എപിപിയെ വളഞ്ഞാക്രമിച്ചു; മരണത്തിന് മുന്‍പ് അനീഷ്യ തകര്‍ന്ന അവസ്ഥയില്‍; അന്വേഷണത്തില്‍ അട്ടിമറി സംശയിക്കുന്നെന്നും സഹോദരന്‍

കൊല്ലം: പരവൂർ മുൻസിഫ്‌ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ മരണത്തില്‍ അമ്മയും സഹോദരനും ഇന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കി. സഹോദരന്‍ എസ്.അനൂപ്‌, അമ്മ പ്രസന്നകുമാരി എന്നിവരാണ് മൊഴി നല്‍കിയത്. ഭര്‍ത്താവ് മാവേലിക്കര സെഷൻസ് കോടതി ജഡ്ജി കെ.എൻ.അജിത്‌ കുമാര്‍ മൊഴി നല്‍കും. എപിപിയുടെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് സംഘം നടപടി തുടങ്ങിയത്. അനീഷ്യയുടെ വാട്സാപ് സന്ദേശവും ഡയറിക്കുറിപ്പും ബന്ധുക്കൾ പോലീസിന് കൈമാറിയിട്ടുണ്ട്.

അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ കടുത്ത അതൃപ്തിയിലാണ് കുടുംബം. അനീഷ്യയുടെ മരണത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് സംശയമുണ്ടെന്ന് സഹോദരന്‍ എസ്.അനൂപ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരുടെ പേരുകള്‍ ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഇവരെ പിന്തുണക്കുന്ന മറ്റ് എപിപിമാരെക്കുറിച്ച് സൂചനയും നല്‍കിയിട്ടുണ്ട്. മാനസികമായി പീഡിപ്പിച്ചവരെക്കുറിച്ചുള്ള വിവരങ്ങളാണ് കുറിപ്പിലുള്ളത്. അനീഷ്യയെക്കാളും ജൂനിയറായ എപിപി, ഡിഡിപിയെ സ്വാധീനിച്ചാണ് നിരന്തരം അവഹേളിച്ചത്. 19 പേജുള്ള ആത്മഹത്യാക്കുറിപ്പാണ് ഉള്ളത്. അനീഷ്യയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണം. ഡിഡിപിയും എപിപിയും പ്രതിപ്പട്ടികയില്‍ വരണം. ഇതാണ് ഞങ്ങളുടെ ആവശ്യം.”

“സഹപ്രവര്‍ത്തകര്‍ കടുത്ത മാനസിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ അനീഷ്യ ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. അമ്മ ഈ കാര്യം എന്നോട് പറഞ്ഞിരുന്നു. സീനിയര്‍ ഓഫീസര്‍ വളഞ്ഞ് നിന്ന് ആക്രമിക്കുന്നു. സഹിക്കാന്‍ പറ്റുന്നില്ല. അനീഷ്യ കരഞ്ഞുകൊണ്ടാണ്‌ വരുന്നത് എന്നാണ് അമ്മ പറഞ്ഞത്. മരണത്തിന് രണ്ട് ദിവസം മുന്‍പ് വീട്ടിലെ മുറിയില്‍ കയറി ഇരിക്കുകയായിരുന്നു. ജിമ്മില്‍ പോവുകയും വളര്‍ത്തുനായയെ കുളിപ്പിക്കുകയൊക്കെ ചെയ്യുന്നത് പതിവ് രീതിയായിരുന്നു. അവസാന ദിവസങ്ങളില്‍ ഇതൊന്നും ചെയ്യാതെയായി. ടെന്‍ഷനടിച്ചാണ് വീട്ടില്‍ പെരുമാറിയത്. അനീഷ്യ ആത്മഹത്യ ചെയ്യുമെന്ന ഒരു വിശ്വാസവുമുണ്ടായിരുന്നില്ല. ആ രീതിയിലുള്ള സ്വഭാവമായിരുന്നില്ല അവളുടേത്”-അനൂപ്‌ പറയുന്നു.

കഴിഞ്ഞ 21നാണ് അനീഷ്യയെ വീട്ടിലെ കുളിമുറിയുടെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും വാട്സാപ് സന്ദേശവും പുറത്തെത്തിയപ്പോഴാണ് മരണം വിവാദമായത്. എപിപിയുടെ മരണത്തില്‍ കൊല്ലം ബാര്‍ അസോസിയേഷന്‍ പ്രക്ഷോഭവുമായി രംഗത്തുണ്ട്. ആത്മഹത്യാ കുറിപ്പില്‍ കുറ്റപ്പെടുത്തിയ ഡിഡിപി, എപിപി എന്നിവരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ബാര്‍ അസോസിയേഷന്‍റെ ആവശ്യം.

കഴിഞ്ഞ ബുധനാഴ്ച കോടതി ബഹിഷ്ക്കരിച്ച് അഭിഭാഷകര്‍ സമരം നടത്തിയിരുന്നു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് പരാതിയും നല്‍കിയിട്ടുണ്ട്. ഡിജിപി പ്രഖ്യാപിച്ച അന്വേഷണവും നടന്നുവരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top