വനിതാ മജിസ്ട്രേറ്റിനെ അധിക്ഷേപിച്ച 28 അഭിഭാഷകരോട് കടുപ്പിച്ച് ഹൈക്കോടതി; മാപ്പ് പോരാ, ആറുമാസം സാമൂഹ്യസേവനം ചെയ്യണം

കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നടപടികൾ തടസപ്പെടുത്തി വനിതാ മജിസ്ട്രേറ്റിനെതിരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ മുഴക്കിയ കേസിലെ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി. ഹൈക്കോടതി സ്വമേധയാ എടുത്ത ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ പ്രതികളായ 29ൽ 28 അഭിഭാഷകരുടെയും മാപ്പപേക്ഷ കണക്കിലെടുത്താണ് നടപടി തീർപ്പാക്കിയത്. എന്നാൽ അഭിഭാഷകരുടെ പെരുമാറ്റം കണക്കിലെടുത്താൽ മാപ്പ് അപേക്ഷയിൽ തീരില്ലെന്ന് നിരീക്ഷിച്ച കോടതി 28 പേർക്കും ആറുമാസം സാമൂഹ്യസേവനം വിധിച്ചു. കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പാവപ്പെട്ടവർക്ക് സൌജന്യ നിയമസഹായം നൽകുന്ന പരിപാടിയിൽ സഹകരിക്കാനാണ് നിർദേശം.

തട്ടിപ്പ് കേസിലെ പ്രതിയെ രക്ഷിക്കാനായി വ്യാജരേഖ ഹാജരാക്കി ജാമ്യം നേടാൻ സഹായിച്ചെന്ന് ആരോപിച്ച് അഭിഭാഷകന്‍ എം.പി.നവാബിനെതിരെ കേസെടുക്കാൻ പോലീസിനോട് കോടതി നിർദേശിച്ചതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. ഇതനുസരിച്ച് കോട്ടയം ഈസ്റ്റ് പൊലീസ് അഭിഭാഷകനെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് കോടതി സമുച്ചയത്തിൽ അഭിഭാഷകർ നടത്തിയ പ്രകടനത്തിൻ്റെ വീഡിയോ ദൃശ്യങ്ങളടക്കം ഹൈക്കോടതി പരിശോധിച്ചിരുന്നു. മജിസ്ട്രേറ്റിനെതിരെ വിളിച്ച മുദ്രാവാക്യങ്ങൾ അത്യന്തം അധിക്ഷേപകരവും നീതിന്യായ വ്യവസ്ഥയുടെ വിലയിടിക്കുന്നതും ആണെന്ന് വിലയിരുത്തിയാണ് 29 പേർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് നടപടി തുടങ്ങിയത്.

മാപ്പപേക്ഷ നൽകാൻ കൂട്ടാക്കാത്ത ഒന്നാം പ്രതി അഡ്വക്കറ്റ് സോജൻ പവിയാനോസ് വിചാരണ നേരിടേണ്ടിവരും. ആരോപിക്കപ്പെടുന്ന തെറ്റ് താൻ ചെയ്തിട്ടില്ലെന്നും അക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ കഴിയുമെന്നും സോജൻ പവിയാനോസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. അതേസമയം കോട്ടയം ബാർ അസോസിയേഷൻ പ്രസിഡൻ്റ് കെ.എ.പ്രസാദ് അടക്കം മുതിർന്ന അഭിഭാഷകരാണ് മാപ്പപേക്ഷിച്ച് നടപടിയിൽ നിന്നൊഴിവായത്. ഇവർ 28 പേർ ചെയ്യുന്ന സേവനത്തിൻ്റെ രേഖ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സൂക്ഷിക്കണം. നിയമ സേവന രേഖകള്‍ ഹൈക്കോടതിക്ക് ജില്ലാ അതോറിറ്റി റിപ്പോര്‍ട്ട് ചെയ്യണമെന്നും ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, സി പ്രതീപ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here