എപിപിയുടെ ആത്മഹത്യയില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍; അവധിയെടുക്കാതെ മുങ്ങുന്ന എപിപിമാർക്കെതിരെ അന്വേഷണം; അമിക്കസ് ക്യൂരിയെ നിയമിച്ചു

കൊച്ചി: കൊല്ലം പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (എപിപി) അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. അവധിയെടുക്കാതെ മുങ്ങുന്ന എപിപിമാർക്കെതിരെയുള്ള പരാതി അന്വേഷിക്കാൻ ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയമിച്ചു. ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചിന്റെതാണ് ഉത്തരവ്.

ഹൈക്കോടതി അഭിഭാഷകനായ ജോൺ എസ്.റാൽഫിനെയാണ് അമിക്കസ് ക്യൂരിയായി നിയമിച്ചിട്ടുള്ളത്. അനീഷ്യ ഐക്യദാർഡ്യസമിതി കൺവീനർ പി.ഇ.ഉഷ സമർപ്പിച്ച ഹര്‍ജിയിലാണ് വിധി.

അനീഷ്യ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പുറത്തുവിട്ട ശബ്ദസന്ദേശങ്ങളിൽ കുറ്റാരോപിതനായ എപിപി അവധിയെടുക്കാതെ ഓഫീസിൽ വരാതിരിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഇത് കാരണം ആ ഡ്യൂട്ടി കൂടി ചെയ്യേണ്ടിവന്നുവെന്ന് അനീഷ്യ ആരോപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ ഒപ്പമുള്ളവര്‍ തനിക്കെതിരായെന്നും അവര്‍ സന്ദേശങ്ങളില്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഉഷ ഹൈക്കോടതിയെ സമീപിച്ചത്.

അനീഷ്യയുടെ ആത്മഹത്യയില്‍ അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പരാതി വന്നപ്പോള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അനീഷ്യയുടെ മാതാപിതാക്കള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്തുകയും മുഖ്യമന്ത്രിയെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നല്‍കുകയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് വിട്ടു. അനീഷ്യയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.

ജനുവരി 21നാണ് പരവൂര്‍ കോടതിയിലെ എപിപി അനീഷ്യയെ വീട്ടിലെ കുളിമുറിയുടെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവര്‍ത്തകരില്‍ നിന്നുള്ള മാനസിക പീഡനം സഹിക്കാതെയാണ് അനീഷ്യ ആത്മഹത്യ ചെയ്തത് എന്നുള്ള വിവരമാണ് പുറത്ത് വന്നത്. ആത്മഹത്യാക്കുറിപ്പും വാട്സാപ് സന്ദേശവും പുറത്തെത്തിയപ്പോഴാണ് മരണം വിവാദമായത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top