ക്രൈസ്തവ വോട്ടുകള്‍ എങ്ങോട്ടെന്ന ആശങ്കയില്‍ മുന്നണികള്‍; മോദി -പിണറായി സര്‍ക്കാരുകളോട് കലഹിച്ച് സഭാ നേതൃത്വങ്ങള്‍; പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം : ക്രൈസ്തവ വോട്ടുകളില്‍ കടന്നുകയറാനുള്ള ബിജെപി, സിപിഎം ശ്രമത്തിന് തിരിച്ചടി. ബിജെപിക്ക് വില്ലനായത് മണിപ്പൂര്‍ കലാപമാണെങ്കില്‍ ഇടത് മുന്നണിക്ക് വെല്ലുവിളി റബര്‍ വിലയും, മനുഷ്യ-വന്യമൃഗ സംഘര്‍ഷവും, ജസ്റ്റിസ് ജെബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ടുമാണ്. ഇത് മറികടക്കാനുളള തന്ത്രങ്ങളൊന്നും തന്നെ ഫലവത്താകാത്തതില്‍ ഇരുകൂട്ടരും കടുത്ത നിരാശയിലാണ്.

സംസ്ഥാനത്തെ 18 ശതമാനത്തിലധികം വരുന്ന ക്രൈസ്തവ വോട്ടുകള്‍ പല മണ്ഡലങ്ങളിലും നിര്‍ണ്ണായകമാണ്. വടക്കേ ഇന്ത്യയില്‍ പടര്‍ന്ന് പിടിക്കുന്ന ക്രൈസ്തവ വിരുദ്ധ നിലപാടുകളും കലാപങ്ങളും സംസ്ഥാനത്തെ ക്രിസ്ത്യാനികള്‍ക്കിടയിലും ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ തെലങ്കാനയില്‍ മലയാളിയായ വൈദികനെതിരെ തീവ്രഹിന്ദുത്വ സംഘടനയില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു. മദര്‍ തെരേസയുടെ പേരിലുള്ള സ്‌കൂള്‍ തല്ലിതകര്‍ക്കുകയും വൈദികനെ കൊണ്ട് ബലമായി ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്തത് സംസ്ഥാനത്തെ പ്രബല ക്രിസ്ത്യന്‍ സഭയായ കത്തോലിക്ക വിഭാഗങ്ങളില്‍ ബിജെപി വിരുദ്ധ മനോഭാവം ഉറപ്പിച്ചു നിര്‍ത്താന്‍ ഇടയാക്കി. മദര്‍ തെരേസയുടെ രൂപം എറിഞ്ഞ് തകര്‍ക്കുകയും കന്യാസ്ത്രീകളോട് സ്‌കൂളില്‍ സഭാ വസ്ത്രം ധരിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തെ സംസ്ഥാന നേതൃത്വം പോലും അപലപിക്കാത്തതും ബിജെപിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ക്രൈസ്തവര്‍ക്ക് പോലും നിരാശയുണ്ടാക്കി.

ബിജെപിയുമായി അടുത്ത് നില്‍ക്കുന്ന കാസ പോലുള്ള തീവ്ര ക്രൈസ്ത സംഘടനകള്‍ക്ക് പോലും മണിപ്പൂര്‍ കലാപത്തെ ന്യായീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാസയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരുപറ്റം വൈദികര്‍ കേരള സ്റ്റോറി പോലുളള പ്രൊപ്പഗന്‍ഡ സിനിമ അവധിക്കാലത്ത് മതബോധന ക്ലാസില്‍ കാണിക്കാന്‍ ശ്രമിച്ചെങ്കിലും അപകടം മണത്ത് സഭാ നേതൃത്വം തടഞ്ഞതും ബിജെപിക്ക് തിരിച്ചടിയായി. കേരള സ്റ്റോറിക്ക് ബദലായി മണിപ്പൂര്‍ കലാപത്തെക്കുറിച്ചുളള ഡോക്യമെന്ററി കാണിക്കാന്‍ ഒരുപററം വൈദികര്‍ മുന്നോട്ടു വന്നതും ബിജെപിക്ക് ക്ഷീണമായി. ബിജെപി പ്രചരിപ്പിച്ചിരുന്ന ലൗ ജിഹാദ് വിവാദവും വേണ്ടത്ര ക്ലച്ച് പിടിക്കാതെ പോയി.

മണിപ്പൂര്‍ കലാപത്തിന് തൊട്ടുമുമ്പ് വരെ ക്രൈസ്തവ സഭകളുമായി അടുപ്പം സ്ഥാപിക്കാന്‍ ബിജെപി പലവിധ ശ്രമങ്ങളും നടത്തിയിരുന്നു. മോദി ഭരണത്തില്‍ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ സുരക്ഷിതരും സംതൃപ്തരുമാണെന്ന സിറോ മലബാര്‍ സഭ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന ബിജെപി വലിയ രീതിയില്‍ കൊണ്ടാടി. ഇതിനു തൊട്ടുപിന്നാലെ തലശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിച്ചു. റബറിന് 300 രൂപ വില തന്നാല്‍ ബിജെപിക്ക് ഒരു എംപിയെ നല്‍കാന്‍ ക്രൈസ്തവര്‍ മുന്നിട്ടിറങ്ങും എന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. പക്ഷേ ഇതിനെയെല്ലാം തകിടം മറിക്കുന്നതായിരുന്നു കഴിഞ്ഞ വര്‍ഷം മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട മണിപ്പൂര്‍ കലാപം. മുന്നൂറിലധികം പള്ളികള്‍ ചുട്ടെരിക്കുകയും 250ലധികം പേര്‍ കൊല ചെയ്യപ്പെടുകയും അനേകായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്തതോടെ മിക്ക ബിഷപ്പുമാരുടേയും ബിജെപി പ്രേമം ഫ്രീസറിലായി. പ്രധാനമന്ത്രി മണിപ്പൂരിലെ കലാപബാധിത പ്രദേശം സന്ദര്‍ശിക്കാതിരുന്നതും അക്രമങ്ങളെ അപലപിക്കാതിരുന്നതും സഭാ നേതൃത്വങ്ങളില്‍ ആശങ്കയുളവാക്കി.

സംസ്ഥാനത്തെ സഭകള്‍ മുന്നോട്ടുവച്ച പ്രധാന വിഷയങ്ങളില്‍ തൃപ്തികരമല്ലാത്ത നിലപാട് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത് ക്രിസ്ത്യാനികളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. 2016ലെ പ്രകടന പത്രികയില്‍ റബറിന് 250 രൂപ വില നിശ്ചയിക്കുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ട് ബജറ്റുകളിലായി 700 കോടിയിലധികം രൂപ നീക്കിവച്ചെങ്കിലും കേവലം 80 കോടി രൂപ മാത്രമാണ് വിലസ്ഥിരതാ ഫണ്ടിലേക്ക് സര്‍ക്കാര്‍ നല്‍കിയത്. മലയോര മേഖലകളില്‍ വര്‍ദ്ധിച്ചു വരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വിലയിരുത്തലാണ് സഭാ നേതൃത്വത്തിനുളളത്. മിക്ക ക്രൈസ്തവ സഭകളും സര്‍ക്കാരിന്റെ മെല്ലെപോക്കിനെതിരെ കടുത്ത അമര്‍ഷത്തിലുമാണ്. ക്രൈസ്തവരുടെ സാമൂഹ്യ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച് ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ തീരുമാനമാകാത്തതും സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുകയാണ്.

തീരദേശ മേഖലകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ലത്തീന്‍ കത്തോലിക്കാ വിഭാഗം കഴിഞ്ഞ കുറെനാളുകളായി പിണറായി സര്‍ക്കാരുമായി ഏറ്റുമുട്ടലിലാണ്. വിഴിഞ്ഞം തുറമുഖം, തീരദേശ ഹൈവേ, മുതലപ്പൊഴി ഹാര്‍ബര്‍ തുടങ്ങിയ വിഷയങ്ങളില്‍ കടുത്ത വിയോജിപ്പാണ് സഭയ്ക്കുള്ളത്. വിഴിഞ്ഞം സമരകാലത്ത് ആര്‍ച്ചുബിഷപ്പ് ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കേസടുത്തതും സഭയെ പ്രകോപിപ്പിച്ചിരുന്നു. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്കാവണം വോട്ട് നല്‍കേണ്ടതെന്ന തിരുവനന്തപുരം അതിരൂപത മെത്രാന്റെ ഇടയലേഖനത്തിന്റെ പൊരുള്‍ യുഡിഎഫിന് അനുകൂലമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

സര്‍ക്കാര്‍ മുന്നോട്ടുവച്ച ചര്‍ച്ച് ബില്‍ പാസാക്കുന്നതിലെ കാലതാമസം ഇടതുമുന്നണിയുമായി അടുത്ത് നില്‍ക്കുന്ന യാക്കോബായ സഭാ വിഭാഗത്തിലും നിരാശ പടര്‍ത്തിയിട്ടുണ്ട്. ഈ ബില്‍ പാസാക്കുന്നതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാര്‍ വിരുദ്ധ നിലപാടിലാണ്. ഇരുസഭകളുടേയും വോട്ടില്‍ ചോര്‍ച്ച ഉണ്ടാകുമോയെന്ന ഫലവും ഇടത് മുന്നണിക്കുണ്ട്. യാക്കോബായക്കാര്‍ക്ക് സ്വാധീനമുള്ള ചാലക്കുടി മണ്ഡലത്തില്‍ യാക്കോബായക്കാരനായ ബെന്നി ബഹന്നാന് വോട്ടുകള്‍ പോകുമെന്ന ആശങ്കയും എല്‍ഡിഎഫിനുണ്ട്. മാര്‍ത്തോമ്മാ, സിഎസ്‌ഐ, പെന്തക്കോസ്ത് സഭാവിഭാഗങ്ങള്‍ പരസ്യ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംഘപരിവാറിന് അനുകൂലമായ നിലപാട് ഒരിക്കലും സ്വീകരിക്കാത്ത വിഭാഗങ്ങളാണ്.

വേഗത്തില്‍ പരിഹാരം കാണാന്‍ കഴിയാത്ത വിഷയങ്ങളിലാണ് സഭകള്‍ എതിര്‍പ്പ് ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രശ്‌ന പരിഹാരം അസാധ്യമാണ്. ഇതിന്റെ ഫലം ലഭിക്കുക കോണ്‍ഗ്രസിനും യുഡിഎഫിനും ആണെന്നാണ് വിലയിരുത്തല്‍. ഏറെ വിയര്‍ക്കാതെ ക്രൈസ്തവ വോട്ടുകള്‍ യുഡിഎഫിന്റെ പെട്ടിയിലേക്ക് എത്താനാണ് നിലവില്‍ സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top