തൊണ്ടിമുതൽ കേസിൽ വൻ ട്വിസ്റ്റ്; പ്രോസിക്യൂഷൻ്റെ പ്രധാന സാക്ഷിയെ പ്രതിയാക്കണമെന്ന് ആവശ്യം; കോടതിക്ക് അപേക്ഷ നൽകി ഒന്നാം പ്രതി

തൊണ്ടിമുതൽ തിരിമറിക്കേസ് എന്ന പേരിൽ കുപ്രസിദ്ധമായ, തൊണ്ടിയായ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കി ലഹരിക്കടത്ത് പ്രതിയായ വിദേശിയെ രക്ഷപ്പെടുത്തിയതിൻ്റെ മുപ്പത്തിയഞ്ചാം വർഷത്തിലാണ് ഇക്കഴിഞ്ഞ ജനുവരിയിൽ വിചാരണ തുടങ്ങിയത്. മുൻമന്ത്രി ആൻ്റണി രാജു പ്രതിയായ കേസിൽ കോടതിയുടെ അടക്കം ഭാഗത്ത് നിന്നുണ്ടായ പിഴവുകൾ കാരണം വിചാരണയില്ലാതെ മുങ്ങിപ്പോയ കേസിൽ ഇക്കഴിഞ്ഞ നവമ്പറിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ ഉത്തരവോടെ ആണ് വിചാരണ തുടങ്ങാൻ വഴിയൊരുങ്ങിയത്. ഇങ്ങനെ ആരംഭിച്ച വിചാരണ ഏതാണ്ട് പാതിവഴിയെത്തി നിൽക്കുമ്പോഴാണ് പ്രതിഭാഗത്തിൻ്റെ പുതിയ നീക്കം.

നിലവിൽ കേസിൽ ