ഭരണകൂടത്തിനെതിരായ ഉറച്ച ശബ്ദം; പിണറായിയുടെ പോലീസ് നയത്തെ വിമര്‍ശിച്ച വിമത; ചില്ലറക്കാരിയല്ല വയനാട്ടില്‍ അങ്കത്തിനിറങ്ങുന്ന ആനി രാജ

തിരുവനന്തപുരം : കണ്ണൂര്‍ ഇരിട്ടിയിലെ ക്രൈസ്തവ കര്‍ഷ കുടുംബത്തില്‍ നിന്ന് സിപിഐയുടെ ദേശീയ മുഖമായി മാറിയ ആനി തോമസെന്ന ആനി രാജയുടെ ജീവിതം എല്ലാക്കാലത്തും പോരാട്ടങ്ങളുടേതായിരുന്നു. ദരിദ്രമായ ചുറ്റുപാടില്‍ സിപിഐയുടെ കൊടി പിടിക്കുക എന്നത് ആലോചിക്കാന്‍ പോലും കഴിയാത്തിടത്തു നിന്നാണ് ആനി രാജയുടെ വരവ്. ക്രൈസ്തവ കുടുംബത്തില്‍ നിന്ന് കമ്യൂണിസ്റ്റുകാരാകുമ്പോള്‍ ഉണ്ടാകാറുളള എല്ലാ എതിര്‍പ്പും ഇവിടെയും ഉയര്‍ന്നു. എന്നാല്‍ കര്‍ഷക സംഘം പ്രവര്‍ത്തകനായിരുന്ന അച്ഛന്‍ തോമസിന്റെ പിന്തുണയോടെ ആനി തോമസ് പ്രവര്‍ത്തനം തുടങ്ങി. സ്‌കൂള്‍ കാലം മുതല്‍ തന്നെ എഐഎസ്എഫിലൂടെയായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ഇരിട്ടിയില്‍ നടന്ന പാരലല്‍ കോളേജ് സമരത്തിന്റെയടക്കം മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. ക്രൂരമായ മര്‍ദ്ദനവും പലതവണ പോലീസില്‍ നിന്നേല്‍ക്കണ്ടി വന്നു.

ഡിഗ്രി പഠനത്തിനിടയിലാണ് ആനി തോമസ് പാര്‍ട്ടി മഹിളാ സംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. മുന്‍മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായര്‍ വീട്ടില്‍ നേരിട്ടെത്തിയാണ് സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ ഇരുപത്തിരണ്ടാമത്തെ വയസില്‍ തന്നെ സിപിഐയുടെ സംസ്ഥാന കമ്മറ്റിയിലുമെത്തി. സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാമാര്‍ച്ച് നടത്തി. വലിയ വിജയമായ ഈ മാര്‍ച്ചില്‍ പങ്കെടുത്ത് 12 പേരെ മോസ്‌കോയില്‍ രാഷ്ട്രീയപഠത്തിന് അയക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിലൊരാള്‍ ആനിയായിരുന്നു. ഈ യാത്രയും മോസ്‌കോയിലെ പഠനവുമാണ് ആനി രാജയെന്ന രാഷ്ട്രീയ നേതാവിനെ സൃഷ്ടിച്ചതെന്നാണ് അവര്‍ തന്നെ പറയുന്നത്.

