എപിപി ജീവനൊടുക്കിയതിൽ 31ന് കുറ്റപത്രം സമര്‍പ്പിച്ചേക്കും; ക്രൈംബ്രാഞ്ച് നീക്കം സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി പരിഗണിക്കാനിരിക്കെ; അട്ടിമറിയെന്ന് ആരോപണം
തിരുവനന്തപുരം: കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ജീവനൊടുക്കിയതില്‍ ക്രൈംബ്രാഞ്ച് തിടുക്കത്തില്‍ കുറ്റപത്രം നല്‍കാനൊരുങ്ങുന്നു. മേയ് 31ന് കുറ്റപത്രം കോടതിയില്‍ നല്‍കിയേക്കും എന്നാണ് സൂചന. സഹപ്രവര്‍ത്തകരില്‍ നിന്നുള്ള കടുത്ത മാനസിക പീഡനം സഹിക്കാനാകാതെയാണ് എപിപി ജീവനൊടുക്കിയത്.
നീതിന്യായ സംവിധാനത്തിലെ തെറ്റുകളോട് പ്രതികരിച്ചതിന്റെ ഇരയായി എപിപിക്ക് ജീവനൊടുക്കേണ്ടി വന്ന കേസില്‍ ക്രൈംബ്രാഞ്ച് ആത്മഹത്യ പ്രേരണാക്കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. ഇപ്പോള്‍ സസ്പെന്‍ഷനില്‍ തുടരുന്ന എപിപി കെ.ആർ.ശ്യാംകൃഷ്ണ, ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി.എം.അബ്ദുൽ ജലീൽ എന്നിവരാണ് ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിലുള്ളത്. ഇവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അനീഷ്യയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം കൊടുക്കാന്‍ ഒരുങ്ങുന്നത്. ജൂണ്‍ ആദ്യവാരം ഹൈക്കോടതി ഈ ഹര്‍ജി പരിഗണിച്ചേക്കും. അതിന് മുന്‍പേ കുറ്റപത്രം നല്‍കാനുള്ള നീക്കത്തിനെതിരെ അനീഷ്യ ഐക്യദാർഢ്യസമിതി രംഗത്തുണ്ട്.
രണ്ടു കാരണങ്ങളാണ് ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ സമിതി ചൂണ്ടിക്കാണിക്കുന്നത്. കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത് ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണത്തിന് എതിരെ നിലപാട് എടുക്കാന്‍ സര്‍ക്കാരിന് കഴിയും. അനീഷ്യയുടെ കുടുംബം ആവശ്യപ്പെട്ടിട്ടും കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തിയിട്ടില്ല. ഇതോടെ ആത്മഹത്യ പ്രേരണാക്കുറ്റവും രണ്ട് പ്രതികളും മാത്രമായി കേസ് ഒതുങ്ങിപ്പോകും. അനീഷ്യയുടെ മരണം ഒരു സാധാരണ മരണമല്ലെന്നും ആസൂത്രിതമായി ഒരു സംഘം ആളുകള്‍ അനീഷ്യയെ മരണത്തിലേക്ക് വലിച്ചിടുകയായിരുന്നുവെന്നുമാണ് സമിതിയുടെ ആരോപണം. ഇത് സംബന്ധമായ പല തെളിവുകളും വിവരാവകാശ നിയമപ്രകാരം സമിതി ശേഖരിച്ചിട്ടുണ്ട്. ഗൂഡാലോചന കുറ്റം ഇല്ലാത്തതിനാല്‍ എപിപിക്ക് എതിരെ ആസൂത്രിതമായി നീങ്ങിയ വലിയ സംഘം ആളുകളെ രക്ഷിച്ചെടുക്കാന്‍ കഴിയുമെന്നു സമിതി ചൂണ്ടിക്കാട്ടുന്നു.
മരണത്തില്‍ പ്രധാന റോള്‍ വഹിച്ചവരെ ഒഴിവാക്കി നിര്‍ത്തുകയാണ് ക്രൈംബ്രാഞ്ച് സംഘം ചെയ്തിരിക്കുന്നത്. – അനീഷ്യ ഐക്യദാർഢ്യസമിതിയെ നയിക്കുന്ന പി.ഇ.ഉഷ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ഗൂഡാലോചനക്ക് കൃത്യമായ തെളിവുണ്ട്. എന്നിട്ടും ഗൂഡാലോചന കുറ്റം ചുമത്തിയിട്ടില്ല. ഇതിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. അതുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്നതില്‍ ഉറച്ച് നില്‍ക്കുന്നത്.” – ഉഷ പറഞ്ഞു.
ജനുവരി 21 നാണ് അനീഷ്യയെ കൊല്ലം നെടുങ്ങോലത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവര്‍ത്തകരില്‍ നിന്നുള്ള മാനസിക സമ്മർദം താങ്ങാന്‍ കഴിയാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പും സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങളും പുറത്തുവന്നതോടെയാണ് മരണം വിവാദമാകുന്നത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് എങ്ങുമെത്താതായതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയത്. ഇതോടെയാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തില്‍ എപിപി, ഡിഡിപി എന്നിവര്‍ അറസ്റ്റിലാകുന്നത്. അതിന് മുന്‍പ് തന്നെ പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here