പിടിവിടാതെ ഇഡി; സിപിഎം ജില്ലാ സെക്രട്ടറിക്ക് വീണ്ടും നോട്ടീസ്

കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന് വീണ്ടും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ( ഇഡി ) നോട്ടീസ്. മൂന്നാം തവണയാണ് ഇഡി വർഗീസിന് നോട്ടീസയക്കുന്നത്. ഡിസംബർ 19 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ തവണ നവകേരള സദസിൽ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടി വർഗീസ് ഹാജരായിരുന്നില്ല.
കരുവന്നൂർ ബാങ്കിലെ പാർട്ടിയുടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് സിപിഎം ജില്ലാ സെക്രട്ടറിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത്. മുമ്പ് ചോദ്യംചെയ്യലിനിടെ അക്കൗണ്ടിലെ പണത്തിന്റെ വിവരം ആവശ്യപ്പെട്ടെങ്കിലും വർഗീസ് മറുപടി നൽകാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് ജില്ലാ സെക്രട്ടറി മൊഴി നൽകിയത്.
സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇഡിയുടെ ആരോപണം. അഞ്ച് പാർട്ടി അക്കൗണ്ടുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഒരോ അക്കൗണ്ട് വഴിയും അരക്കോടിയുടെ വരെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസി പറയുന്നത്.ബാങ്കിൽ നടന്ന ക്രമക്കേടുകളിൽ സിപിഎമ്മിനും കമ്മീഷൻ ലഭിച്ചു. പാര്‍ട്ടി അക്കൗണ്ടുകൾ വഴി നടന്നത് ബിനാമി വായ്പകൾ നൽകിയതിനുള്ള കമ്മിഷൻ തുകയുടെ കൈമാറ്റമാണ്. ബാങ്കിലെ തട്ടിപ്പ് പുറത്തായത്തിന് പിന്നാലെ പാര്‍ട്ടി അക്കൗണ്ടിൽ നിന്ന് 90 ശതമാനം തുകയും പിൻവലിച്ചുവെന്നും ഇഡി ആരോപിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here