മാധ്യമ സിന്‍ഡിക്കറ്റിന്റെ പിറവിക്ക് കാരണമായ തൊണ്ടിമുതല്‍ കേസ്; മുഖ്യധാര മാധ്യമം ആന്റണി രാജുവിനെ സംരക്ഷിച്ചപ്പോള്‍ പോരാട്ടം എത്തിനിന്നത് ഇവിടെ

അടിവസ്ത്രത്തില്‍ ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായതോടെയാണ് ഈ തൊണ്ടിമുതല്‍ കേസിന്റെ തുടക്കം. മാധ്യമ സിന്‍ഡിക്കറ്റിന്റെ പിറവിക്ക് പോലും കാരണമാകുന്ന ഒരു കേസായി ഇത് മാറുമെന്ന് ആരും സ്വപ്‌നം പോലും കണ്ട ഒന്നായിരുന്നില്ല. സര്‍ക്കാരും പോലീസും എന്തിന് ഒരു മുഖ്യധാര മാധ്യമം പോലും ഇപ്പോള്‍ സുപ്രീം കോടതി വിചാരണ നേരിടാന്‍ ഉത്തരവിട്ട ആന്റണി രാജുവിന് വേണ്ടി വിവിധ ഘട്ടങ്ങളില്‍ ഇടപെട്ടപ്പോള്‍ നീതി വൈകി.

മയക്കുമരുന്നുമായി പിടികൂടിയ വിദേശിയുടെ വക്കാലത്ത് ഏറ്റെടുത്താണ് ആന്റണി രാജു ഈ കേസിലേക്ക് കടന്നു വന്നത്. അന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്നു ആന്റണി രാജു. തന്റെ സീനിയര്‍ സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്ന് വക്കാലത്തെടുത്ത് നടത്തിയെങ്കിലും തോറ്റുപോയി. 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ.വി. ശങ്കരനാരായണന്‍ ഉത്തരവായി. എന്നാല്‍ തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായ കുഞ്ഞിരാമ മേനോനെ ഇറക്കി അനുകൂല വിധി നേടി. പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. പ്രതിക്ക് ഇടാന്‍ പോലും കഴിയാത്ത് അടിവസ്ത്രമാണ് ഹാജരാക്കിയത്. ഇതോടെ കേസില്‍ കൃത്രിമം നടന്നുവെന്ന പരാതിയുമായി അന്വേഷണ ഉദ്യോസ്ഥന്‍ സിഐ കെകെ ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് മുന്നിലെത്തി.

ഈ കേസില്‍ ഏറെ നിര്‍ണ്ണായകമായതും ഈ നീക്കമാണ്. താന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിന് വിരുദ്ധമായാണ് കാര്യങ്ങള്‍ ഹൈക്കോടതിയില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് മനസിലാക്കിയ ജയമോഹന്‍ ഇതിനെ നേരിടാന്‍ ഇറങ്ങി. തന്റെ അന്വേഷണമായിരുന്നു ശരിയെന്ന് തെളിയിക്കാനുള്ള ഈ ഉദ്യോഗസ്ഥന്റെ പോരാട്ടം ഇല്ലാതിരുന്നെങ്കില്‍ ഹൈക്കോടതി വിധിയില്‍ തീരുമായിരുന്നു ഈ കേസ്. മികച്ച ഉദ്യോഗസ്ഥന്‍ എന്ന പ്രതിച്ഛായ നേടിയ ജയമോഹന്‍ എസ്പി റാങ്കിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

മൂന്നുവര്‍ഷത്തെ അന്വേഷണത്തിന് ശേഷം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇങ്ങനെ 1994ല്‍ തുടങ്ങിയ കേസ് 2002ല്‍ തെളിവില്ലെന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി അവസാനിപ്പിക്കാന്‍ പൊലീസ് തന്നെ ശ്രമം നടത്തി. 2005ല്‍ ഉത്തരമേഖലാ ഐ.ജി. ടി.പി. സെന്‍കുമാര്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവര്‍ ചിത്രത്തിലേക്ക് വന്നത്. ഇതിനിടെ ആന്റണി രാജു എംഎല്‍എയാവുകയും ചെയ്തു.

