‘വീണ്ടും ക്ഷേത്രത്തിന് തീവച്ചു’; പ്രതിഷ്ഠകള്‍ ഉള്‍പ്പെടെ പൂര്‍ണമായും അഗ്നിക്കിരയായെന്ന് ഇസ്കോൺ

ബംഗ്ലാദേശിൽ ഒരു ക്ഷേത്രം കൂടി നശിപ്പിക്കപ്പെട്ടതായി ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) കൊൽക്കത്ത വക്താവ് രാധാ രമൺ ദാസ്. നംഹട്ടയിലെ കേന്ദ്രമാണ് അക്രമികൾ അഗ്നിക്കിരയാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിനും ശ്രീ ശ്രീ മഹാഭാഗ്യ ലക്ഷ്മി നാരായൺ ക്ഷേത്രത്തിനും നേരെയാണ് ആക്രമണം നടന്നത്.
ശ്രീ ശ്രീ ലക്ഷ്മി നാരായണൻ്റെ പ്രതിഷ്ഠകളും ക്ഷേത്രത്തിനുള്ളിലെ എല്ലാ വസ്തുക്കളും പൂർണമായും കത്തിനശിച്ചതായി രാധാ രമൺദാസ് പറഞ്ഞു. ഇസ്‌കോൺ ആരാധനാലയങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടരുകയാണ്. ബംഗ്ലാദേശിലെ ഇടക്കാല ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഭരണകൂടവും പോലീസും പരാതികൾ പരിഹരിക്കുന്നതിനും ആശങ്കകൾ പരിഹരിക്കുന്നതിനും കാര്യമായൊന്നും ചെയ്യുന്നില്ലെന്നും രാധാ രമൺ ദാസ് കുറ്റപ്പെടുത്തി.
ഇസ്കോൺ മുൻ അംഗവും ഹിന്ദു സന്യാസിയുമായ ചിൻമോയി കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അക്രമങ്ങൾ ശക്തമായത്. ഒരു പരിപാടിക്കിടയിൽ ബംഗ്ലാദേശ് പതാകയെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇസ്കോൺ മതമൗലീകവാദ സംഘടനയാണെന്നാണ് ബംഗ്ലാദേശ് സർക്കാർ അവകാശപ്പെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here