തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ വിചാരണ നേരിടാന്‍ തയ്യാറെന്ന് ആന്റണി രാജു; അപ്പീല്‍ സാധ്യത പരിശോധിക്കും

കുപ്രസിദ്ധമായ തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ വിചാരണ നേരിടണം എന്ന സുപ്രീം കോടതി വിധി വന്ന ശേഷം പ്രതികരണവുമായി മുന്‍ മന്ത്രി ആന്റണി രാജു. സുപ്രീം കോടതി വിധിയുടെ പൂര്‍ണരൂപം ലഭിച്ചിട്ടില്ലെന്ന് ആന്റണി രാജു പ്രതികരിച്ചു. വിധി ലഭിച്ചശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

“വിചാരണ നേരിടണം എന്ന് സുപ്രീം കോടതി പറഞ്ഞാല്‍ വിചാരണ നേരിടുക തന്നെ ചെയ്യും. ഞാന്‍ ഇവിടെ തന്നെയുണ്ടല്ലോ. അപ്പീല്‍ സാധ്യത നിയമപരമായി പരിശോധിക്കും.” ആന്റണി രാജു പറഞ്ഞു. കേസ് റദ്ദാക്കി കളയണം എന്ന ആൻ്റണി രാജുവിൻ്റെ അപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം എന്ന് കോടതി നിര്‍ദ്ദേശം നല്‍കി. 21 മാസത്തോളം എടുത്ത് കേസ് കേട്ട ശേഷമാണ് ജസ്റ്റിസ് സി.ടി.രവികുമാറിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് തീർപ്പ് കൽപ്പിക്കുന്നത്. രണ്ടുമാസം മുൻപേ വാദം പൂർത്തിയായിരുന്നു.

Also Read: മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ തിരിമറി കേസില്‍ വിചാരണ നേരിടണം എന്ന് സുപ്രീം കോടതി

1990 ഏപ്രിൽ നാലിന് ലഹരിമരുന്നുമായി തിരുവനന്തപുരത്ത് പിടിയിലായ വിദേശിയെ രക്ഷിക്കാൻ കേസിലെ തൊണ്ടിവസ്തുവായ അടിവസ്ത്രം വെട്ടിതയ്ച്ചു ചെറുതാക്കി എന്ന് കണ്ടെത്തിയാണ് ആൻ്റണി രാജുവിനെ പ്രതിയാക്കിയത്. കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്കായിരുന്ന കെ.എസ്.ജോസ് കൂട്ടുപ്രതിയായി. 2006ൽ പോലീസ് കുറ്റപത്രം കൊടുത്ത കേസ് രണ്ടു കോടതികളിലായി 16 വർഷം വിചാരണയില്ലാതെ കെട്ടിക്കിടന്നു. പ്രതികൾ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് കാരണമെന്ന് 2022ൽ പുറത്ത് വന്നതോടെ ആണ് കേസിന് വീണ്ടും ജീവൻ വച്ചത്.

Also Read: ആൻ്റണിരാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം; സര്‍ക്കാര്‍ ഒത്തുകളിക്കുകയാണോ എന്ന് കോടതി; സത്യവാങ്മൂലം നൽകാൻ കർശന നിർദ്ദേശം

ഇതോടെ കേസ് എടുത്തതിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് ആൻ്റണി രാജു ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ കസ്റ്റഡിയിലിരുന്ന വസ്തുവിൽ കൃത്രിമം നടന്നാൽ അതേ കോടതിയുടെ അനുമതിയോടെയേ നടപടി പാടുള്ളൂവെന്ന വ്യവസ്ഥ പാലിച്ചില്ല എന്നായിരുന്നു വാദം. സാങ്കേതികത്വം ശരിവെച്ച കോടതി, അവ പരിഹരിച്ച് വീണ്ടും നടപടികൾ തുടങ്ങാൻ 2023 മാർച്ച് 10ന് ഉത്തരവിട്ടതോടെ കേസിൽ ആൻ്റണി രാജു വിചാരണ നേരിടേണ്ട അവസ്ഥയായി. ഇതോടെ ആണ് അപ്പീലുമായി സുപ്രീം കോടതിയിൽ എത്തിയത്.

Also Read: തൊണ്ടിതിരിമറി ആൻ്റണി രാജുവിൻ്റെ സീനിയർ വനിതക്ക് മേൽ കെട്ടിവച്ച് സർക്കാർ; കേസ് വേണ്ടിവന്നാൽ സിബിഐക്ക് വിടുമെന്ന് സുപ്രീം കോടതി

സുപ്രീം കോടതിയിൽ ആദ്യഘട്ടത്തിൽ ആൻ്റണി രാജുവിനായി ഒളിച്ചുകളിച്ച സർക്കാർ, കോടതിയുടെ വിമർശനം ഏറ്റുവാങ്ങി. പിന്നാലെ കേസിൽ ശക്തമായ തെളിവുകൾ ഉണ്ടെന്ന് സത്യവാങ്മൂലം നൽകി. കേസ് വൈകിപ്പിക്കാൻ പലവട്ടം ശ്രമിക്കുന്നുവെന്ന് സുപ്രീം കോടതി ആൻ്റണി രാജുവിനെതിരെ നിലപാട് എടുത്തു. അടുത്തവർഷം ജനുവരിയിൽ താൻ വിരമിക്കുന്നത് വരെ വൈകിപ്പിക്കാൻ ആണ് നീക്കമെന്ന് ജസ്റ്റിസ് രവികുമാർ തുറന്നടിച്ചത് ഞെട്ടിച്ചു.

Also Read: ‘കേസ് ഞാൻ കേൾക്കാതിരിക്കാൻ നീക്കം’; പൊട്ടിത്തെറിച്ച് ജസ്റ്റിസ് സി.ടി.രവികുമാർ; വേണമെങ്കിൽ ഒഴിയാമെന്ന് ആൻ്റണി രാജുവിനോട്

16 വർഷം ഒരു നടപടിയുമില്ലാതെ കേസ് കോടതിയിൽ ഇരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ അമ്പരപ്പും അതിശയവും പ്രകടിപ്പിച്ച ഹൈക്കോടതിയിലും, പിന്നീട് സുപ്രീം കോടതിയിലുമായി രണ്ടര വർഷത്തോളം ഇരുന്ന ശേഷമാണ് ഇപ്പോൾ തീരുമാനം വന്നത്. 34 വർഷം പഴക്കമായ കേസിലെ സാക്ഷികൾ പലരും പ്രായം കാരണം വിചാരണക്ക് എത്താൻ പോലും കഴിയാത്ത അവസ്ഥയാണ്. ചിലർ മരിച്ചു പോയെന്നും ഹൈക്കോടതി വിജിലൻസ് റിപ്പോർട്ട് ചെയ്തത് രണ്ടുവർഷം മുൻപാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top