നീതിക്കായി അനുപമ നവകേരള സദസില്‍; നേരിട്ടത് കയ്പേറിയ അനുഭവങ്ങളെന്ന് ദമ്പതികള്‍; ഒരു പരാതിയിലും നടപടി വന്നില്ല

തിരുവനന്തപുരം: കേരളത്തിന്റെ മനസാക്ഷിയെ ഉലച്ച ദത്ത് കേസില്‍ ഇതുവരെ നീതി ലഭിച്ചില്ലെന്ന് അജിത്തും അനുപമയും. അനുപമയുടെ സമ്മതമില്ലാതെ മാതാപിതാക്കള്‍ കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം കേരളത്തില്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചത്. കുട്ടിയെ നഷ്ടമായ ആഘാതത്തില്‍ ഉലഞ്ഞ അനുപമ ഭര്‍ത്താവായ അജിത്തിനൊപ്പം ശിശുക്ഷേമ സമിതിക്ക് മുന്നില്‍ സമരമിരുന്നത് സര്‍ക്കാരിന് വലിയ തലവേദനയുമായി മാറിയിരുന്നു.

സിപിഎം കുടുംബത്തില്‍ നിന്നും വന്ന അനുപമ ഇടത് സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി വന്നപ്പോള്‍ നേരിടാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടി. ശിശുക്ഷേമ സമിതി ആന്ധ്രയിലേക്ക് ദത്ത് നല്‍കിയ കുട്ടിയെ വീണ്ടെടുത്ത് കോടതി സമക്ഷത്തില്‍ അനുപമക്ക് തിരികെ നല്‍കിയാണ്‌ പ്രശ്നം പരിഹരിച്ചത്. ഇപ്പോള്‍ ദത്ത് കേസ് രണ്ട് വര്‍ഷം പിന്നിടുമ്പോഴും ഉന്നയിച്ച പരാതികളില്‍ ഒരു നടപടിയും വന്നില്ലെന്നാണ് ദമ്പതികള്‍ ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാര്‍ വീഴ്ചകള്‍ അക്കമിട്ട് എഴുതിയ പരാതി ഇന്ന് നവകേരള സദസില്‍ നല്‍കുമെന്ന് അനുപമയുടെ ഭര്‍ത്താവായ അജിത്ത് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

പരാതിയില്‍ പറയുന്നത് ഇങ്ങനെ: കുഞ്ഞിനെ നഷ്ടമായപ്പോള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ഒരു നടപടിയും അന്വേഷണവും വന്നില്ല. ദത്ത് വിവാദം വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ശിശു ക്ഷേമ സമിതി, ചൈൽഡ് വെൽഫയർ കമ്മറ്റി, വനിതാ ശിശുക്ഷേമവകുപ്പ് എന്നിവർ കുറ്റകരമായ ഗൂഡാലോചന നടത്തി. സിപിഎം നേതാക്കളെ കണ്ടെങ്കിലും സഹായിച്ചില്ല. കുട്ടിയെ കിട്ടാന്‍ പ്രത്യക്ഷ സമരവുമായി ഇറങ്ങേണ്ടി വന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് കുട്ടിയെ തിരികെ കിട്ടിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയവർക്കെതിരെയും, വ്യാജ ദത്തു നൽകിയവർക്കെതിരെയും പരാതി നൽകിയെങ്കിലും നടപടി വന്നില്ല. കുഞ്ഞിനോടും എന്നോടും ഇത്രയും കുറ്റകരമായി പെരുമാറിയവർക്കെതിരെ നടപടി വേണം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച സാമൂഹ്യ നീതി ഡയറക്ടര്‍ ടി.വി.അനുപമ ഐഎഎസിന്റെ റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിക്കണം. -ഇതാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

കുട്ടിയെ നഷ്ടമായ അമ്മക്ക് നീതി നിഷേധിച്ച് സര്‍ക്കാരും സിപിഎമ്മും നിലയുറപ്പിച്ചപ്പോള്‍ അനുപമക്ക് ഒപ്പം കേരള സമൂഹം നിലയുറപ്പിച്ചു. ഇടത് നേതാക്കള്‍ അകന്ന് നിന്നപ്പോള്‍ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നേതാക്കള്‍ സമരത്തിന് പിന്തുണയുമായെത്തി. പക്ഷെ കയ്പ് നിറഞ്ഞ ഒട്ടനവധി അനുഭവങ്ങള്‍ സര്‍ക്കാരില്‍ നിന്നും ശിശുക്ഷേമസമിതിയില്‍ നിന്നും പോലീസില്‍ നിന്നും അനുപമക്ക് നേരിടേണ്ടി വന്നു.

എസ്എഫ്ഐ ആയിട്ട് പോലും സിപിഎമ്മും ഗൗനിച്ചില്ല. പ്രശ്നത്തില്‍ അനുപമയുടെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടി നിലയുറപ്പിച്ചത്. സര്‍ക്കാരും പാര്‍ട്ടിയും ഒരുപോലെ എതിരായി നിന്നപ്പോള്‍ പരാതികളില്‍ ഒരു നടപടിയും വന്നില്ല. ദത്ത് കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നാണ് അജിത്തും അനുപമയും ആവശ്യപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top