മുമ്പ് ബിക്കിനി ഇപ്പോൾ മോണോക്കിനി; ധരിച്ച വസ്ത്രത്തിൻ്റെ പേരിൽ ദീപികക്കെതിരെ വീണ്ടും സൈബർ ആക്രമണം
മുംബൈ: ബോളിവുഡ് താരം ദീപിക പദുകോണിനെതിരെ വീണ്ടും വ്യാപക സൈബർ ആക്രമണം. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ‘ഫൈറ്റർ’ സിനിമയുടെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് താരത്തിനെതിരെയുള്ള സൈബർ ലിഞ്ചിംഗ്. ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ഒരു ഇൻ്റിമേറ്റ് രംഗത്തിലെ വസ്ത്രത്തിൻ്റെ പേരിലാണ് ദീപിക സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും വിമർശിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍ ദീപിക മോണോക്കിനി ധരിച്ചതാണ് പുതിയ വിവാദത്തിന് കാരണം. ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞ ടീസറിൽ സെക്കൻഡുകൾ മാത്രം വന്നു പോകുന്ന രംഗങ്ങളാണ് വിമർശകരെ ചൊടിപ്പിച്ചിരിക്കുന്നത്.
എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയയായി ഹൃത്വിക് റോഷനും സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡായി ദീപിക പദുക്കോണും ചിത്രത്തിൽ വേഷമിടുന്നു. വ്യോമസേനാ ഉദ്യോഗസ്ഥർ ഇതുപോലെ പൊതു സ്ഥലങ്ങളിൽ ഇത്തരം വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടാറില്ല. ചിത്രത്തിലെരംഗങ്ങൾ വ്യോമസേനയെ അപമാനിക്കുന്നതിന് തുല്യമാണെന്നൊക്കെയാണ് വിമര്‍ശനങ്ങള്‍.
എല്ലാ ചിത്രങ്ങളിലും ദീപിക ഇത്തരം വേഷങ്ങളാണ് ധരിക്കുന്നതെന്നും അവര്‍ പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് പോകുന്നതാണ് നല്ലതെന്നും തുടങ്ങിയ അധിക്ഷേപ പരാമര്‍ശങ്ങളാണ് ദീപികയ്ക്ക് നേരെ ഉയരുന്നത്. സിദ്ധാർഥ് ആനന്ദ് തന്നെ സംവിധാനം ചെയ്ത ‘പത്താന്‍’ ചിത്രത്തിലെ ഗാനരംഗത്തിൽ ബിക്കിനിയിൽ എത്തിയതിൻ്റെ പേരിലാണ് ഇതിന് മുമ്പ് ദീപിക സൈബർ ആക്രമണം നേരിട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here