മമ്മൂട്ടിയെ പുകഴ്ത്തി അനുരാഗ് കശ്യപ്; ‘ഭ്രമയുഗം’ ചെയ്ത നടന്‍ തന്നെ ‘കാതല്‍’ ചെയ്യുന്നു; സൂപ്പര്‍ സ്റ്റാര്‍ഡത്തില്‍ വിശ്വസിക്കുന്നില്ലെന്നും സംവിധായകന്‍
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ബോളിവുഡ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാണെന്ന് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. സമീപകാലത്ത് മമ്മൂട്ടി സിനിമയില്‍ നടത്തുന്ന തിരഞ്ഞെടുപ്പുകള്‍ ധീരമാണെന്നും ഹ്യൂമന്‍സ് ഓഫ് സിനിമയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടു.
“സൂപ്പര്‍സ്റ്റാര്‍ഡം എന്ന ആശയത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ഒരു നടനെന്ന നിലയില്‍ മമ്മൂട്ടി തന്റെ കരിയറിലെ ഈ ഘട്ടത്തില്‍ വളരെയധികം പരീക്ഷണങ്ങള്‍ക്ക് മുതിരുന്നുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരു വശത്ത് അദ്ദേഹം ഭ്രമയുഗത്തില്‍ പിശാചായി എത്തുന്നു, മറുവശത്ത് കാതല്‍: ദി കോര്‍ എന്ന സിനിമയും ചെയ്തു. നിരന്തരം പരീക്ഷണങ്ങള്‍ നടത്തുന്നു. അദ്ദേഹം സംവിധായകരില്‍ വിശ്വസിച്ച് മുന്നോട്ട് പോകുന്നു. ബോളിവുഡ് താരങ്ങള്‍ അതിന് തയ്യാറാകുന്നില്ല. ഒരു സംവിധായകന്‍ അവരെ സമീപിക്കുമ്പോള്‍ അയാളുടെ പേരില്‍ ഹിറ്റ് ഉണ്ടോ എന്നതാണ് അവര്‍ നോക്കുന്നത്. അഭിനേതാക്കളുടെ ഇത്തരം സമീപനം സംവിധായകര്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.
ബോളിവുഡും ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടു. “ദക്ഷിണേന്ത്യയില്‍ നിങ്ങള്‍ ചെയ്ത സിനിമ ചെറുതാണെങ്കിലും അത് നല്ലതായാല്‍ മതി. അവിടുത്തെ അഭിനേതാക്കള്‍ ആ സംവിധായകനൊപ്പം അടുത്ത സിനിമ ചെയ്യാന്‍ തയ്യാറാകും. ബോളിവുഡിലെ പല താരങ്ങളോടും തിയറ്റര്‍ വര്‍ക്ഷോപ്പുകളില്‍ പങ്കെടുക്കാന്‍ ഞാന്‍ പറയാറുണ്ട്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ടെന്നാണ് അവര്‍ മറുപടി പറയുന്നത്.”
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here