പ്രാണപ്രതിഷ്ഠ 24 മണിക്കൂര്‍ പരസ്യമായിരുന്നെന്ന് അനുരാഗ് കശ്യപ്; ‘വാരണാസിയില്‍ ജനിച്ചതുകൊണ്ടാണ് നിരീശ്വരവാദിയായത്’
അയോധ്യയില്‍ നടന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ വിമര്‍ശിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. രാജ്യത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെയും ഇനി വരാനിരിക്കുന്നതിന്റെയും ഒരു പരസ്യമായിരുന്നു ആ ചടങ്ങുകള്‍ എന്ന് അനുരാഗ് കശ്യപ് വിമര്‍ശിച്ചു. അധികാര സ്ഥാനത്തിരിക്കുന്നവര്‍ പൊതുജനങ്ങളുടെ വികാരങ്ങളെ മുതലെടുക്കുകയാണെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
“ജനുവരി 22ന് നടന്നത് ഒരു പരസ്യമാണ്. അങ്ങനെയാണ് ഞാന്‍ അതിനെ കാണുന്നത്. വാര്‍ത്തകള്‍ക്കിടയില്‍ പ്രദര്‍സിപ്പിക്കുന്ന പരസ്യങ്ങള്‍ പോലെ. ഇത് 24 മണിക്കൂര്‍ പരസ്യമായിരുന്നു എന്നുമാത്രം. ഞാന്‍ ഒരു നിരീശ്വരവാദി ആയതിന്റെ ഒരു പ്രധാന കാരണം ഞാന്‍ വാരണാസിയില്‍ ജനിച്ചു എന്നതാണ്. ഞാന്‍ ജനിച്ചത് മതത്തിന്റെ നഗരത്തിലാണ്. മതം ബിസിനസ്സ് ആകുന്നത് വളരെ അടുത്ത് കണ്ടിട്ടുണ്ട്. നിങ്ങള്‍ അതിനെ രാം മന്ദിര്‍ എന്ന് വിളിക്കുന്നു. പക്ഷേ അത് ഒരിക്കലും രാമക്ഷേത്രമായിരുന്നില്ല. അത് രാം ലല്ലയുടെ ക്ഷേത്രമായിരുന്നു. രാജ്യത്തിന് അതിന്റെ വ്യത്യാസം എന്തെന്ന് അറിയില്ല. മതമാണ് നീചന്റെ ആശ്രയം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കയ്യില്‍ മറ്റൊന്നുമില്ലാതാകുമ്പോള്‍ മതത്തെ ആശ്രയിക്കുന്നു.”
യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ആളുകള്‍ പോസ്റ്ററുകള്‍ കീറിക്കളയുക മാത്രമാണ് ചെയ്യുന്നതെന്ന് അനുരാഗ് കശ്യപ് പറഞ്ഞു.
“പോസ്റ്ററുകള്‍ കീറി നിങ്ങള്‍ ഊര്‍ജം പാഴാക്കുമ്പോള്‍, അവര്‍ മറ്റ് ആയിരം മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നു. ബൗദ്ധിക വാദങ്ങള്‍ നിരത്തി നമ്മള്‍ സമയം പാഴാക്കുകയാണ്.” അദ്ദേഹം പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here