മക്കള്‍ ഉപേക്ഷിച്ച അന്നക്കുട്ടിക്ക് നാടിന്റെ അന്ത്യാഞ്ജലി; സംസ്കാരം നടത്തി; മക്കള്‍ക്കെതിരെ കേസെടുത്തേക്കും
കുമളി: മക്കള്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് അനാഥയായി മരിച്ച അന്നക്കുട്ടിയുടെ മൃതദേഹം അട്ടപ്പള്ളം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഉച്ചയോടെയാണ് മൃതദേഹം വിട്ടുകിട്ടിയത്. പോലീസും ജനപ്രതിനിധികളും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. കുമളിബസ് സ്റ്റാന്‍ഡിന് സമീപം പൊതുദര്‍ശനത്തിന് ശേഷമാണ് പള്ളിയില്‍ എത്തിച്ചത്. ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജും ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ്.നായരും സംസ്കാര ചടങ്ങുകള്‍ക്ക് എത്തിയിരുന്നു.
അന്നക്കുട്ടിയുടെ മക്കളായ കേരള ബാങ്കുദ്യോഗസ്ഥനായ മകന്‍ സജി മാത്യുവും തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ജീവനക്കാരിയായ മകള്‍ സിജി സിറിലും സംസ്കാര ചടങ്ങുകള്‍ക്ക് എത്തിയില്ലെന്ന് കുമളി എസ്എച്ച്ഒ ജോബിന്‍ ആന്റണി പറഞ്ഞു. മക്കള്‍ക്കെതിരെ കേസെടുക്കുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.
തിരിഞ്ഞു നോക്കാനാളില്ലാതെ വാടകവീട്ടില്‍ നരകിച്ച് കിടന്നിരുന്ന അന്നക്കുട്ടിയെ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചത്. മരണവിവരമറിഞ്ഞ ശേഷവും മക്കള്‍ എത്തിയിരുന്നില്ല.
സ്വന്തം വീടും സ്ഥലവും വിറ്റുകിട്ടിയ 16 ലക്ഷത്തോളം രൂപ മക്കള്‍ക്ക് ഭാഗിച്ച് നല്‍കിയെങ്കിലും പിന്നീട് ഇവരെ മക്കള്‍ തിരിഞ്ഞുനോക്കിയില്ല. ദുരവസ്ഥ അറിഞ്ഞാണ് എത്തിയത്. പോലീസില്‍ വിവരം അറിയിച്ച ശേഷം അന്നക്കുട്ടിക്ക് ഒപ്പം നില്‍ക്കുകയായിരുന്നുവെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ ജയമോള്‍ മനോജ് പറഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here