സിദ്ധാർത്ഥൻ ഉറങ്ങാത്ത രാത്രികൾ; മൂന്നുദിനങ്ങളിലെ പീഡനപർവം അക്കമിട്ട് നിരത്തി ആൻ്റി റാഗിങ് കമ്മറ്റി റിപ്പോർട്ട്; സിരകളെ മരവിപ്പിക്കുന്ന ക്രൂരത
തിരുവനന്തപുരം: ക്രൂരപീഡനത്തിനിരയായാണ് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ മരിച്ചതെന്ന് ആന്റി റാഗിങ്ങ് സ്‌ക്വാഡ് റിപ്പോർട്ട്. 18 പേര്‍ പലയിടങ്ങളില്‍ വെച്ച് സിദ്ധാര്‍ത്ഥനെ മര്‍ദിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പോലീസിന്റെ പ്രതിപ്പട്ടികയിലില്ലാത്ത ദേവരാഗ് എന്ന വിദ്യാര്‍ത്ഥിയുടെ പേരുകൂടി ആന്റി റാഗിങ് കമ്മറ്റി റിപ്പോര്‍ട്ടിലുണ്ട്. ഈ വിദ്യാർത്ഥിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്ന് സിദ്ധാര്‍ത്ഥന്‍റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ആന്റി റാഗിങ് സ്ക്വാഡ് പുറത്തുവിട്ടത്. 97 വിദ്യാർത്ഥികളുടെ സാക്ഷിമൊഴിയാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. അടിവസ്ത്രം മാത്രം ധരിപ്പിച്ച് വിദ്യാർത്ഥിയെ കോളജ് ക്യാമ്പസില്‍ കൂടി നടത്തിപ്പിച്ചു. ക്രൂരമായ ശാരീരിക ആക്രമണവും പൊതു വിചാരണയും നടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹോസ്റ്റലിലെ 130 വിദ്യാർത്ഥികള്‍ സംഭവത്തിന് ദൃക്സാക്ഷികളാണ്. ആള്‍ക്കൂട്ട വിചാരണയ്ക്കായി ഹോസ്റ്റലില്‍ നിന്നും ഇവരെ മുഴുവന്‍ വിളിച്ചുവരുത്തിയിരുന്നു.
ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപമുള്ള കുന്നിന്‍ മുകളില്‍ വെച്ചും ഹോസ്റ്റലിലെ ഒന്നാം നിലയില്‍ 21-ാം നമ്പര്‍ റൂമില്‍ വെച്ചും ഹോസ്റ്റലിന്റെ നടുമുറ്റത്തുവെച്ചും സിദ്ധാര്‍ത്ഥന്‍ ആള്‍ക്കൂട്ട വിചാരണക്കും മര്‍ദനത്തിനും ഇരയായി. അപ്പോഴൊക്കെ സിദ്ധാര്‍ത്ഥന്‍ അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. ഈ സംഭവങ്ങള്‍ നടന്നതിന് അടുത്ത ദിവസം കഴിഞ്ഞ മാസം 18നാണ് സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അപ്പോഴും ഇതേ അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്.
16ന് അര്‍ദ്ധരാത്രിക്ക് ശേഷം സിദ്ധാര്‍ത്ഥന്‍ കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കുന്നതോ നടക്കുന്നതോ കൃഷ്ണലാലും അഖിലുമല്ലാതെ വേറെ ആരും കണ്ടിട്ടില്ല. സിദ്ധാര്‍ത്ഥന്‍ കട്ടിലില്‍ കഴുത്തുവരെ ബെഡ്ഷീറ്റ് മൂടി കിടക്കുന്നതാണ് ബാക്കി എല്ലാവരും കണ്ടത്. തനിക്ക് ടോൺസിലൈറ്റിസ് ഉണ്ടെന്ന് മരണ ദിവസം സിദ്ധാര്‍ത്ഥന്‍ പറഞ്ഞതായി അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ കുറ്റകൃത്യത്തിന്‍റെ പ്രേരണയും മരണത്തിന്‍റെ യഥാർത്ഥ കാരണവും അവ്യക്തമാണ്. ഈ വിഷയം ആന്റി റാഗിംഗ് സ്ക്വാഡിന്‍റെ പരിധിക്ക് അപ്പുറമാണെന്നും റിപ്പോര്‍ട്ടില്‍ സമിതി ചൂണ്ടിക്കാട്ടുന്നു.
അന്വേഷണ കമ്മറ്റിക്ക് മുന്നിൽ ഹാജരായ വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും വസ്തുതകൾ പൂർണ്ണമായി വെളിപ്പെടുത്താൻ വിമുഖത കാണിച്ചു. മൊഴി നല്‍കിയ വിദ്യാർത്ഥികളില്‍ ചിലര്‍ അവർ നേരിട്ട ഭീഷണികളെക്കുറിച്ച് വ്യക്തമാക്കി. സംഭവത്തില്‍ ഉത്തരവാദിത്തമുള്ള വിദ്യാർത്ഥി ഭാരവാഹികൾ, ഹോസ്റ്റൽ സെക്രട്ടറി, ഹോസ്റ്റൽ കമ്മിറ്റിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അധ്യാപകരിൽ നിന്നും കോളജ് അധികാരികളില്‍ നിന്നും സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കളില്‍ നിന്നും നിന്നുമെല്ലാം കാര്യങ്ങള്‍ മറച്ചുപിടിച്ചുവെന്നും സമിതി വ്യക്തമാക്കി.
