ യാതൊരു നീക്കവും ഉണ്ടായില്ലെന്നാണ് പാര്‍ലമെന്റിലെ മറുപടി സൂചിപ്പിക്കുന്നത്.
മകളുടെ മരണത്തിന് കാരണം മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ജോലിസമ്മര്‍ദമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. അന്നയുടെ ശവസംസ്‌കാര ചടങ്ങള്‍ക്കു പോലും കമ്പനിയെ പ്രതിനിധീകരിച്ച് ആരും പങ്കെടുക്കാത്തതും ചര്‍ച്ചാ വിഷയമായിരുന്നു. മകള്‍ക്ക് ഉറങ്ങാന്‍ പോലും സമയം കിട്ടിയിരുന്നില്ല, സമയത്ത് ഭക്ഷണം കഴിക്കാന്‍ സാധിച്ചിരുന്നില്ല, തുടങ്ങിയ ഗുരുതര ആരോപണങ്ങളും അന്നയുടെ മാതാപിതാക്കള്‍ ഉയര്‍ത്തിയിരുന്നു. എന്നിട്ടുപോലും കൃത്യമായ തൊഴില്‍ കോഡ് രൂപീകരിക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
ജോലിക്ക് കയറി നാലു മാസം തികയുന്നതിനു മുന്‍പേയായിരുന്നു അന്ന സെബാസ്റ്റ്യന്‍ മരണം. കുടുംബത്തിന്റെ ആരോപണത്തെക്കുറിച്ച് ഇവൈ ഇതേവരെ കൃത്യമായ മറുപടിയും നല്‍കിയിട്ടില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളിലെ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ചും തൊഴില്‍ നിയമങ്ങളെക്കുറിച്ചും നിയമ നിര്‍മ്മാണം നടത്തേണ്ട ആവശ്യകത പോലും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലില്ല എന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here