എന്റെ മകള്‍ക്ക് നീതി എവിടെ; ഹൃദയം നുറുങ്ങി ഒഴുകുന്ന രക്തത്തിന് മറുപടിയില്ലേ? ആത്മഹത്യ ചെയ്ത എപിപി അനീഷ്യയുടെ അമ്മയുടെ തുറന്ന കത്ത്

തിരുവനന്തപുരം: പരവൂര്‍ കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കി ഒരു മാസം പൂര്‍ത്തിയായിരിക്കെ വികാരനിര്‍ഭര കുറിപ്പുമായി അമ്മ പി.എം.പ്രസന്ന രംഗത്ത്. മകള്‍ നഷ്ടമായ ഒരമ്മയുടെ സങ്കടങ്ങള്‍ക്കപ്പുറത്ത് നിന്ന് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ നിലവിലെ വ്യവസ്ഥിതി ആത്മഹത്യയിലേക്ക് തള്ളിവിട്ടത് എങ്ങനെയെന്നാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്. മകളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉത്തരമില്ലാത്ത ഒട്ടനവധി ചോദ്യങ്ങളാണ് അമ്മ ഉയര്‍ത്തുന്നത്. കുറിപ്പ് ഇങ്ങനെ: “ഏറെ കഷ്ടപ്പെട്ട് പഠിച്ച്, ആഗ്രഹിച്ച ജോലി, മത്സര പരീക്ഷയിലൂടെ നേടിയെടുത്തു എന്റെ മകൾ. വളരെ അഭിമാനകരമായ നേട്ടം. ഏതമ്മയും കൊതിക്കുന്ന നേട്ടം. കഴിഞ്ഞ ഏഴ് വർഷമായി അവൾ നല്ല നിലയിൽ ആ ജോലി ചെയ്തു വരികയായിരുന്നു.”

“മകളെ, ഭർത്താവിനെ, ഞങ്ങൾ രക്ഷിതാക്കളെ എത്ര കരുതലോടെയാണ് അവൾ ചേര്‍ത്തുനിർത്തിയിരുന്നത്. ജീവിതത്തോട് എത്ര സ്നേഹമായിരുന്നു അവൾക്ക്.. മേലുദ്യോഗസ്ഥൻ അവളെ ആക്ഷേപിക്കാനായി പ്രത്യേകം വിളിച്ചുകൂട്ടിയ 19.1.2024 മീറ്റിങ്ങിൽ, ആക്ഷേപങ്ങൾക്ക് മറുപടി പറയാനായി അവൾ ശ്രമിച്ചപ്പോൾ കൂടുതൽ സംസാരിക്കേണ്ട തനിക്കുള്ള മെമ്മോ അതിൻറെ വഴിയിലാണ് എന്ന് ഭീഷണിപ്പെടുത്തി. ഈ മീറ്റിംഗിൽ അവളുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട്‌ കണക്കുകൂട്ടി മോശമായി ഗ്രേഡ് ചെയ്ത് പരസ്യമായി എല്ലാവരെയും വായിച്ച് കേൾപ്പിച്ച് അവളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു. വിവരാവകാശ നിയമമനുസരിച് മറ്റൊരു അഭിഭാഷകൻ നൽകിയ അപേക്ഷ വായിച്ച് ഇഴകീറി അത് അനീഷ്യയുടേതാണെന്ന് ആക്ഷേപിച്ചു പരിഹസിച്ചു.”

“അനീതിയും ആധിപത്യവും നിക്ഷിപ്ത താല്പര്യവും ആയുധങ്ങളാക്കിയ ഒരു കൂട്ടം ആൾക്കാർ കരുതിക്കൂട്ടി ആസൂത്രണം ചെയ്തു നടത്തിയ ആൾക്കൂട്ട കൊലപാതകമാണ് എന്റെ മകളുടെ ആത്മഹത്യ. എന്റെ മകളുടെ മകൾക്ക് അവളുടെ കൗമാരത്തിൽ ചേർന്ന് നിൽക്കാൻ, കൂട്ടുകൂടാൻ അമ്മയില്ലാതാക്കിയതിന് ആര് മറുപടി പറയും? ഈ നീതിന്യായ വ്യവസ്ഥയില്‍ എന്റെ ഹൃദയം നുറുങ്ങി ഒഴുകുന്ന രക്തത്തിന് മറുപടിയില്ലേ? അവള്‍ പറയുന്നപോലെ ഒരു തെറ്റ് ചെയ്തിട്ടായിരുന്നെങ്കിൽ….ഞാൻ ഇത്രയും തളർന്നു പോകില്ലായിരുന്നു. എന്തുകൊണ്ടാണ് എന്റെ മകളെ മരണത്തിലേക്ക് തള്ളിവിട്ട ആളുകൾക്കു നേരെയുള്ള നടപടി നീണ്ടു നീണ്ടു പോകുന്നത്? നീതി നടപ്പാക്കാനായി പൊരുതി മരിച്ച മകളുടെ അമ്മയുടെ വാക്കുകൾ കേൾക്കാതെ പോകരുതേ..”- പ്രസന്ന അപേക്ഷിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ജനുവരി 21 ന് ആത്മഹത്യ ചെയ്ത പരവൂർ മജിസ്‌ട്രെറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യുട്ടർ അനീഷ്യയുടെ അമ്മയാണ് ഞാൻ.

