‘കഴിവുള്ള കുട്ട്യേ അവരുകൊന്നു’; ജീവനൊടുക്കിയ APP അനീഷ്യക്ക് നീതിക്കായി തെരുവിലിറങ്ങി വൃദ്ധ മാതാപിതാക്കൾ

തിരുവനന്തപുരം: ‘മകളുടെ ചിത്രത്തിൽ നോക്കാൻ കഴിയുന്നില്ല. നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെയാകാൻ കഴിവുള്ള കുട്ടിയെ അവര്‍ ഇഞ്ചിഞ്ചായി നശിപ്പിച്ചതാണ്. മകൾക്ക് നീതി ലഭിക്കണം’. ഇക്കഴിഞ്ഞ ജനുവരി 21ന് കൊല്ലം നെടുങ്ങോലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.അനീഷ്യയുടെ പിതാവിന്റെ വാക്കുകളാണിത്. മകൾക്ക് നീതി കിട്ടാനാണ് വിമുക്ത ഭടനായ കെ.സത്യദേവനും ഭാര്യ പി.എം. പ്രസന്നയും തെരുവിലേക്ക് ഇറങ്ങിയത്. ആൽത്തിയ സ്ത്രീ കൂട്ടായ്മയുടെയും ദേശീയ വിവരാവകാശ കൂട്ടായ്മയുടെയും സഹകരണത്തോടെ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുകയാണ് അനീഷ്യയുടെ മാതാപിതാക്കൾ. പോലീസിൽ നിന്നും നീതി ലഭിക്കുമെന്ന വിശ്വാസം നഷ്ടപ്പെട്ടതോടെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് കുടുംബം ഉന്നയിക്കുന്നത്.

അനീഷ്യ ജീവനൊടുക്കിയിട്ട് ഒന്നര മാസം പിന്നിടുമ്പോഴും അതിനു കാരണക്കാരായവരെ ഒന്നും ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. മരണത്തിന് ഉത്തരവാദികൾ ആരെന്നുള്ള വ്യക്തമായ തെളിവുകൾ ശബ്‌ദസന്ദേശമുൾപ്പെടെ നൽകിയിട്ടും പോലീസ് ഇതുവരെ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്. അനീഷ്യയുടെ ഓഡിയോയിൽ പേരെടുത്ത പറയുന്നവർക്കെതിരെ നടപടിയും എടുത്തിട്ടില്ല. പറയുന്നവിധമുള്ള രാഷ്ട്രീയ സംരക്ഷണമാണ് ഇവർക്ക് ലഭിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. “പോലീസ് പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾക്ക് ഈ അന്വേഷണത്തിൽ വിശ്വാസമില്ല. എല്ലാ തെളിവും കൊടുത്തിട്ടും പോലീസ് ഒന്നും ചെയ്യുന്നില്ല. മകളെ മാനസികമായി ഒരുപാട് വേദനിപ്പിക്കുകയും മറ്റുള്ളവരുടെ മുന്നിൽവച്ച് പരസ്യമായി അപമാനിക്കുകയും ചെയ്തു. അതുകൊണ്ടു മാത്രമാണ് ഇത്രയും കടുത്ത തീരുമാനം മകൾ എടുത്തത്”; സത്യദേവൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ള കൊല്ലം ജില്ലാ പ്രോസിക്യുഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ ജലീൽ, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്യാം കൃഷ്ണൻ എന്നിവരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പക്ഷേ ഇതുവരെ ആത്മഹത്യാപ്രേരണക്കുറ്റം പോലും ഇവർക്കെതിരെ ചുമത്തിയിട്ടില്ല.

“ബാർ അസോസിയേഷനുകൾ പോലും പ്രശ്നത്തിൽ കാര്യമായി ഇടപെടുന്നില്ല. മരണത്തിന് കാരണക്കാരായവർക്ക് പാർട്ടിയുടെ സംരക്ഷണമുണ്ട്. അതുകൊണ്ടാണ് ഇത്രയും നാളായി കുറ്റപത്രം സമർപ്പിക്കാത്തത്”; അനീഷ്യയുടെ സുഹൃത്ത് രശ്മി.എസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. അനീഷ്യയുടെ ഭർത്താവ് അജിത് ജില്ലാ ജഡ്ജിയാണ്. ജുഡീഷ്യറിയുടെ ഭാഗമായവർക്ക് ഇത്തരം അനുഭവം ഉണ്ടാകുമ്പോൾ പിന്നെ സാധാരണ ജനങ്ങൾ എന്ത് ചെയ്യുമെന്നാണ് അനീഷ്യയുടെ കുടുംബവും സുഹൃത്തുക്കളും ചോദിക്കുന്നത്.

Logo
X
Top