എപിപിയുടെ മരണത്തില്‍ പത്ത് മാസമായിട്ടും കുറ്റപത്രം നല്‍കിയില്ല; പ്രതികള്‍ വീണ്ടും സര്‍വീസിലും; വഴിമുട്ടി അന്വേഷണം

കൊല്ലം പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണം ഇഴയുന്നു. മരണം നടന്ന് പത്ത് മാസം കഴിഞ്ഞിട്ടും ഇതുവരെ കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. എപിപിയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ല.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ കേസുകള്‍ക്ക് എന്ത് സംഭവിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അനീഷ്യ കേസിലെ അന്വേഷണം. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലും ഇതേ കുറ്റത്തിന് സിപിഎം നേതാവ് പി.പി.ദിവ്യ അറസ്റ്റിലായി റിമാന്‍ഡില്‍ തുടരുന്നുണ്ടെങ്കിലും അനീഷ്യ കേസില്‍ സംഭവിച്ചത് എഡിഎമ്മിന്റെ കേസിനും പാഠമാകേണ്ടതാണ്.

19 പേജുള്ള ആത്മഹത്യാക്കുറിപ്പും ആറു ശബ്ദസന്ദേശവും തെളിവായി ഉള്ള അനീഷ്യ കേസിലെ അന്വേഷണമാണ് ഒന്നും എത്താതെ തുടരുന്നത്. കേസിലെ പ്രതികളായ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി.എം.അബ്ദുൾ ജലീലിനെയും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ആര്‍.ശ്യാം കൃഷ്ണയെയും സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും ഇവരെ തിരിച്ചെടുത്തിട്ടുണ്ടെന്ന് അനീഷ്യ ഐക്യദാര്‍ഢ്യസമിതി ചൂണ്ടിക്കാണിക്കുന്നു.

Also Read: എപിപി അനീഷ്യയുടെ അതേ ഗതിയിൽ നവീൻ ബാബു കേസന്വേഷണവും; വേട്ടക്കാർക്ക് സുഖവാസം ഉറപ്പാക്കുന്ന അന്വേഷണ മാതൃക

അനീഷ്യ കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. പ്രതികളായവരുടെ കോള്‍ റെക്കോര്‍ഡ്സ് ശേഖരിക്കുന്നതിന് അന്വേഷണ സംഘം അനുമതി തേടിയെങ്കിലും അതും ലഭിച്ചിട്ടില്ലെന്നാണ് വിവരം. എപിപിയുടെ മരണത്തില്‍ ഡിഡിപി ഷീബ നടത്തിയ വകുപ്പുതല അന്വേഷണത്തിലും കുറ്റക്കാരെ സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചത് എന്ന് അനീഷ്യ ഐക്യദാര്‍ഢ്യസമിതി കുറ്റപ്പെടുത്തിയിരുന്നു,

“കേസ് അനന്തമായി നീണ്ടുപോകുകയാണ്. നിയമസംവിധാനത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെയുള്ള പോരാട്ടമാണ് അനീഷ്യ നടത്തിയത്. എപിപിക്ക് മരണശേഷവും നീതി ലഭിക്കുന്നില്ല. കേസില്‍ ഗൂഢാലോചന കുറ്റം ഇതുവരെ ചുമത്തിയിട്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അനീഷ്യയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാണ് എന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ഇതിന്റെ ബലത്തിലാണ് സിബിഐ അന്വേഷണം തള്ളിപ്പോയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഗതി ഇതാണ്.” – ജസ്റ്റിസ് ഫോര്‍ അനീഷ്യ ഐക്യദാര്‍ഢ്യസമിതിയെ നയിക്കുന്ന പി.ഇ.ഉഷ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

Also Read: എപിപി അനീഷ്യയുടെ ആത്മഹത്യയിൽ പ്രതിക്കെതിരേ മാനനഷ്ടത്തിന് നോട്ടീസ്; ജാമ്യാപേക്ഷയിൽ അപകീർത്തികരമായ പരാമർശം; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം

സഹപ്രവര്‍ത്തകരില്‍ നിന്നും കടുത്ത മാനസിക പീഡനം അനുഭവിച്ചതിനെ തുടര്‍ന്നാണ് അനീഷ്യ ആത്മഹത്യ ചെയ്യുന്നത്. ഔദ്യോഗിക യോഗത്തില്‍ ഡിഡിപി കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കി അവഹേളിച്ചത് അനീഷ്യയെ ഉലച്ചിരുന്നു. ചികിത്സയ്ക്കായി ആശുപത്രിയിൽ പോകാന്‍ അനുമതി തേടിയപ്പോള്‍ അവധി നിഷേധിച്ചിരുന്നു. ഇത് അടക്കം സഹപ്രവര്‍ത്തകരില്‍ നിന്നും നിരന്തരം നേരിട്ട പീഡനങ്ങളാണ് എപിപിയുടെ മരണത്തില്‍ കലാശിച്ചത്.

മാവേലിക്കരയിൽ ജില്ലാ സെഷൻസ് ജഡ്ജിയായിരുന്ന കെഎൻ.അജിത് കുമാറിൻ്റെ ഭാര്യയായ അനീഷ്യയെ ജനുവരി 21നാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്തിന് ആത്മഹത്യ ചെയ്യുന്നു എന്ന് ആത്മഹത്യാക്കുറിപ്പിലും ശബ്ദസന്ദേശത്തിലും അനീഷ്യ വ്യക്തമാക്കിയിരുന്നു. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് ആണ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയത്. കേസ് അന്വേഷണത്തിനെതിരെ വീണ്ടും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top