വളരെ സാധാരണ കുടുംബമാണ് ഞങ്ങളുടേത്. ഏറെ കഷ്ടപ്പെട്ട് പഠിച്ചു് ആഗ്രഹിച്ച ജോലി, മത്സര പരീക്ഷയിലൂടെ നേടിയെടുത്തു എന്റെ മകൾ. വളരെ അഭിമാനകരമായ നേട്ടം. ഏതമ്മയും കൊതിക്കുന്ന നേട്ടം. കഴിഞ്ഞ ഏഴ് വർഷമായി അവൾ നല്ല നിലയിൽ ആ ജോലി ചെയ്തു വരികയായിരുന്നു. വിവാഹം കഴിച്ചതും നീതിന്യായ രഗത്തുള്ള വ്യക്തിയെ തന്നെയാണ്. എന്റെ മകളുടെ ഭർത്താവ് ജില്ലാ ജഡ്ജിയാണ്. അവർക്ക് 11-ആം ക്‌ളാസിൽ പഠിക്കുന്ന ഒരു മകളുണ്ട്.

അവളുടെ ഭർത്താവിന് ആൻജിയോപ്ലാസ്റ്റി ചെയ്തതാണ്. ഞാനും അവളുടെ അച്ഛനും പലവിധം ആരോഗ്യപ്രശ്നങ്ങളുള്ളവരാണ്. കൂടാതെ ആരോഗ്യപ്രശ്നങ്ങൾ ഉള്ള എന്റെ സഹോദരിയെയും ശ്രദ്ധിക്കുന്നത് അനീഷ്യയാണ്. ഞങ്ങൾ നല്ല സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു.

അവൾക്ക് ഏതു കാര്യവും ഭംഗിയോടെ ചെയ്യണമെന്ന നിർബന്ധമുണ്ടായിരുന്നു. എല്ലാം നന്നായി പഠിച്ചേ ചെയ്യുമായിരുന്നുള്ളു. നീതി നിർവഹണ രംഗത്ത് കൃത്യമായി കാര്യങ്ങൾ ചെയ്യുന്നതിന്റെ അഭിമാനം അവൾക്കുണ്ടായിരുന്നു.

കഴിഞ്ഞ നവംബർ ആദ്യത്തോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അവളുടെ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും കൂട്ടാളികളും തുടർച്ചയായി അവളെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്തു കൊണ്ടിരുന്നു. അവർ സംഘടിതമായി അവളെ മാനസികമായി പീഡിപ്പിച്ചു. ചിലർ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ ക്ലിപ്പുകൾ വാട്സാപ്പിൽ അയച്ചു. അത് കണ്ട് രസിക്കാനും ആളുകൾ ഉണ്ടായി. മേലുദ്യോഗസ്ഥൻ അവളെ ആക്ഷേപിക്കാനായി പ്രത്യേകം വിളിച്ചുകൂട്ടിയ 19.1.2024 മീറ്റിങ്ങിൽ, ആക്ഷേപങ്ങൾക്ക് മറുപടി പറയാനായി അവൾ ശ്രമിച്ചപ്പോൾ കൂടുതൽ സംസാരിക്കേണ്ട തനിക്കുള്ള മെമ്മോ അതിൻറെ വഴിയിലാണ് എന്ന് ഭീഷണിപ്പെടുത്തി. ഈ മീറ്റിംഗിൽ അവളുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട്‌ കണക്കുകൂട്ടി മോശമായി ഗ്രേഡ് ചെയ്ത് പരസ്യമായി എല്ലാവരെയും വായിച്ച് കേൾപ്പിച്ച് അവളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു. വിവരാവകാശ നിയമമനുസരിച് മറ്റൊരു അഭിഭാഷകൻ നൽകിയ അപേക്ഷ വായിച്ച് ഇഴകീറി അത് അനീഷ്യയുടേതാണെന്ന് ആക്ഷേപിച്ചു പരിഹസിച്ചു.

അന്തസ്സോടെ ജോലിചെയ്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതുകൊണ്ട് ഉണ്ടായതാണ് അവളുടെ ആത്മഹത്യ. അവളുടെ ജോലി അവൾക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. ഏറ്റവും അടിത്തട്ടിലുള്ള ആളുകൾക്ക് ഒട്ടും കാലതാമസമില്ലാതെ നീതി ലഭ്യമാക്കുക എന്നത് ഏറെ സന്തോഷമുള്ള കാര്യമായിരുന്നു അവൾക്ക്.