15-02-2024 ന് നടന്നത്
മൊഴികൾ പ്രകാരം ഫെബ്രുവരി 15ന് സിദ്ധാർത്ഥൻ കോളജ് കാമ്പസിൽ നിന്ന് വീട്ടിലേക്ക് പോയി. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ റെഹാൻ ബിനോയ് എന്ന സുഹൃത്ത് ഫോണിൽ വിളിച്ച് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. ഈ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തിൽ വീട്ടില്‍ പോകാതെ ഹോസ്റ്റലിലേക്ക് മടങ്ങിയെത്തി. 16ന് രാവിലെ 8.00 മണിയോടെ സിദ്ധാർത്ഥൻ കോളേജ് കാമ്പസിൽ എത്തിയതായി ഒരു വിദ്യാർത്ഥി മൊഴി നല്‍കി.
16-02-24ന് നടന്നത്
ഫെബ്രുവരി 16ന് രാത്രി സിദ്ധാർത്ഥനെ ഹോസ്റ്റലിന് എതിർവശത്തുള്ള കുന്നിൻപുറത്തേക്ക് കൊണ്ടുപോയി. അവിടെയുള്ള വാട്ടർ ടാങ്കിന് സമീപത്തുവെച്ച് സിദ്ധാർത്ഥനെ മർദിച്ചതായി വിദ്യാർഥികൾ മൊഴി നല്‍കി. സിൻജോ സിദ്ധാർത്ഥനെ കഴുത്തിൽ പിടിച്ച് അമര്‍ത്തി. അടിവസ്ത്രം മാത്രം ധരിച്ച സിദ്ധാര്‍ത്ഥനെ കഴുത്തിന് പിടിച്ച് തറയിൽ നിന്ന് ഉയർത്തി. തറയിലെ വെള്ളം ഒരു തുണി ഉപയോഗിച്ച് തുടപ്പിച്ചു. 21-ാം റൂമിലേക്ക് കൊണ്ടുവന്ന ശേഷം സിദ്ധാർത്ഥനെ മർദിക്കാൻ മറ്റ് കുട്ടികളെ പ്രേരിപ്പിച്ചു. സിദ്ധാര്‍ത്ഥന്‍ കരയുന്നത് കണ്ടു. രാത്രി അതേ റൂമില്‍ നിന്നും ഉച്ചത്തിലുള്ള ശബ്ദങ്ങളും നിലവിളികളും കേട്ടു.
പിന്നീട് സിദ്ധാർത്ഥനെ കോണിപ്പടിയിലൂടെ താഴെയിറക്കി. അപ്പോഴും ആക്രമിച്ചു ഹോസ്റ്റല്‍ നടുമുറ്റത്ത് നിര്‍ത്തി അവിടെയുള്ള മുഴുവന്‍ വിദ്യാർത്ഥികളേയും വിളിച്ചെഴുന്നേല്‍പ്പിച്ചു. ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയതിന്‍റെ പേരിൽ പരസ്യമായി മാപ്പ് പറയാൻ നിർബന്ധിച്ചു. ബെൽറ്റും ഏതോ ഇലക്ട്രോണിക് ഉപകരണത്തിന്‍റെ ചാർജർ വയറും ഉപയോഗിച്ച് മര്‍ദിച്ചു. നെഞ്ചിലും മുതുകിലും പലതവണ ചവിട്ടി. വിരലുകൾ നിലത്തുവെക്കാന്‍ പറഞ്ഞ് കാലുകൊണ്ട് ചവിട്ടി കഴുത്തിൽ പിടിച്ച് ദേഹത്ത് പലതവണ അടിച്ചു. കുനിഞ്ഞിരിക്കാൻ ആവശ്യപ്പെടുകയും മുതുകിൽ തല്ലുകയും ചെയ്തു. മുട്ടുകുത്തി നിൽക്കുന്ന രീതിയില്‍ നില്‍ക്കാന്‍ പറഞ്ഞു. അപ്പോള്‍ ഇടക്കിടെ കുഴഞ്ഞുവീണു. പിന്നീട് ഒന്നാം നിലയിലേക്ക് കൊണ്ടുവന്ന് ഇടനാഴിയിലെ ഒരു കട്ടിലിൽ ഇരുത്തി വീണ്ടും അടിച്ചു.
18-02-24ന് നടന്നത്
അന്ന് തൊണ്ട വേദനയുണ്ടെന്ന് സിദ്ധാർത്ഥൻ പരാതിപ്പെട്ടതായി പറഞ്ഞപ്പോള്‍ ചില മരുന്നുകള്‍ നിര്‍ദ്ദേശിച്ചു. ഉച്ചകഴിഞ്ഞ് കുളിമുറിയുടെ വാതിലിൽ മുട്ടിയിട്ടും പ്രതികരിക്കാത്തതിനാൽ വാതില്‍ ബലമായി ചവിട്ടി തുറന്നു. അപ്പോള്‍ സിദ്ധാർത്ഥനെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തുണി മുറിച്ച് വിദ്യാർത്ഥികൾ പോലീസിനെയും ആംബുലൻസിനെയും വിളിച്ചു. അസിസ്റ്റന്റ് വാർഡനിൽ നിന്ന് വിവരമറിഞ്ഞ് കോളേജ് ഡീൻ ഹോസ്റ്റലിലെത്തി. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ ആംബുലൻസിൽ വൈത്തിരി സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് മരിച്ചു. മരണവിവരം സിദ്ധാർത്ഥന്‍റെ അമ്മാവനെ അറിയിക്കാൻ ഡീന്‍ കൃഷ്ണകാന്തിനോട് (സിദ്ധാർത്ഥന്‍റെ പ്രവേശന സമയത്ത് കുടുംബവുമായി ആദ്യം ബന്ധപ്പെടുന്ന വ്യക്തി) ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here