എപിപിയുടെ ആത്മഹത്യയില്‍ ഡിഡിപിയും എപിപിയും അറസ്റ്റില്‍; പരവൂര്‍ കോടതിയില്‍ ഹാജരാക്കി; പ്രതികള്‍ക്ക് ജാമ്യം; ക്രൈംബ്രാഞ്ച് നടപടി കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണത്തിനിടെ

പരവൂർ: മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ (41) യുടെ ആത്മഹത്യയില്‍ പ്രതികളായ പരവൂർ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് (ഡിഡിപി) അബ്ദുൾ ജലീൽ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (എപിപി) ശ്യാം കൃഷ്ണ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പരവൂർ കോടതിയിൽ ഹാജരാക്കിയതിനു പിന്നാലെ ജാമ്യത്തിൽ വിട്ടു. പ്രതികള്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍‌കൂര്‍ ജാമ്യം നേടിയിരുന്നു.

കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണ് എന്നാരോപിച്ച് അനീഷ്യ ഐക്യദാര്‍ഢ്യ സമിതി ശക്തമായി രംഗത്തുണ്ട്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട എപിപിയേയും ഡിഡിപിയെയും രക്ഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതായി അവര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചിരുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എപിപി ശ്യാം കൃഷ്ണയുടെ വീട്ടില്‍ ക്രൈം ബ്രാഞ്ച് സംഘം പരിശോധനക്ക് എത്തിയപ്പോള്‍ ക്രൈംബ്രാഞ്ച് സംഘത്തെ തിരിച്ചയക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇടപെട്ടതായാണ് അവര്‍ ആരോപിച്ചത്. ഈ ആരോപണം നിലനില്‍ക്കെ തന്നെയാണ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് സംഘം പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അനീഷ്യയുടെ ആത്മഹത്യയില്‍ നടക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണെന്ന് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പി.പ്രേംനാഥ് മാധ്യമ സിന്‍ഡിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ജനുവരി 21 നാണ് പരവൂര്‍ കോടതിയിലെ എപിപിആയിരുന്ന എസ്.അനീഷ്യയെ വീട്ടിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. തൊഴിലിടത്തില്‍ അനുഭവിച്ച പീഡനങ്ങള്‍ സംബന്ധിച്ച് അഞ്ച് ശബ്ദ സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്കും, മറ്റുള്ളവര്‍ക്കും ഇവര്‍ അയച്ചു കൊടുത്തിരുന്നു. കൂടാതെ 19 പേജുള്ള ആത്മഹത്യാ കുറിപ്പും തയ്യാറാക്കിയിരുന്നു. സഹപ്രവര്‍ത്തകനായ എപിപി. ശ്യാം കൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് അബ്ദുള്‍ ജലീല്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് അനീഷ്യ തന്റെ ശബ്ദ സന്ദേശത്തില്‍ ഇവരുടെ പങ്ക് വ്യക്തമാക്കിയിരുന്നത്. കേസില്‍ പ്രതികളായതിന് ശേഷം രണ്ടുപേരെയും സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top