താരപുത്രിമാരെ ബന്ദികളാക്കി വീട്ടുജോലിക്കാരി; ‘വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചു, കസേരയില്‍ കെട്ടിയിട്ടു’; ദുരനുഭവം പങ്കുവച്ച് അനുരാഗ് കശ്യപിന്റെയും ഇംതിയാസ് അലിയുടെയും മക്കൾ
അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപും ഇംതിയാസ് അലിയുടെ മകള്‍ ഐഡ അലിയും കുട്ടിക്കാലം മുതലേ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍ കുട്ടിക്കാലത്തുണ്ടായ അതിഭീകരമായൊരു അനുഭവം ഇരുവരും പങ്കുവയ്ക്കുകയുണ്ടായി. കുട്ടിക്കാലത്ത് വീട്ടിലെ ജോലിക്കാരി മോഷണശ്രമത്തിനിടെ ഇരുവരെയും ബന്ദികളാക്കിയ സംഭവമാണ് പോഡ്കാസ്റ്റില്‍ ആലിയയും ഐഡയും പങ്കുവച്ചത്. കസേരയില്‍ തങ്ങളുടെ കൈകള്‍ കെട്ടിയിട്ട് വായില്‍ ടേപ്പ് ഒട്ടിക്കുകയായിരുന്നുവെന്ന് ആലിയയും ഐഡയും പറയുന്നു.
ഐഡ, ആലിയയുടെ പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയതായിരുന്നു. രണ്ടുപേരും ചെറുപ്പത്തില്‍ ഒരേ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്. രണ്ടുപേരുടെയും മാതാപിതാക്കള്‍ പുറത്തു പോകുന്ന സമയത്ത് കുട്ടികളെ വീട്ടിലാക്കി. ആലിയയുടെ വീട്ടില്‍ മുത്തശ്ശിയുള്ളതിനാല്‍ അവിടെയാണ് കുട്ടികളെ ഏല്‍പ്പിച്ചത്. എന്നാല്‍ മാതാപിതാക്കള്‍ പുറത്തു പോയപ്പോള്‍ ജോലിക്കാരി ആദ്യം മുത്തശ്ശിയെ മുറിയില്‍ പൂട്ടിയിട്ടു.
“എന്റെയും ഐഡയുടേയും വായില്‍ ടേപ്പ് ഒട്ടിക്കുകയും കൈകള്‍ കസേരയില്‍ കെട്ടിയിടുകയും ചെയ്തു. ഞങ്ങള്‍ മരിക്കാന്‍ പോവുകയാണെന്ന് കരുതി കരയുകയും ബഹളം വയ്ക്കുകയും ചെയ്തു. അതിനിടെ അവര്‍ വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു. ഭാഗ്യത്തിന് 15-20 മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്റെ അമ്മ മറന്നുവച്ച എന്തോ എടുക്കാനായി തിരിച്ചുവന്നു. അവിടെ സംഭവിച്ചതെല്ലാം കണ്ടു. എല്ലാവരേയും വിളിച്ച് അറിയിച്ചു. എല്ലാവരും ഞെട്ടിപ്പോയി. ഞങ്ങള്‍ ശരിക്ക് പേടിച്ചിരുന്നു. പക്ഷേ ആ സമയത്ത് ഒറ്റയ്ക്കായി പോയിരുന്നെങ്കില്‍ ഇതിനെക്കാള്‍ കൂടുതല്‍ ഭയന്നേനെ,” ആലിയ പറഞ്ഞു.
അന്നത്തെ ആ കഥകള്‍ പറഞ്ഞ് ഇപ്പോഴും തങ്ങള്‍ ചിരിക്കാറുണ്ടെന്ന് ആലിയ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here