എപിപിയുടെ മരണത്തില്‍ പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി; കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി; നടപടി അനീഷ്യയുടെ മരണത്തിന് രണ്ട് മാസത്തിന് ശേഷം

കൊല്ലം: പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തില്‍ പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസില്‍ ആരോപണവിധേയരായ കൊല്ലം ജില്ലാ പ്രോസിക്യുഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ ജലീൽ, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്യാം കൃഷ്ണൻ എന്നിവരെ പ്രതിചേര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇരുവര്‍ക്കുമെതിരെ ഐപിസി 306 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് നടപടി.
സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം കാരണമാണ് അനീഷ്യ ആത്മഹത്യ ചെയ്തതെന്നും അതിനാല്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ കഴിഞ്ഞയാഴ്ച സമരവും നടത്തിയിരുന്നു. അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. 19 പേജുള്ള ആത്മഹത്യാ കുറിപ്പും അനീഷ്യ അയച്ച ശബ്ദസന്ദേശങ്ങളും തെളിവാക്കി നല്‍കിയാണ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നത്.
കേസില്‍ അസ്വാഭാവിക മരണത്തിനാണ് ലോക്കല്‍ പോലീസ് കേസെടുത്തിരുന്നത്. പൊലീസിനെതിരെ ആരോപണം വന്നപ്പോള്‍ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അനീഷ്യയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോഴാണ് അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. കഴിഞ്ഞയാഴ്ച അനീഷ്യയുടെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം കുടുംബാംഗങ്ങളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
അനീഷ്യക്ക് നീതി വൈകിയെന്ന് ജസ്റ്റിസ് ഫോര്‍ അനീഷ്യ ഐക്യദാര്‍ഡ്യ കൂട്ടായ്മയെ നയിക്കുന്ന സാമൂഹ്യ പ്രവർത്തക പി.ഇ.ഉഷ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ഇപ്പോഴെങ്കിലും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയത് സ്വാഗതാര്‍ഹമാണ്. അനീഷ്യ ആത്മഹത്യ കുറിപ്പ് സമര്‍പ്പിച്ചത് ഹൈക്കോടതിക്കും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ആണ്. ഇതില്‍ അനീഷ്യ നേരിട്ട മാനസിക പീഡനങ്ങള്‍ വ്യക്തമാണ്”-ഉഷ പറഞ്ഞു.
അനീഷ്യക്ക് നീതി വൈകുന്നതില്‍ അസംതൃപ്തിയുമായി ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷനും രംഗത്ത് വന്നിരുന്നു. എപിപിയുടെ ആത്മഹത്യ ഐപിഎസ് ഓഫീസര്‍ അന്വേഷിക്കണം, അല്ലെങ്കില്‍ സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്നാണ് ഹൈക്കോടതിക്ക് നല്‍കിയ നിവേദനത്തില്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത്. എപിപിക്ക് മരണാനന്തര നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഇ.ഉഷ അടക്കമുള്ളവര്‍ നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ഫോര്‍ അനീഷ്യ ഐക്യദാര്‍ഡ്യ കൂട്ടായ്മ മാര്‍ച്ച് എട്ടിന് സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകല്‍ നിരാഹാരസമരവും നടത്തിയിരുന്നു.
അനീഷ്യയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ള കൊല്ലം ജില്ലാ പ്രോസിക്യുഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ ജലീൽ, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്യാം കൃഷ്ണൻ എന്നിവരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അതിനുശേഷം മറ്റ് നടപടികള്‍ ഒന്നും വന്നിട്ടില്ലെന്നാണ് കുടുംബത്തെ അസ്വസ്ഥമാക്കിയത്. ജനുവരി 21നാണ് നെടുങ്ങോലത്തെ വീട്ടില്‍ അനീഷ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here