സിഎഎ വിരുദ്ധനിലപാട് പ്രഖ്യാപിക്കുമ്പോഴും കേസുകള്‍ പിന്‍വലിക്കാതെ പിണറായി സര്‍ക്കാര്‍; ഇപ്പോഴും തുടരുന്നത് 700ലധികം കേസുകള്‍; ജലരേഖയായി വാഗ്ദാനങ്ങൾ

പൗരത്വ ഭേദഗതിനിയമം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴും അതിൻ്റെ പേരിൽ കേരള പോലീസ് ബലിയാടാക്കിയവരുടെ കാര്യത്തിൽ നടപടിയെടുക്കാതെ സംസ്ഥാന സർക്കാർ. 2020ൽ കേരളത്തിലുടനീളം നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ റജിസ്റ്റർ ചെയ്ത 700ലേറെ കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. എല്ലാം പിൻവലിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സർക്കാർ പ്രഖ്യാപിച്ചു. ആഭ്യന്തരവകുപ്പ് ഉത്തരവുമിറക്കി. എന്നാൽ ആകെയുണ്ടായിരുന്ന 835 കേസുകളില്‍ പിന്‍വലിച്ചത് 59 എണ്ണം മാത്രം. 2023 ജനുവരിയിൽ നിയമസഭയിൽ മുഖ്യമന്ത്രി അറിയിച്ച കണക്കാണിത്.

പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളത് ആണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രസ്താവിച്ചത്. “മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പലവട്ടം സർക്കാർ ആവർത്തിച്ചതാണ്. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളത്. ഈ വർഗ്ഗീയ വിഭജന നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളമാകെ ഒന്നിച്ച് നിൽക്കും”; മുഖ്യമന്ത്രി ആവർത്തിച്ച് പ്രഖ്യാപിക്കുന്നു.

സർക്കാർ നിലപാട് ഇങ്ങനെ പ്രഖ്യാപിക്കുമ്പോഴും കേസുകളുടെ കാര്യത്തിലുള്ള മെല്ലെപ്പോക്കിൻ്റെ കാരണം വ്യക്തമല്ല. വിവിധയിടങ്ങളിൽ നടന്ന സിഎഎ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്ത് പ്രതികളായവർ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹൈക്കോടതിയെ സമീപിച്ചപ്പോഴും കേസുകൾ ഉടനടി പിൻവലിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. കേസുകൾ പിൻവലിക്കാൻ സർക്കാർ തന്നെ ഇറക്കിയ ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കാൻ കോടതിയും അന്ന് നിർദേശം നൽകിയിരുന്നു. വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളും മത, സാമുദായിക സംഘടനാ നേതാക്കളുമെല്ലാം ഈ കേസുകളിൽ പ്രതിസ്ഥാനത്തുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top