മകളെ, ഭർത്താവിനെ, ഞങ്ങൾ രക്ഷിതാക്കളെ എത്ര കരുതലോടെയാണ് അവൾ ചേർത്ത്നിർത്തിയിരുന്നത്. ജീവിതത്തോട് എത്ര സ്നേഹമായിരുന്നു അവൾക്ക്.

അനീതിയും ആധിപത്യവും നിക്ഷിപ്ത താല്പര്യവും ആയുധങ്ങളാക്കിയ ഒരു കൂട്ടം ആൾക്കാർ കരുതിക്കൂട്ടി ആസൂത്രണം ചെയ്തു നടത്തിയ ആൾക്കൂട്ട കൊലപാതകമാണ് എന്റെ മകളുടെ ആത്മഹത്യ. എന്റെ മകളുടെ ചില ശബ്ദ സന്ദേശങ്ങൾ ഞാൻ അറിയാതെ കേട്ട് പോയി. എന്റെ ഹൃദയം നുറുങ്ങുകയാണ്. നീതി നടപ്പാക്കാൻ അവൾ നടത്തിയ ശ്രമത്തിൽ അവൾ നേരിട്ട അഗ്നി പരീക്ഷകൾ ? അവളെ എന്തേ ആരും ഒരു വിരൽതുമ്പെങ്കിലും നീട്ടി ജീവിതത്തിൽ പിടിച്ചു നിർത്തിയില്ല.? അവളുടെ തേങ്ങൽ എത്ര ശ്രമിച്ചിട്ടും മായുന്നില്ല. ഈ ലോകത്ത് ആർക്കും അവളെ ഒന്ന് താങ്ങി നിർത്താൻ ആയില്ലല്ലോ.

ഇവിടെ ഈ നാട്ടിൽ പഠിച്ചു നല്ല ജോലി നേടി ഒരു സ്ത്രീക്ക് അഭിമാനത്തോടെ ജീവിക്കാൻ കഴിയാതായത് എന്ത് കൊണ്ടാണ്? ഏക മകൾ ഇല്ലാതായ എന്റെ നഷ്ടം ആർക്ക് നികത്താനാവും? എന്റെ മകളുടെ മകൾക്കു അവളുടെ കൗമാരത്തിൽ ചേർന്ന് നിൽക്കാൻ, കൂട്ടുകൂടാൻ അമ്മയില്ലാതാക്കിയതിനു ആര് മറുപടി പറയും?

ഈ നീതിന്യായ വ്യവസ്ഥയിൽ എന്റെ ഹൃദയം നുറുങ്ങി ഒഴുകുന്ന രക്തത്തിനു മറുപടിയില്ലേ? അവൾ പറയുന്ന പോലെ ഒരു തെറ്റ് ചെയ്തിട്ടായിരുന്നെങ്കിൽ….ഞാൻ ഇത്രയും തളർന്നു പോകില്ലായിരുന്നു. നീതി നടപ്പാക്കാൻ അവൾ നടത്തിയ പ്രതിരോധങ്ങൾക്കു ഈ സമൂഹം ഒരു വിലയും നൽകുന്നില്ലേ? ഒരു യുവതി മറ്റെല്ലാം മാറ്റിവെച്ച് കഠിനാധ്വാനത്തിലൂടെ, ദൃഢനിശ്ചയത്തിലൂടെ സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാനവിഭാഗത്തിന് നീതി ഉറപ്പാക്കാൻ ആത്മാർത്ഥമായി ശ്രമിക്കുമ്പോൾ അതിനെ ആരും പിന്തുണക്കില്ലേ? സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും കൂടെ ഉണ്ടാവില്ലേ?

എന്ത് കൊണ്ടാണ് എന്റെ മകളെ മരണത്തിലേക്ക് തള്ളിവിട്ട ആളുകൾക്കു നേരെ നടപടി വൈകി വൈകി നീണ്ടു നീണ്ടു പോകുന്നത്? നിക്ഷിപ്തതാല്പര്യക്കാരുടെ സംഘടിതവും ആസൂത്രിതവുമായ ആക്രമണങ്ങൾക്കു മുന്നിൽ നീതിക്കു വേണ്ടി സന്ധിയില്ലാതെ പൊരുതി മരിച്ചതാണ് എന്റെ മകൾ. അവളുടെ മരണത്തിന്റെ കാരണക്കാരെ സംരക്ഷിക്കുന്നത് ഒരു തെറ്റായ സന്ദേശമാണ് നൽകുന്നത്.
നീതി നടപ്പാക്കാനായി പൊരുതി മരിച്ച മകളുടെ അമ്മയുടെ വാക്കുകൾ കേൾക്കാതെ പോകരുതേ….

പ്രസന്ന പി എം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top