എംപുരാൻ വിവാദത്തിൽ നട്ടെല്ല് പണയം വയ്ക്കാത്ത മുരളി ഗോപിയുടെ രാഷ്ട്രീയം… സിനിമാക്കാരിലെ ജേർണലിസ്റ്റ്

‘എൻ്റെ അച്ഛൻ ബിജെപിയിൽ അംഗത്വം എടുത്തിരുന്നു, അത് അദ്ദേഹത്തിൻ്റെ തീരുമാനം. ഞാനതിനെ മാനിക്കുന്നു. പക്ഷേ എനിക്ക് അതിനോട് യോജിപ്പില്ല. ഞാൻ വലതുപക്ഷ വിരുദ്ധ നിലപാടുള്ള വ്യക്തിയാണ്’ -ലേശം പോലും സംശയത്തിനിട നൽകാതെ തൻ്റെ രാഷ്ടീയ നിലപാടുകൾ പറയാൻ ആർജവമുള്ള നടനും തിരക്കഥാകൃത്തുമാണ് മുരളി ഗോപി. രണ്ടുവർഷം മുമ്പ് ‘ന്യൂ ഇന്ത്യൻ എക്സ്പ്രസി’ന് നൽകിയ അഭിമുഖത്തിലാണ് താൻ വലതുപക്ഷ രാഷ്ട്രീയത്തിന് എതിരാണെന്ന് മുരളി ഗോപി തുറന്നുപറഞ്ഞത്.
മലയാളത്തിലെ എക്കാലത്തേയും മികച്ച നടൻ, ഭരത് അവാർഡ് ജേതാവ് ഗോപിയുടെ മകനാണ് മുരളി ഗോപി. മോഹൻലാലും പൃഥ്വിരാജും അടക്കം എംപുരാൻ സിനിമയുടെ അണിയറ ശില്പികൾ ഒന്നടങ്കം മാപ്പുപറഞ്ഞ് സംഘപരിവാർ ശക്തികൾക്ക് മുന്നിൽ കീഴടങ്ങിയിട്ടും താൻ എഴുതിയുണ്ടാക്കിയ സിനിമയുടെ കാര്യത്തിൽ ഒരു ഖേദവും മാപ്പും ഇല്ലാതെ തല ഉയർത്തി നിൽക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി. സംഘപരിവാർ സംഘടനകളും അനുയായികളും സോഷ്യൽ മീഡിയയിൽ ഉറഞ്ഞുതുള്ളി മോഹൻലാലിനെ കൊണ്ട് മാപ്പ്പറയിച്ചിട്ടും കുലുക്കമില്ലാതെ തുടരുകയാണ് ജേർണലിസ്റ്റ് കൂടിയായ മുരളി.
സാമൂഹ്യ രാഷ്ടീയ വിഷയങ്ങൾ സിനിമയിലൂടെ ചർച്ച ചെയ്യണമെന്ന അഭിപ്രായക്കാരനാണ് ഇദ്ദേഹം. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ദ ഹിന്ദു എന്നീ പത്രങ്ങളിൽ ജേർണലിസ്റ്റായി ജോലി ചെയ്ത ശേഷമാണ് മുരളി മുഴുവൻ സമയ സിനിമാ പ്രവർത്തകനായത്. അച്ഛൻ്റെ പാതയായ അഭിനയത്തിന് പുറമെ തിരക്കഥയിലും ആദ്യംതന്നെ കൈവച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ സിനിമയുടെ തിരക്കഥ എഴുതി അതിലൊരു പ്രധാന വേഷവും ചെയ്തു. മുരളി ഗോപി തിരക്കഥ എഴുതിയ ആദ്യ ചിത്രമായിരുന്നു രസികൻ. ഈയടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാരസംഭവം, ലൂസിഫർ, തീർപ്പ് എന്നീ സിനിമകൾക്കും തിരക്കഥയെഴുതി.
ഇടത് -വലത് രാഷ്ട്രീയങ്ങളിലെ പൊള്ളത്തരങ്ങളും നിലപാടില്ലായ്മകളും തുറന്ന് കാണിക്കാൻ മുരളി ഗോപി ഒട്ടും ഭയപ്പെട്ടില്ല. കേരളത്തിലെ ഏറ്റവും പ്രബല രാഷ്ട്രീയപാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ കീറിമുറിക്കും വിധം സമാനതയുള്ള കഥാപാത്രത്തെ വില്ലൻ പരിവേഷത്തിൽ സൃഷ്ടിച്ചാണ് 2013ൽ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ എഴുതിയത്. ഇന്നിപ്പോൾ എംപുരാൻ സിനിമ തീയറ്ററിൽ പോയികണ്ട് ഐകദാർഡ്യം പ്രകടിപ്പിക്കുന്ന പിണറായി വിജയൻ്റെ പാർട്ടിക്കാർ ഉണ്ടാക്കിയ പ്രതിസന്ധി അതിജീവിക്കാനാകാതെ ആ സിനിമ അകാലമൃത്യു വരിച്ചു. ഇന്നിപ്പോൾ വലതു രാഷ്ട്രിയത്തിനെതിരെ നിലപാട് എടുത്തപ്പോഴും വില്ലനെ ചൊല്ലിയും അയാളുടെ പേരിനെച്ചൊല്ലിയും ഒക്കെയാണ് പരാതികൾ.
എംപുരാന് വേണ്ടി സൃഷ്ടിച്ച കഥാപരിസരങ്ങളെയും കഥാപാത്രങ്ങളെയും തള്ളാനോ, ഇത്രയേറെ സമ്മർദമുണ്ടായിട്ടും ഖേദം പറയാനോ തയ്യാറാകാത്ത മുരളിയുടെ നിലപാടിനെ മലയാളികൾ എത്ര ഏറ്റെടുക്കുന്നു എന്നതിൻ്റെ ഏകദേശചിത്രം ഇന്നിപ്പോൾ അയാളുടെ സോഷ്യൽ മീഡിയ പേജിൽ പോയാൽ കിട്ടും. ഇന്നുച്ചയോടെ ഈദ് ആശംസിച്ച് മുരളിയിട്ട പോസ്റ്റിന് വരുന്ന കമൻ്റുകളെല്ലാം അയാൾക്കുള്ള ഐകദാർഢ്യം ആണ്. സെൻസറിങ്ങിന് ശേഷം സിനിമ റീഎഡിറ്റ് ചെയ്ത് നിർണായക ഭാഗങ്ങളെല്ലാം നീക്കാൻ തീരുമാനിച്ചിട്ടും, വീഴ്ച പറ്റിയെന്ന് പ്രധാനതാരം ഏറ്റുപറഞ്ഞിട്ടും ഇതെല്ലാം ആധികാരികമായി പറയേണ്ട സംവിധായകന് മിണ്ടാനാകാതെ തുടരുമ്പോൾ, സ്വാഭാവികമായും തിരക്കഥാകൃത്ത് താരമാകുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here