വനിതാ മാര്‍ച്ച് നടക്കുമ്പോഴാണ് എഐവൈഎഫിന്റെ ദേശിയ സെക്രട്ടറിയായിരുന്ന തമിഴ്‌നാട് സ്വദേശി ഡി.രാജയെ കാണുന്നത്. വിവാഹം കഴിക്കുന്നെങ്കില്‍ ഒരു ദളിത് യുവാവിനെ എന്ന തീരുമാനിച്ചിരുന്നു ആനി. രാജയെ കണ്ടതോടെ വിവാഹം കഴിച്ചാലോയെന്ന് ആലോചന തുടങ്ങി. രാജയുമായി സംസാരിച്ചു. പാര്‍ട്ടിയുടെ അനുമതി തേടി. അവിടേയും ഇടപെട്ടത് പികെവി തന്നെയായിരുന്നു. അങ്ങനെ 1990 ജനുവരി ഏഴിന് ആനി തോമസ് ഔദ്യോഗികമായി ആനി രാജയായി. അവിടേയും ദാരിദ്ര്യവും പട്ടിണിയും വലിയ വെല്ലുവിളിയായിരുന്നു. ഇതിനിടെ പ്രവര്‍ത്തനത്തിനായി ഡല്‍ഹിയിലേക്ക് മാറി. പാര്‍ട്ടി ഓഫീസിലെ ചെറിയ മുറിയിലായി പിന്നെയുള്ള കുടുംബ ജീവിതം. ഇതിനിടെ അധ്യാപികയായി, കെടിഡിസി റസ്റ്റോറന്റില്‍ പാത്രം കഴുകി. ആകാശവാണിയില്‍ വാര്‍ത്ത വായിച്ചു. കുട്ടികള്‍ക്ക് ട്യൂഷന്‍, വിവര്‍ത്തക ഒരേസമയം അഞ്ച് ജോലിയെടുത്താണ് ജീവിക്കാനുളള വഴി തേടിയത്. രാജ തമിഴ്നാട്ടില്‍ നിന്നും എംപിയായതോടെയാണ് ആനി രാജ രാഷ്ട്രീയത്തില്‍ സജീവമായത്.

സ്ത്രീകള്‍ക്കും ദളിതര്‍ക്കുമെതിരായ പീഡനങ്ങള്‍ക്കെതിരെ പോരാട്ടം നയിച്ചു. സ്ത്രീകളോട് സംസാരിക്കാനായി ഇതിനിടയില്‍ ഹിന്ദിയും പഠിച്ചു. പല ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സ്ത്രീകളെ ഹിന്ദി പഠിപ്പിക്കുകയും മുഖ്യധാരയിലേക്ക് എത്തിക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ദളിതര്‍ക്കെതിരായ ഭരണകൂട ഭീകരതകളില്‍ ഇടപെടുകയും പ്രതികരിക്കുകയും ചെയ്തതോടെ നോട്ടപ്പുളളിയായി. ഡല്‍ഹിയിലെ പാവക്കൂത്ത് കോളനി ഒഴിപ്പിക്കാനുള്ള പോലീസിന്റെയും ഗുണ്ടകളുടേയും ശ്രമത്തെ തടഞ്ഞതിന് അടിവയറ്റില്‍ ചവിട്ടിയാണ് മറുപടി നല്‍കിയത്.

മകള്‍ അപരാജിതയേയും കൃത്യമായ രാഷ്ട്രീയ നിലപാടുമായാണ് ആനിരാജ വളര്‍ത്തുന്നത്. ജെഎന്‍യുവിലെ എഐഎസ്എഫ് യൂണിറ്റ് പ്രസിഡന്റാണ് അപരാജിത.
കനയ്യകുമാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട ജെ.എന്‍.യു. ഹോസ്റ്റലില്‍ രാത്രി പോലീസ് റെയ്ഡുണ്ടായപ്പോള്‍ അര്‍ധരാത്രി ഹോസ്റ്റലില്‍നിന്നിറങ്ങി പ്രതിഷേധിക്കാന്‍ ആനിരാജ മകളോട് ആവശ്യപ്പെടുകയായിരുന്നു. അതിന് അപരാജിതയെ ഐഎസ് ഭീകരവാദിയാക്കിയുള്ള പ്രചരണമാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയത്. എന്നാല്‍ അതിലൊന്നും ആനി രാജ പതറിയില്ല. ഇന്നും സജീവമായി തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തുടരുന്നു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ പോലീസ് നയത്തെ രൂക്ഷമായി വിമര്‍ശിച്ച് ആനിരാജ ഇടതു മുന്നണിയിലും വിമത ശബ്ദമായിരുന്നു. കേരള പോലീസില്‍ സംഘപരിവാര്‍ സെല്ലുകളുണ്ടെന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രജേന്ദ്രന്‍ ഈ പ്രസ്താവനയെ തള്ളിപറയുകയും ചെയ്തിരുന്നു. വയനാട്ടില്‍ ആനിരാജയെന്ന ദേശീയ നേതാവിനെ തന്നെ രാഹുല്‍ ഗാന്ധിക്കെതിരെ ഇറക്കി രാഷ്ട്രീയ മത്സരം കടുപ്പിക്കാനാണ് സിപിഐയുടെ ശ്രമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top