പിവി അൻവർ യുഡിഎഫിലെത്തും? സ്വാഗതം ചെയ്ത് നിലമ്പൂർ ലീഗ്

താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്ന് തെളിയിക്കാൻ പാർട്ടിക്ക് പുറത്ത് നിന്നും പോരാടാൻ തയ്യാറാണെന്ന പിവി അൻവർ എംഎൽഎയുടെ നിലപാടിനെ സ്വാഗതം ചെയ്ത് നിലമ്പൂർ മുസ്ലിം ലീഗ്. ഇടത് എംഎൽഎയെ മുന്നണിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് പ്രാദേശീക നേതൃത്വം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മണ്ഡലം പ്രസിഡൻ്റ് ഇക്ബാൽ മുണ്ടേരി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണ്. പക്ഷേ അത് അംഗീകരിക്കാൻ പിണറായി വിജയന് കഴിയില്ല. പിണറായി വിജയൻ ആരാണെന് ബോധ്യപ്പെടുത്തിയതിന് ശേഷം അൻവർ ലീഗിലെത്തുമെന്ന സൂചനയാണ് ഇഖ്ബാൽ മുണ്ടേരി നൽകുന്നത്. ലീഗിൻ്റെയും യുഡിഎഫിൻ്റേയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിൻ്റെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസുകാരനായ അൻവർ തയാറാകും എന്ന സാധ്യതയും കുറിപ്പിലുണ്ട്.
ALSO READ: ‘അൻവർ ചെങ്കൊടി പിടിച്ച് മുന്നോട്ട് പോകട്ടെ’; പ്രാദേശിക ലീഗ് നിലപാട് തളളി ഹസനും കുഞ്ഞാലിക്കുട്ടിയും
ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
പിവി അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണ്. പക്ഷേ അത് അംഗീകരിക്കാൻ പിണറായി വിജയന് കഴിയില്ല. അതിന് പല കാരണങ്ങളും ഉണ്ട്.
അൻവർ പെട്ടെന്ന് ആർക്ക് മുന്നിലും വഴങ്ങുന്ന പ്രകൃതക്കാരനല്ല. പിണറായിക്കാണെങ്കിൽ തൻ്റെ മുന്നിൽ വഴങ്ങാത്തവനോട് കട്ടക്കലിപ്പുമാണ്.
ഇപ്പോള്‍ രണ്ട് ഘട്ടം കഴിഞ്ഞു.
- മുഖ്യമന്ത്രിയിൽ വലിയ വിശ്വാസമുണ്ടായിരുന്ന അൻവറിൻ്റെ യുദ്ധപ്രഖ്യാപന ഘട്ടം.
- മുഖ്യമന്ത്രിയെ മറ്റുള്ളവർ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന് കരുതുന്ന ഘട്ടം. മുഖ്യമന്ത്രി തന്നെ തീരെ വിശ്വാസത്തിലെടുക്കുന്നില്ല എന്നതിൽ അൻവറിന് ചെറിയ നിരാശ തോന്നുന്നുണ്ട്.
ഇനി മൂന്നാം ഘട്ടത്തിലേക്ക് കടക്കണം. യഥാർത്ഥ പിണറായി വിജയൻ ആരാണെന്ന് കൃത്യമായി മനസിലാക്കുന്ന പ്രധാന ഘട്ടമാണത്.പിണറായിയും, ശശിയും, എംആർ അജിത് കുമാറും മൂന്നല്ല അതൊന്നാണെന്ന് ബോധ്യപ്പെടുന്ന നിമിഷം.
പിന്നെയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിൻ്റെ മകൻ പിവി അൻവറിൻ്റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടത്.
ഈ ഭരണം സംഘ്പരിവാറിന് കുടപിടിക്കുകയാണ് എന്നും, മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഓഫീസും എല്ലാ തരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വർഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ലിം ലീഗിൻ്റെയും യുഡിഎഫിൻ്റേയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിൻ്റെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസുകാരനായ അൻവർ തയ്യാറാവുന്ന ഘട്ടത്തിന് അപ്പോഴാണ് സമയമാവുക.
ഈ ദുഷ്ടശക്തികൾക്കെതിരെ , നാടിൻ്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം, !

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here