തൊണ്ടിമുതൽ തിരിമറിയിൽ നിർണായക ട്വിസ്റ്റ് !! സുപ്രധാന മൊഴി മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു; ആൻ്റണി രാജു നാളെ പ്രതിക്കൂട്ടിലേക്ക്
കേരളത്തിൻ്റെ നീതിന്യായ ചരിത്രത്തിൽ ഏറ്റവുമധികം കാലം പൂഴ്ത്തിവയ്ക്കപ്പെട്ട ക്രിമിനൽ കേസ് വിചാരണയിലേക്ക് കടക്കുന്നു. ലഹരിക്കേസ് പ്രതിയായ വിദേശിയെ രക്ഷിച്ചെടുക്കാൻ തൊണ്ടിയായ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയെന്ന കേസിൽ ഒന്നാം പ്രതി കോടതിയിലെ മുൻ ക്ലാർക്ക് കെഎസ് ജോസ്, രണ്ടാം പ്രതി ആൻ്റണി രാജു എന്നിവർ നാളെ നെടുമങ്ങാട് കോടതിയിൽ ഹാജരാകും. 34 വർഷം പഴക്കമുള്ള കേസ്, വരുന്ന ഒരു വർഷത്തിനുള്ളിൽ വിചാരണ നടത്തി പൂർത്തിയാക്കണം എന്നാണ് സുപ്രീം കോടതിയുടെ നിർദേശം.
1990ലെ കുറ്റകൃത്യത്തിലെ പ്രതികളെ തിരിച്ചറിഞ്ഞ് പോലീസ് കുറ്റപത്രം നൽകാൻ തന്നെ 16 വർഷം വേണ്ടിവന്നു. 2006ൽ കോടതിയിൽ എത്തിയ കേസ് വീണ്ടുമൊരു 16 വർഷം വിചാരണ ഇല്ലാതെ ഇരുന്നു. ഇക്കാലത്ത് പ്രതികൾ കോടതിയിൽ ഹാജരായില്ല, കോടതികൾ വാറണ്ട് അയച്ച് വരുത്തിയതുമില്ല. മനോരമ ന്യൂസ് ചാനൽ പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ് ആയിരുന്ന അനിൽ ഇമ്മാനുവൽ 2022 ജൂലൈയിൽ രേഖകൾ സഹിതം ഇക്കാര്യം പുറത്തുവിട്ടതോടെയാണ് കേസിന് ജീവൻ വച്ചത്. വാർത്തയോട് മനോരമ മുഖം തിരിച്ചതിനാൽ ഫെയ്സ്ബുക്കിലൂടെ ആണ് വിവരങ്ങൾ പുറത്തുവിട്ടത്.
തുടർന്ന് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതോടെ സാങ്കേതിക കാര്യങ്ങൾ ഉന്നയിച്ച് കേസ് റദ്ദാക്കാനായി ആൻ്റണി രാജു നീക്കം തുടങ്ങി. ഹൈക്കോടതി ഇത് ഭാഗികമായി അനുവദിച്ചെങ്കിലും ആൻ്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത് തിരിച്ചടിച്ചു. സാങ്കേതിക പ്രശ്നങ്ങളൊന്നും നിലനിൽക്കില്ലെന്ന് കഴിഞ്ഞ മാസം 20ന് വ്യക്തമാക്കിയ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി ഡിസംബർ 20ന് നേരിട്ട് ഹാജരായി വിചാരണ നേരിടാൻ കർശന നിർദേശം നൽകുകയായിരുന്നു.
അതേസമയം 1990ൽ വിദേശി പ്രതിയായ കേസിലെ പ്രധാന തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടന്ന വിവരം അതിന് ശേഷം ഏറെ വൈകാതെ കേസ് കൈകാര്യം ചെയ്തിരുന്ന ജുഡീഷ്യൽ സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അറിഞ്ഞിരുന്ന എന്ന വിവരവും ഇപ്പോൾ പുറത്താകുകയാണ്. ഇത് സംബന്ധിച്ച സാക്ഷിമൊഴികൾ അടക്കം രേഖകൾ മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുകയാണ്. ഒപ്പം ഈ കേസ് പുറത്ത് കൊണ്ടുവരുന്നതിൽ നേരിട്ട പ്രതിസന്ധികൾ ഓരോന്നും അനിൽ ഇമ്മാനുവൽ വിശദീകരിക്കുകയാണ്. കാണാം, അറിഞ്ഞതിലുമപ്പുറം, നാളെ മുതൽ മാധ്യമ സിൻഡിക്കറ്റിൽ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here