‘കേസ് ഞാൻ കേൾക്കാതിരിക്കാൻ നീക്കം’; പൊട്ടിത്തെറിച്ച് ജസ്റ്റിസ് സി.ടി.രവികുമാർ; വേണമെങ്കിൽ ഒഴിയാമെന്ന് ആൻ്റണി രാജുവിനോട്
മുന്‍മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറിക്കേസിൽ സുപ്രീംകോടതിയില്‍ നാടകീയരംഗം. തന്റെ ബെഞ്ച് കേസ് പരിഗണിക്കാതിരിക്കാന്‍ പ്രതിഭാഗം നീക്കം നടത്തുന്നതായി മുതിര്‍ന്ന ജഡ്ജി സി.ടി.രവികുമാര്‍ ആരോപിക്കുകയായിരുന്നു. അടുത്ത വര്‍ഷം ജനുവരി 5 വരെ കേസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം. അന്നാണ് താൻ വിരമിക്കുന്നതെന്നും ജസ്റ്റിസ് രവികുമാർ വെളിപ്പെടുത്തി.
കേസ് അനന്തമായി നീട്ടികൊണ്ടുപോകാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് സി.ടി.രവികുമാറും സഞ്ജയ് കരോളുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഓരോ തവണയും പരിഗണനക്ക് വരുമ്പോള്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് കേസ് മാറ്റിവക്കാന്‍ ശ്രമിക്കുകയാണ്. അടുത്ത വര്‍ഷം ജനുവരി അഞ്ച് വരെ ഈ കളി തുടരും. ജനുവരി അഞ്ചിന്റെ പ്രത്യകത എന്താണെന്ന് തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ താനടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ച കേസാണിതെന്ന് ജസ്റ്റിസ് രവികുമാര്‍ ചൂണ്ടിക്കാട്ടി. ആന്റണി രാജു പ്രതിയായ തൊണ്ടി മുതല്‍ കേസില്‍ പുനരന്വേഷണത്തിന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ ദീപക് പ്രകാശ് കേസ് നീട്ടിവയ്ക്കാണ്‍ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവലിന്‍ കേസില്‍ നിന്ന് പിന്മാറിയ കാര്യവും ജസ്റ്റിസ് രവികുമാര്‍ കോടതിയില്‍ പരോക്ഷമായി പരാമര്‍ശിച്ചു. കേസിന്റെ പേര് പറയാതെയാണ് ഹര്‍ജികള്‍ കേള്‍ക്കുന്നതില്‍ നിന്ന് താൻ പിന്മാറിയ കാര്യം അദ്ദേഹം പരാമര്‍ശിച്ചത്. ആ കേസുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോള്‍ താന്‍ പരിഗണിച്ചിരുന്നു. അതിനാല്‍ സുപ്രീം കോടതിയില്‍ ആ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് സ്വയം പിന്മാറി. ആരും പിന്മാറാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നില്ല എന്നും രവികുമാര്‍ വ്യക്തമാക്കി.
തൊണ്ടിമുതല്‍ കേസുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി ജസ്റ്റിസ് സി.ടി.രവികുമാര്‍ ഹൈക്കോടതിയിൽ ഇരുന്നപ്പോള്‍ പരിഗണിച്ചിരുന്നുവെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ ദീപക് പ്രകാശ് ഇന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ഓര്‍മ്മയില്ലെന്ന് ജസ്റ്റിസ് രവികുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി ഉന്നയിക്കാത്ത ഈ വിഷയം ഇപ്പോള്‍ ഉന്നയിച്ചത് എന്തിനാണെന്ന് ജസ്റ്റിസ് സഞ്ജയ് കരോള്‍ അഭിഭാഷകനോട് ആരാഞ്ഞു. തുടര്‍ന്ന് താന്‍ ഈ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാമെന്ന് ജസ്റ്റിസ് സി.ടി.രവികുമാര്‍ അറിയിച്ചു. എന്നാല്‍ ആന്റണി രാജുവിന്റെ സീനിയര്‍ അഭിഭാഷകന്‍ ആര്‍.ബസന്ത് ഉള്‍പ്പടെയുള്ളവര്‍ ഇതിനെ എതിര്‍ത്തു.
സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി.വി.ദിനേശ് ഇന്ന് ആന്റണി രാജുവിനെതിരായ നിലപാട് മയപ്പെടുത്തി. കേസിന്റെ മെറിറ്റ് ഹൈക്കോടതി പരിഗണിച്ചില്ല എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടത്. ആവശ്യമെങ്കില്‍ ഹര്‍ജി വീണ്ടും ഹൈക്കോടതിയിലേക്ക് അയക്കാമെന്നും പറഞ്ഞു. അക്കാര്യം വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കാമെന്ന് ജസ്റ്റിസ് സി.ടി.രവികുമാര്‍ അറിയിച്ചു. തൊണ്ടിമുതൽ തിരിമറി നടത്തിയതിന് ആൻ്റണി രാജുവിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
1990 ഏപ്രില്‍ നാലിനു തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍, തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസില്‍ ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here