മക്കള്‍ ഉപേക്ഷിച്ച അന്നക്കുട്ടി മരണത്തിന് കീഴടങ്ങി; സ്വത്തുവിറ്റ പണം കൈക്കലാക്കി അമ്മയെ തള്ളിയത് വാടകവീട്ടില്‍; ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാരും പോലീസും

ഇടുക്കി: കേരള മനസാക്ഷിയെ ഉലയ്ക്കുന്ന മരണമാണ് ഇടുക്കി കുമളിയിലെ അന്നക്കുട്ടി മാത്യുവിന്‍റേത്. സ്വത്ത് വിറ്റുകിട്ടിയ ലക്ഷങ്ങള്‍ കൈക്കലാക്കിയ ശേഷം മക്കള്‍ ഉപേക്ഷിച്ച ഈ അമ്മയാണ് ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. തിരിഞ്ഞു നോക്കാനാളില്ലാതെ വാടകവീട്ടില്‍ അവശയായി കിടന്നിരുന്ന വയോധികയെ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചത്. മരണവിവരമറിഞ്ഞ ശേഷവും മക്കള്‍ എത്തിയിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ സംസ്കാരം നടത്താനാണ് പോലീസിന്റെയും നാട്ടുകാരുടെയും തീരുമാനം. വയോജന സംരക്ഷണ നിയമം അനുസരിച്ച് മക്കള്‍ക്കെതിരെ പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

വീടും സ്ഥലവും വിറ്റ ശേഷം മക്കള്‍ ഒറ്റിക്ക് എടുത്ത വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം വീണ് ഇവര്‍ക്ക് വലത് കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കേരള ബാങ്കുദ്യോഗസ്ഥനായ മകന്‍ സജി മാത്യുവും തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ജീവനക്കാരിയായ മകള്‍ സിജി സിറിലും അമ്മയുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. തുടര്‍ന്നാണ് വെള്ളിയാഴ്ച നാട്ടുകാരും പഞ്ചായത്ത് അംഗവും പോലീസും അന്നക്കുട്ടിയുടെ വീട്ടിലെത്തിയത്. നില ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അറിയിച്ചതനുസരിച്ച് മകന്‍ വന്നെങ്കിലും പെട്ടെന്ന് തന്നെ മടങ്ങി. ഇതോടെ കുമളി പോലീസ് സംരക്ഷണം ഏറ്റെടുത്തു.

കുമളി ഒന്നാം മൈലില്‍ ഇവര്‍ക്ക് വീടും രണ്ടേക്കറോളം ഭൂമിയും ഉണ്ടായിരുന്നതായി വാര്‍ഡ്‌ കൗണ്‍സിലര്‍ ജയമോള്‍ മനോജ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “16 ലക്ഷത്തിനാണ് സ്ഥലം വില്‍പ്പന നടത്തിയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് അന്നക്കുട്ടി രണ്ട് മക്കള്‍ക്കുമായി ഭാഗിച്ച് നല്‍കിയിരുന്നു. വീട് വിറ്റതിനു ശേഷം ഇവരെ അട്ടപ്പള്ളിയില്‍ ഒറ്റിക്ക് വീടെടുത്ത് താമസിപ്പിച്ചിരിക്കുകയായിരുന്നു. നാല് മാസത്തോളമായി രണ്ട് മക്കളും ഇങ്ങോട്ട് വന്നിട്ടില്ല. ഒറ്റയ്ക്കായിരുന്നു ഭക്ഷണം പാചകം ചെയ്തത്. ഇവര്‍ക്ക് പരുക്ക് പറ്റിയ വിവരം അറിഞ്ഞതിന് ശേഷം ചികിത്സയും മറ്റും ഉറപ്പാക്കി. അന്നക്കുട്ടിയുടെ മരണത്തില്‍ മക്കള്‍ക്കെതിരെ പോലീസ് കേസെടുക്കുമെന്നാണ് അറിയിച്ചത്”- ജയമോള്‍ പറഞ്ഞു.

“രണ്ട് മക്കളും തമ്മിലുള്ള പ്രശ്നമാണ് അന്നക്കുട്ടി ഉപേക്ഷിക്കപ്പെടാനും അനാഥയായി മരിക്കാനും ഇടയാക്കിയത്. വിവരമറിയിച്ചിട്ട് പോലും അമ്മയെ ശുശ്രൂഷിക്കാന്‍ മക്കള്‍ തയ്യാറായില്ല. പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. മരണവിവരം മക്കള്‍ അറിഞ്ഞിട്ടുണ്ട്. ആരും എത്തിയിട്ടില്ല. അന്നക്കുട്ടിയുടെ സംസ്കാരത്തിന് ശേഷം മറ്റ് നടപടികളെക്കുറിച്ച് ആലോചിക്കും.”-കുമളി എസ്എച്ച്ഒ ജോബിന്‍ ആന്റണി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top