2006 ഫെബ്രുവരി13ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. കുറ്റങ്ങള്‍, കോടതിയെ ചതിച്ചു, ഗൂഡാലോചന നടത്തി എന്നതടക്കം അതീവ ഗുരുതരമായ ആറെണ്ണം.
തുടര്‍ന്ന് അക്കൊല്ലം തന്നെ മാര്‍ച്ച് 23ന് വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നു. എട്ടുവര്‍ഷം അവിടെ അനക്കമില്ലാതിരുന്ന കേസ് 2014ല്‍ പ്രത്യേക ഉത്തരവിറക്കി നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. അവിടം മുതലിങ്ങോട്ട് 22 തവണയാണ് നെടുമങ്ങാട് ജെഎഫ്എംസി 1ല്‍ കേസ് വിളിച്ചത്. ഒറ്റത്തവണ പോലും ആന്റണി രാജുവോ കൂട്ടുപ്രതിയോ ഹാജരായിട്ടില്ല. അതുകൊണ്ട് തന്നെ വിചാരണയില്ലാതെ അനന്തമായി നീണ്ടു. ഇതിനിടെ ആന്റണി രാജു മന്ത്രിയായി.

ഇതോടെ വീണ്ടും ഈ കേസ് ചര്‍ച്ചയായി. പിന്നാലെ കേസ് എടുത്തതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചു. തിരിച്ചടിയായിരുന്നു ഫലം. സാങ്കേതികത്വം ശരിവെച്ച കോടതി, അവ പരിഹരിച്ച് വീണ്ടും നടപടികള്‍ തുടങ്ങാന്‍ 2023 മാര്‍ച്ച് 10ന് ഉത്തരവിട്ടതോടെ കേസില്‍ ആന്റണി രാജു വിചാരണ നേരിടേണ്ട അവസ്ഥയായി. ഇതോടെ ആണ് അപ്പീലുമായി സുപ്രീം കോടതിയില്‍ എത്തിയത്. 21 മാസത്തോളം എടുത്ത് കേസ് കേട്ട ശേഷമാണ് ജസ്റ്റിസ് സിടി രവികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആന്റണി രാജുവിനോട് വിചാരണ നേരിടാന്‍ ഉത്തരവിട്ടത്. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ അടക്കം പല തവണ കോടതിയുടെ വിമര്‍ശനം കേട്ടു.

കേസിന്റെ വിചാരണ നീളുന്നതിന്റെ കാരണവും നെടുമങ്ങാട് കോടതിയില്‍ നടക്കുന്ന നീക്കുപോക്കുകളും ഉള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് മനോരമ ന്യൂസില്‍ വാര്‍ത്ത നല്‍കാനുള്ള അനില്‍ ഇമ്മാനുവല്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ നീക്കത്തിന് പിന്തുണ ലഭിച്ചില്ല. വാര്‍ത്ത നല്‍കാന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റ് നിലപാട് എടുത്തു. മന്ത്രിയായിരുന്ന ആന്റണി രാജുവിനേയും സംസ്ഥാന സര്‍ക്കാരിനേയും പിണക്കാതിരിക്കാനാണ് ഈ നീക്കം നടത്തിയത്. ഇതോടെയാണ് മനോരമയിലെ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് അനില്‍ ഇമ്മാനുവല്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന പുതുതലമുറ മാധ്യമ സ്ഥാപനത്തിന്റെ തുടക്കം കുറിച്ചത്. ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ട് പുറത്തുവിട്ടായിരുന്നു മാധ്യമസിന്‍ഡിക്കേറ്റിന്റെ തുടക്കം. ഇതോടെ നിയമസഭ രേഖയില്‍ വരെ ഇടംപിടിച്ചു മാധ്യമ സിന്‍ഡിക്കറ്റ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top