യുപിയില്‍ മലയാളി പാസ്റ്റര്‍ ദമ്പതികള്‍ക്ക് 5 വര്‍ഷം തടവ്; ദലിതരെ മതം മാറ്റിയെന്ന് കുറ്റം; തെളിവോ മൊഴികളോ ഇല്ലാതിരുന്നിട്ടും ശിക്ഷ
രാജ്യത്ത് ഇതാദ്യമായി മതപരിവര്‍ത്തന നിരോധന നിയമപ്രകാരം (Uttar Pradesh’s Prohibition of Unlawful Conversion of Religion Act, 2021) ശിക്ഷ. പാസ്റ്റര്‍മാരായ മലയാളി ദമ്പതികളെ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഉത്തര്‍ പ്രദേശിലെ അംബേദ്കര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജോസ് പാപ്പച്ചന്‍ – ഷീജ പാപ്പച്ചന്‍ ദമ്പതികളെ ശിക്ഷിച്ചത്. അഞ്ചു വര്‍ഷം തടവും 25000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
ദലിത് ഹിന്ദു വിഭാഗത്തിലെ പാവപ്പെട്ടവരെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു എന്നാണ് കുറ്റം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല – പുറമറ്റം സ്വദേശികളായ ജോസ് പാപ്പച്ചനും ഭാര്യ ഷിജയും ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ ജില്ലയില്‍ വര്‍ഷങ്ങളായി സുവിശേഷ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു. 2021 ലാണ് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കിയത്. ഈ നിയമ പ്രകാരമാണ് 2023 ജനുവരി 24 ന് ഇവരെ ബിജെപി പ്രാദേശിക നേതാവായ ചന്ദ്രികപ്രസാദിന്റെ പരാതിയില്‍ ജലാല്‍പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
എട്ടു മാസത്തോളം റിമാന്റ് തടവുകാരായി ജയിലില്‍ കഴിഞ്ഞു. 2023 സെപ്റ്റംബര്‍ 25 ന് അലഹബാദ് ഹൈക്കോടതി ജാമ്യം നല്‍കി. ഇവര്‍ക്ക് വേണ്ടി ജാമ്യം നില്‍ക്കാന്‍ വന്നവര്‍ക്ക് പോലും ഭീഷണി നേരിടേണ്ടി വന്നു. പാസ്റ്റര്‍ ദമ്പതികള്‍ ജയിലില്‍ കിടക്കുമ്പോള്‍ തന്നെ അതിവേഗം കുറ്റപത്രം സമര്‍പ്പിക്കുകയും ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പണം നല്‍കിയും, പ്രലോഭിപ്പിച്ചും മതപരിവര്‍ത്തനം നടത്തിയെന്നതിന് കാര്യമായ മൊഴികളോ തെളിവുകളോ ലഭിക്കാതിരുന്നിട്ടും ഇരുവരുടേയും വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
ഈ മാസം 18നാണ് കോടതി വിധി പ്രസ്താവം നടത്തിയത്. ജോസ് പാപ്പച്ചന്‍ അസുഖബാധിതനായി ആശുപത്രിയിലാണ്. വിധി പ്രഖ്യാപിക്കുമ്പോള്‍ ഭാര്യ ഷീജ പാപ്പച്ചന്‍ കോടതിയില്‍ ഹാജരായിരുന്നു. മതപരിവര്‍ത്തനം നടത്തിയെന്ന സംശത്തിന്റെ പേരിലാണ് ഇരുവരേയും കോടതി ശിക്ഷിച്ചത്. വിധി പ്രസ്താവം ഞെട്ടല്‍ ഉളവാക്കുന്നതാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ദേശീയ കോര്‍ഡിനേറ്റര്‍ എ സി മൈക്കിള്‍ പറഞ്ഞു. മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ജോസ് പാപ്പച്ചന്റെ സുഹ്രുത്തുക്കള്‍ പ്രതികരിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here