അന്‍വറിനെ തള്ളിപ്പറയാതെ സിപിഎം; പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് എംവി ഗോവിന്ദന്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എംആര്‍ അജിത്ത് കുമാറിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പിവി അന്‍വര്‍ എംഎല്‍എയെ തള്ളാതെ സിപിഎം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കുമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. എംഎല്‍എ ഉന്നയിച്ച വിഷയങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. എല്ലാവശങ്ങളും പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും പ്രതികരിച്ച ഗോവിന്ദന്‍ മറ്റ് ചോദ്യങ്ങള്‍ക്കൊന്നും പ്രതികരിക്കാന്‍ നിന്നില്ല.
ഭരണപക്ഷത്തു നിന്നുള്ള എംഎല്‍എ ഗുരുതരമായ ആരോപണം ഉന്നയിച്ചത് സിപിഎമ്മിനെ ആകെ ഉലച്ചിരിക്കുകയാണ്. എന്നാല്‍ ഇതിനെ തള്ളിപ്പറയാതെ മുന്നോട്ടു പോകുന്നത് പാര്‍ട്ടിക്കുളളിലെ അതൃപ്തി കൂടി വ്യക്തമാക്കുന്നത്. പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഎമ്മില്‍ തന്നെ വിമര്‍ശനമുണ്ട്. അതുകൊണ്ട് തന്നെ അന്‍വറിനെ പൂര്‍ണ്ണമായും തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയാണ് സിപിഎമ്മിനുള്ളത്.
എസ്പി ഓഫീസിന് മുന്നില്‍ പിവി അന്‍വര്‍ നടത്തിയ പ്രതിഷേദ സമരത്തെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു. ആരും പാര്‍ട്ടിക്ക് അതീതരല്ലെന്ന് വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറിയാണ് അതിലും ഗുരുതരമായ ആരോപണത്തില്‍ പരിശോധിക്കും എന്നുമാത്രം പറഞ്ഞ് അവസാനിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here