ഇഡിക്ക് വഴങ്ങാത്ത ആപ്പിള്‍; സുരക്ഷാ ഏജന്‍സികള്‍ക്കും തുറക്കാന്‍ കഴിയാത്ത മണിച്ചിത്രത്താഴിട്ട് പൂട്ടിയ ഐഫോണിന്റെ പ്രൈവസി പോളിസി പുതിയതല്ല
ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന സുരക്ഷാ നയങ്ങളില്‍ ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ സുരക്ഷാ ഏജന്‍സികളോട് പോലും മല്ലിട്ട കമ്പനിയാണ് ആപ്പിള്‍. 2015ല്‍ കാലിഫോര്‍ണിയയിലെ വെടിവെപ്പ് കേസില്‍ അക്രമികളായ ദമ്പതികള്‍ ഉപയോഗിച്ച ഐഫോണ്‍ 5സി അണ്‍ലോക്ക് ചെയ്യാന്‍ യുഎസ് അന്വേഷണ എജന്‍സിയായ എഫ്ബിഐ ആപ്പിളിനെ സമീപിച്ചിരുന്നു. ഉപയോക്താവിന്‍റെ സമ്മതം കൂടാതെ ഫോണിലെ ഒരു വിവരവും ചോര്‍ത്താന്‍ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ആപ്പിളും യുഎസ് സര്‍ക്കാരും ശീതയുദ്ധത്തിലേക്ക് നീങ്ങിയിരുന്നു. അന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടിയാണെങ്കിലും ഇതുവരെ ആർക്കും ഐഫോണ്‍ അണ്‍ലോക്ക് ചെയ്ത് നല്‍കിയിട്ടില്ല. ആളുകള്‍ ഇക്കാലത്ത് പലതരം സ്വകാര്യ വിവരങ്ങള്‍ ഫോണില്‍ സൂക്ഷിക്കുന്നതിനാല്‍ ഉപയോക്താക്കളുടെ സ്വകാര്യത മാനിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നയത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതെന്ന് ആപ്പിള്‍ അന്നേ ശക്തമായ നിലപാടെടുത്തു.
ഇതേ നിലപാടാണ് ഇപ്പോൾ അരവിന്ദ് കേജ്‌രിവാൾ പ്രതിയായ ഇഡി കേസിലും ആപ്പിൾ സ്വീകരിച്ചിരിക്കുന്നത്. കേജ്‌രിവാളിനെതിരെ ഇതുവരെ യാതൊരു ഇലക്ട്രോണിക് തെളിവും കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കേജ്‌രിവാളിന്റെ ആപ്പിള്‍ ഐഫോണ്‍ തുറക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ പാസ്‌കോഡ് നല്‍കാന്‍ കേജ്‌രിവാള്‍ വിസമ്മതിച്ചതോടെ അന്വേഷണസംഘം ഐഫോണ്‍ കമ്പനിയായ ആപ്പിളിനെ അനൗപചാരികമായി സമീപിക്കുകയായിരുന്നു. ഉടമയുടെ അനുവാദമില്ലാതെ ഫോണ്‍ അണ്‍ലോക്ക് ചെയ്യില്ലെന്നും വിവരങ്ങള്‍ ചോര്‍ത്തി നൽകില്ലെന്നും ആപ്പിൾ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഇനി ഒരുപക്ഷെ അന്വേഷണ ഏജൻസിയെന്ന നിലയിൽ ഔദ്യോഗികമായി തന്നെ ഇഡി ആവശ്യപ്പെട്ടാലും പ്രതികരണം മറ്റൊന്നാകാൻ സാധ്യതയില്ല.
അമേരിക്കയിലെ കേസിലാകട്ടെ പിന്നീട് ഓസ്‌ട്രേലിയന്‍ കമ്പനിയുടെ സഹായത്തോടെയാണ് എഫ്ബിഐ അക്രമികളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്തത്. ഇതിൻ്റെ പേരിൽ ഓസ്‌ട്രേലിയന്‍ കമ്പനിക്കെതിരെ ആപ്പിള്‍ കോടതിയെ സമീപിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഐഒഎസ് 8ന് ശേഷമുള്ള വേര്‍ഷനുകളിലെ ഡാറ്റ ചോര്‍ത്താൻ കമ്പനിക്കും സാധ്യമല്ല എന്നാണ് ആപ്പിള്‍ പറയുന്നത്. ശക്തമായ സൈബര്‍ ആക്രമണങ്ങളെ നേരിടാനാണ് ആപ്പിള്‍ ഐഫോണുകളില്‍ ഇത്തരം പ്രതിരോധ സംവിധാനം ഉപയോഗിക്കുന്നത്.
ഈയളവിൽ ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനാലാണ് ആപ്പിള്‍ എന്ന ബ്രാന്‍ഡ് വിശ്വസ്യതയുടെ പര്യായമായി മാറുന്നത്. ഈ വിശ്വാസ്യത തന്നെയാണ് ഐഫോണിൻ്റെ മുഖമുദ്ര എന്ന് പറഞ്ഞാലും തെറ്റില്ല. ആന്‍ഡ്രോയിഡ് ഫോണുകളെ അപേക്ഷിച്ച് ഐഫോണില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ കൈയ്യടക്കാന്‍ തേര്‍ഡ് പാര്‍ട്ടികള്‍ക്ക് ഒട്ടും എളുപ്പമല്ല. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന് വളരെയധികം പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍, വാഗ്ദാനം ചെയ്യുന്ന പ്രൈവസി പോളിസിയില്‍ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് മുൻപേ പരാമർശിച്ച കേസുകളിലൂടെയും മറ്റും വ്യക്തമാകുന്നത്.
2020ല്‍ പെന്‍സകോള നേവല്‍ എയര്‍ സ്റ്റേഷനില്‍ മൂന്ന് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കേസില്‍ സൗദി എയര്‍ഫോഴ്സിലെ ലെഫ്റ്റനന്റായ മുഹമ്മദ് സയീദ് അല്‍ഷമ്രാനിയുടെ ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ എഫ്ബിഐ ആവശ്യപ്പെട്ടെങ്കിലും അതും ആപ്പിള്‍ നിരാകരിച്ചു. ഉപയോക്താവിൻ്റെ സ്വകാര്യത തന്നെയായിരുന്നു ഇവിടെയും കാരണം പറഞ്ഞത്. ഇതും വിവാദമായിരുന്നു. ഐഫോണ്‍ അണ്‍ലോക്ക് ചെയ്തില്ലെങ്കിലും അല്‍ഷമ്രാനിയുമായി ബന്ധപ്പെട്ട ഐക്ലൗഡ് ബാക്കപ്പുകള്‍, അക്കൗണ്ട് വിവരങ്ങള്‍ എന്നിവ നല്‍കാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായി.
ഐഫോണുകളുകളുടെ ആക്‌സസ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇങ്ങനെ പല രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ പലവട്ടം ആപ്പിളിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം സൗകര്യങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് സഹായകരമാകുമെങ്കിലും സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുമെന്നാണ് ആപ്പിളിന്റെ എക്കാലത്തെയും നിലപാട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here