‘കെഎസ്ഇബിയുടെ ഇരുട്ടടി ഉടൻ’; നിരക്ക് വീണ്ടും കൂട്ടണമെന്ന് റെഗുലേറ്ററി കമ്മിഷന് അപേക്ഷ

വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. യൂണിറ്റിന് 34 പൈസ കൂട്ടണമെന്നാണ് ആവശ്യം.
2022 ജൂണിലും 2023 നവംബറിലും കേരളത്തിൽ നിരക്ക് കൂട്ടിയിരുന്നു. യൂണിറ്റിന് 20 പൈസയായിരുന്നു ഒടുവിൽ വർധിപ്പിച്ചത്. എല്ലാ വർഷവും നിരക്ക് വർധിപ്പിക്കുമെന്ന് കഴിഞ്ഞ തവണ നിരക്ക് കൂട്ടിയപ്പോൾ മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു. ഈ വർഷം ജൂലായ്1 മുതൽ 2027 മാർച്ച് വരെ എല്ലാ വർഷവും നിരക്ക് വർധിപ്പിക്കണമെന്നാണ് വൈദ്യുതി ബോർഡ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

പൊതുവായുള്ള നിരക്ക് വർധനയ്ക്ക് പുറമേ വൈദ്യതി ഉപയോഗം കൂടുന്ന ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ അധികമായി പത്ത് പൈസ ഈടാക്കണം. പ്രതിമാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന വീട്ടുകാർക്കും ചെറുകിട വ്യവസായങ്ങൾക്കും പകലും രാത്രിയിലും വ്യത്യസ്ത നിരക്കുകൾ നടപ്പാക്കണം. 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവരെ ടൈം ഓഫ് ദ ഡേ താരിഫിൽ ഉൾപ്പെടുത്തണം. ഇവർക്ക് രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ 10 ശതമാനം ഇളവും ആറു മുതൽ 11 മണി വരെ 5 ശതമാനം വർധനവും ഏർപ്പെടുത്തണം.

11 മണിക്ക് ശേഷം നിരക്ക് പത്ത് ശതമാനം കൂട്ടണം. മറ്റ് ഉപഭോക്താക്കൾ 250 യൂണിറ്റിൽ അധികം വെദ്യുതി ഉപയോഗിച്ചാൽ വൈകുന്നേരം 25 ശതമാമാനം കൂടുതൽ നിരക്ക് ഈടാക്കണമെന്നുമാണ് കെഎസ്ഇബിയുടെ ആവശ്യം. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകുമെന്നുമാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ മാറ്റം വരുത്താൻ ആലോചന നടത്തുന്നതായി മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചിരുന്നു.

നിലവിലെ വൈദ്യുതി നിരക്ക്

പ്രതിമാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജുൾപ്പെടെ യൂണിറ്റിന് 1.50രൂപയാണ് നിരക്ക്. പ്രതിമാസ ഉപയോഗം 40 യൂണിറ്റിന് താഴെയുള്ള ബിപിഎല്ലുകാർക്ക് ഫിക്സഡ് ചാർജില്ല.

50 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ ഫിക്സഡ് ചാർജ് ഉൾപ്പെടെ യൂണിറ്റിന് 3.25രൂപയാണ് നൽകുന്നത്. 40 രൂപയാണ് സിംഗിൾഫേസ് ഉപഭോക്താക്കൾ പ്രതിമാസം ഫിക്സഡ് ചാർജായി നല്‍കുന്നത്. ത്രീഫേസ് ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് 100രൂപ.

51 യൂണിറ്റ് മുതൽ 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 4.05 രൂപ നൽകണം. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 65. ത്രീഫേസ് ഫിക്സഡ് ചാർജ് 140 രൂപ .

101 യൂണിറ്റു മുതൽ 150 യൂണിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 5.10രൂപയാണ് നിരക്ക്. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 85. ത്രീഫേസ് ഫിക്സഡ് ചാർജ് 170രൂപ.


151 മുതൽ 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർ യൂണിറ്റിന് 6.95 രൂപ നൽകണം. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 120രൂപ. ത്രീഫേസ് ഫിക്സഡ് ചാർജ് 180രൂപ.

200 യൂണിറ്റു മുതൽ 250 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 8.20 രൂപയാണ് നിരക്ക്. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 130. ത്രീഫേസ് ഫിക്സഡ് ചാർജ് 200രൂപ.

മുന്നൂറ് യൂണിറ്റ് കഴിഞ്ഞാൽ ഓരോ യൂണിറ്റിനും ഒറ്റ നിരക്കാണ് (നോണ്‍ ടെലസ്കോപ്പിക്). 0–300 യൂണിറ്റിന് 6.40രൂപ. 0–350 യൂണിറ്റുവരെ 7.25രൂപ. 0–400 യൂണിറ്റുവരെ 7.60രൂപ. 0–500 യൂണിറ്റുവരെ ഓരോ യൂണിറ്റിനും 7.90 രൂപ. 500 യൂണിറ്റിനു മുകളിൽ ഓരോ യൂണിറ്റിനും 8.80രൂപ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top