ഐഫോണ്‍ നന്നാക്കാനുള്ള ചിലവ് കുറയും; അറ്റകുറ്റപ്പണികള്‍ക്ക് പഴയ മോഡലുകളുടെ ഭാഗങ്ങൾ ഉപയോഗിക്കാമെന്ന് ആപ്പിള്‍
കാര്യം കയ്യില്‍ ഐഫോണ്‍ ഒക്കെ ആണ്, അല്പം ഗമയൊക്കെ ആകാം എന്നാണെങ്കിലും ഫോണ്‍ കയ്യില്‍ നിന്നും താഴെ വീണാല്‍ നെഞ്ച് പൊള്ളുന്ന വേദനയാണെന്നതാണ് സത്യം. ഫോണിന്‍റെ വിലപോലെ തന്നെ ചിലവേറും അത് നന്നാക്കാനും. എന്നാല്‍ ഇപ്പോള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍.
ഐഫോണുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പഴയ ഐഫോണുകളുടെ ഭാഗങ്ങള്‍ പുനരുപയോഗിക്കാം. ഇതിനായി ഐഫോണ്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ തന്നെ ആശ്രയിക്കാതെ സ്വതന്ത്ര ഫോണ്‍ റിപ്പയര്‍ കടകളെയും സമീപിക്കാം. അങ്ങനെ തകരാര്‍ സംഭവിച്ച ഐഫോണ്‍ വളരെ കുറഞ്ഞ ചിലവില്‍ ശരിയാക്കാം. ഇതുവഴി ഐഫോണുകൾ കൂടുതൽ കാലം നിലനിര്‍ത്താനും പരിസ്ഥിതിക്ക് ഇണങ്ങിയതാകാനും മികച്ചതാക്കാനും സാധിക്കും. എന്നാല്‍ ഈ സൗകര്യം തൽക്കാലം ഐഫോൺ 15 മോഡലുകൾ തുടങ്ങിയാണ് ലഭ്യമാക്കുന്നത്.
ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാനപ്രശ്നം അതിന്‍റെ ബാറ്ററി ഹെല്‍ത്ത് ആണ്. വളരെ പെട്ടെന്ന് തന്നെ ചാര്‍ജ് തീരുകയും മാസങ്ങള്‍ക്കകം ബാറ്ററി ഹെല്‍ത്ത് പൂര്‍ണ്ണമായി നശിച്ച അവസ്ഥയിലേക്കും എത്തുമെന്നതിനാല്‍ പലരും പുതിയ ഐഫോണ്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്. ഇതിനെല്ലാമുള്ള പോംവഴിയായാണ് ആപ്പിളിന്റെ പുതിയ തീരുമാനം. മറ്റ് ഐഫോണുകളില്‍ നിന്നെടുത്ത പഴയ ബാറ്ററികള്‍, സ്ക്രീനുകള്‍, ക്യാമറകള്‍ എന്നിവ പുതിയ മോഡലില്‍ പുതിയ ഭാഗങ്ങൾ പോലെ തന്നെ പ്രവർത്തിക്കും. ഭാവിയിൽ, പുതിയ ഐഫോണുകളിൽ പഴയ ഫെയ്സ് ഐഡി, ടച്ച് ഐഡി സെൻസറുകൾ ഉപയോഗിക്കാനും സാധിക്കും.
അറ്റകുറ്റപ്പണികൾ എളുപ്പമാക്കുന്നതിന് ആപ്പിൾ ഉപയോക്താക്കൾക്കും സേവന ദാതാക്കൾക്കും അതിൻ്റെ സെൽഫ് സർവീസ് റിപ്പയർ സ്റ്റോറിൽ നിന്ന് ഭാഗങ്ങൾ ഓർഡർ ചെയ്യാനുള്ള സൗകര്യങ്ങളും ലഭ്യമാക്കും. അതേസമയം ലോജിക് ബോർഡ് മാറ്റിസ്ഥാപിക്കൽ ഒഴികെയുള്ള അറ്റകുറ്റപ്പണികൾക്കും ഉപകരണത്തിൻ്റെ സീരിയൽ നമ്പർ നൽകേണ്ടതില്ല. ഫോണില്‍ ഒരു പുതിയ ഭാഗം ഇട്ടതിനു ശേഷം, ശരിയായി പ്രവർത്തിക്കാൻ ഐഫോണ്‍ തന്നെ അത് സജ്ജീകരിക്കും.
അറ്റകുറ്റപ്പണികള്‍ക്കായി ഉപയോഗിക്കുന്ന ഭാഗങ്ങള്‍ മോഷ്ടിക്കപ്പെട്ട ഐഫോണില്‍ നിന്നുള്ളത് ആണോ എന്ന് ഉറപ്പാക്കാനും കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനാണ് ആക്ടിവേഷൻ ലോക്ക് ഫീച്ചര്‍. നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌തതായി റിപ്പോർട്ടുചെയ്‌ത ഐഫോണിൽ നിന്നുള്ള ഭാഗമാണ് എടുത്തതെങ്കിൽ, അറ്റകുറ്റപ്പണി സമയത്ത് മറ്റൊരു ഐഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആ ഭാഗം ശരിയായി പ്രവർത്തിക്കുകയില്ല.
മാത്രമല്ല, ഈ വര്‍ഷം അവസാനത്തോടെ ഐഫോണിന്‍റെ സെറ്റിംഗ്സില്‍, ഫോണില്‍ ഏതൊക്കെ പാര്‍ട്സുകള്‍ ഉണ്ടെന്നും അവ പുതിയതാണോ, ഉപയോഗിച്ച യഥാർത്ഥ ആപ്പിളിൻ്റെ ഭാഗമാണോ എന്ന് തിരിച്ചറിയാന്‍ തക്ക സെക്ഷനുകളും കൊണ്ടുവരും.