കുഴൽനാടൻ്റെ അറസ്റ്റിൻ്റെ തനിയാവർത്തനം; 2024 മാർച്ചിൽ മാത്യുവിനെ കുരുക്കിയതും ഫോറസ്റ്റിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ; അൻവർ റിമാൻ്റിൽ
2024 മാർച്ച് നാലിന് കേരളം കണ്ട അതേ രാഷ്ട്രീയ നാടകങ്ങളാണ് ഇക്കഴിഞ്ഞ രാത്രിയിലും കേരളം കണ്ടത്. അന്ന് കോതമംഗലത്ത് ആയിരുന്നെങ്കിൽ ഇന്നലെ നിലമ്പൂരിൽ. അവിടെ കഥാനായകൻ മാത്യു കുഴൽനാടൻ, ഇവിടെ പി വി അൻവർ. രണ്ടുപേരും എംഎൽഎമാർ; മുൻപേ സർക്കാരിൻ്റെ കണ്ണിൽ കരടായവർ. രണ്ടുപേർക്കെതിരെയും പോലീസ് നടപടിയുണ്ടായത് വനം വകുപ്പിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 72കാരി ഇന്ദിരയുടെ പേരിലായിരുന്നു കോതമംഗലത്ത് പ്രതിഷേധം. നിലമ്പൂരിൽ ആന ജീവനെടുത്ത ആദിവാസി യുവാവ് മണിയുടെ പേരിൽ.
ഇന്ദിരയുടെ മൃതദേഹവും വഹിച്ച് കോതമംഗലം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ കോൺഗ്രസുകാരെ പോലീസ് പതിവില്ലാത്ത വീര്യത്തിൽ നേരിട്ടു. മൃതദേഹം അടങ്ങിയ മൊബൈൽ ഫ്രീസർ പ്രതിഷേധക്കാരിൽ നിന്ന് തട്ടിയെടുത്ത് റോഡിലൂടെ വലിച്ചുകൊണ്ടോടുന്ന പോലീസുകാരെ അന്ന് കേരളം കണ്ടു. ഈ പ്രതിഷേധങ്ങൾക്കെല്ലാം നേതൃത്വം കൊടുത്ത മാത്യു കുഴൽനാടൻ എംഎൽഎയെയും ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെയും അന്ന് രാത്രിയോടെ പതിയിരുന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ കോടതി ജാമ്യം നൽകിയത് അപ്രതീക്ഷിതമായാണ്.
നിലമ്പൂരിൽ വനനിയമ ഭേദഗതിക്കെതിരെ ഏതാനും ദിവസങ്ങളായി പി വി അൻവറിൻ്റെ നേതൃത്വത്തിൽ സമരം നടക്കുകയാണ്. അതിനിടെ ശനിയാഴ്ച വൈകിട്ടോടെയാണ് മണിയെ കാട്ടാന ആക്രമിച്ചത്. ഇന്നലെ രാവിലെ നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ പ്രകടനം അക്രമാസക്തമായപ്പോൾ അൻവർ തൊട്ടടുത്ത് ഉണ്ടായിരുന്നു. എന്നാൽ അക്രമത്തിൽ പങ്കെടുത്തിട്ടില്ല. എങ്കിലും അൻവറിനെ പ്രതി ചേർത്തപ്പോൾ തന്നെ എവിടേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് വ്യക്തമായിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് അടക്കം ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയത്.
Also read: രാത്രിയിലെ അറസ്റ്റിന് വഴങ്ങി പി വി അൻവർ; ‘ജീവനോടെ തിരിച്ചെത്തിയാൽ കാണിച്ചുതരാം’
കഴിഞ്ഞവർഷം മാർച്ച് നാലിന് മാത്യുവിനെതിരെ എടുത്ത കേസിലും ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചുമത്തിയിരുന്നത്. രാത്രി രണ്ടരയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പക്ഷെ ജാമ്യം അനുവദിച്ചു. അതേ മാതൃകയിൽ അൻവറിന് കോടതി ജാമ്യം അനുവദിക്കുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അത് മാത്രമാണ് കോതമംഗംലം കേസിൽ നിന്നുണ്ടായ വ്യത്യാസം. തൽക്കാലം അഭിഭാഷകനെ നിയോഗിക്കുന്നില്ലെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പൊതുമുതൽ നശിപ്പിച്ചതിന് കേസുകൾ കേരളത്തിലെമ്പാടും എടുത്തിട്ടുണ്ടെങ്കിലും ഇത്ര തിടുക്കത്തിൽ നടപടി ഇതാദ്യമാകും. കേസെടുത്ത് നാലു മണിക്കൂർ കൊണ്ടാണ് അറസ്റ്റ്. സാക്ഷാൽ നിയമസഭ തച്ചുതകർത്ത കേസിൽ പോലും ഇതുവരെ ഒരൊറ്റ എംഎൽഎ പോലും, ഒരു രാത്രി പോലും ജയിലിൽ പോയിട്ടില്ലാത്ത കേരളമാണിത്. 2013ൽ കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരായ ഹർത്താലിൽ വനം ഓഫീസുകൾ തകർക്കുകയും ഔദ്യോഗിക വാഹനങ്ങൾ തീയിട്ടിട്ടും ചെയ്തിട്ടും ഇത്ര കാര്യക്ഷമമായ നടപടികളുണ്ടായില്ല. പിണറായി സർക്കാർ അധികാരത്തിൽ ഇരിക്കെയാണ് അവരെ എല്ലാവരെയും കോടതി വെറുതെ വിട്ടതും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here