‘മകളുടെ വിവാഹം, അറസ്റ്റ് ചെയ്യുമോ എന്ന് ആശങ്ക’; സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പിന്നില്‍

കൊച്ചി: ജനുവരി 17ന് മകളുടെ വിവാഹം നടക്കാനിരിക്കെ, പോലീസ് നടപടി കടുപ്പിക്കുമോ എന്ന ആശങ്കയിൽ സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന് കാണിച്ച് കോഴിക്കോട് നടക്കാവ് പോലീസെടുത്ത കേസില്‍ മുൻകൂർ ജാമ്യം തേടി താരം ഹൈക്കോടതിയെ സമീപിച്ചത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്. കേസിൽ ആദ്യം ചുമത്തിയ 354എ എന്ന വകുപ്പിന് പുറമെ വീണ്ടും കേസ് കടുപ്പിച്ചാണ് കഴിഞ്ഞയാഴ്ച പോലീസ് കുറ്റപത്രം നൽകിയത്. ഈ സാഹചര്യത്തില്‍ മകളുടെ വിവാഹത്തിനിടയില്‍ അറസ്റ്റ് ഉണ്ടാകുമോയെന്ന് ആശങ്കയുണ്ടെന്ന് വ്യക്തമായി പറഞ്ഞാണ് ഹർജി നൽകിയിരിക്കുന്നത്.

ഹർജി പരിഗണിച്ച ജസ്റ്റിസ് സി.പ്രതീപ് കുമാറിന്റെ ബെഞ്ച് വരുന്ന എട്ടാം തീയതിയിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. കേസില്‍ സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. പക്ഷേ വിവാഹം 17നാണ്, ജാമ്യാപേക്ഷ പരിഗണിക്കുന്നതിനും വിവാഹത്തിനുമിടയില്‍ ദിവസങ്ങളുടെ വ്യത്യാസമേയുള്ളൂ. ഗുരുവായൂരില്‍വച്ചാണ് മകളുടെ വിവാഹം. തുടര്‍ന്ന് തിരുവനന്തപുരത്ത് സല്‍ക്കാരവുമാണ് നിശ്ചയിച്ചിട്ടുള്ളത്.

ഒക്ടോബർ 27ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടൽ ലോബിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യം ചോദിച്ച വനിതയുടെ തോളില്‍ കൈവച്ചാണ് സുരേഷ് ഗോപി സംസാരിച്ചത്. ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും സുരേഷ് ഗോപി കൈവച്ചുവെന്നും ഈ ഘട്ടത്തിൽ കൈ തട്ടിമാറ്റേണ്ടി വന്നുവെന്നുമാണ് മാധ്യമപ്രവർത്തക പരാതിപ്പെട്ടത്. നവംബർ 18 ന് സുരേഷ് ഗോപിയെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് പോലീസിന്റെ ഭാഗത്ത് നിന്ന് മറ്റ് നീക്കങ്ങള്‍ ഒന്നും ഉണ്ടായില്ല. എങ്കിലും ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിച്ച് കഴിഞ്ഞ സാഹചര്യത്തിലാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്ന ഘട്ടത്തിൽ അറസ്റ്റിന് സാധ്യതയില്ല എന്ന വിലയിരുത്തലും ഉണ്ട്.

പിതാവിന്റെ വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നുമായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണം. പക്ഷേ പരാതിക്കാരി കേസുമായി മുന്നോട്ട് പോവുകയായിരുന്നു. തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിത് എന്നായിരുന്നു പരാതിക്കാരി തുറന്നടിച്ചത്. കേസിൽ താമരശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് രഹസ്യമൊഴിയും നൽകിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top