ബീഫ് കഴിച്ചെന്ന് ആരോപിച്ച് വീണ്ടും ആൾക്കൂട്ടക്കൊല; ബംഗാൾ സ്വദേശിയെ ഗോരക്ഷകർ തല്ലിക്കൊന്നു

ഇന്ത്യയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് വീണ്ടും ആൾക്കൂട്ടക്കൊല. പശ്ചിമ ബംഗാൾ സ്വദേശി ഹരിയാനയിലാണ് കൊലപാതകത്തിന് ഇരയായത്. ഛർബി ജില്ലയിലെ ബന്ധാരയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ആക്രിത്തൊഴിലാളിയായ സാബിർ മാലിക്കിനെ പ്ലാസ്റ്റിക് കുപ്പികൾ വിൽക്കാനുണ്ടെന്ന വ്യാജേന ഒരു സംഘം കടയിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നു. ഈ മാസം 27നാണ് മുസ്ലിം യുവാവിനെ പ്രതികൾ കൂട്ടിക്കൊണ്ടുപോയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതികരിച്ചതോടെ സാബിറിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം ഏഴു പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.കഴിഞ്ഞ 10 വർഷത്തിനിടെ, ഹരിയാനയിൽ പശുസംരക്ഷണമെന്ന പേരിൽ നേതൃത്വത്തിൽ ആൾക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും വ്യാപകമായിരിക്കുകയാണ്.
അതേസമയം ഇന്ന് മഹാരാഷ്ട്രയിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച് വൃദ്ധനെ ആൾക്കൂട്ട വിചാരണ നടത്തി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ജൽഗാവ് സ്വദേശിയായ അഷ്റഫ് മുൻയർ എന്നയാൾക്ക് നേരെയായിരുന്നു അതിക്രമം. ധൂലെ എക്‌സ്പ്രസിൽ മലേഗാവിലെ മകളുടെ വീട്ടിലേക്ക് പോവുകയായിരുന്ന ഇയാളെ ട്രെയിനിൽ പരസ്യമായി അപമാനിക്കുന്നതും തല്ലുന്നതും കണ്ടിട്ട് പ്രതികരിക്കാതെ നിൽക്കുന്നവരുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിലർ ചിരിച്ചു കൊണ്ട് ഈ ക്രൂരത ആസ്വദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ALSO READ: ബീഫ് കടത്തിയെന്ന് ആരോപിച്ച് വൃദ്ധന് ട്രെയിനിൽ ക്രൂര മർദ്ദനം; അന്യായം കണ്ടാസ്വദിച്ച് സഹയാത്രികരും
മകളുടെ വിട്ടിലേക്ക് പോവുകയാണെന്നും അവിടെ കൊടുക്കാൻ അല്പം എരുമ മാംസം കരുതിയിട്ടുണ്ടെന്നും ദുർബലമായ ശബ്ദത്തിൽ അഷ്റഫ് പറയുന്നുണ്ട്. ഇത് ചെവിക്കൊള്ളാതെ അയാളെ മർദ്ദിക്കുകയും വീഡിയോ പകർത്തുകയും ചെയ്യുകയാണുണ്ടായത്. മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമം 1976 പ്രകാരം സംസ്ഥാനത്ത് പശുക്കളെയും കാളകളെയും കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ എരുമകൾക്ക് നിരോധനം ബാധകമല്ല എന്നതാണ് വസ്തുത.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here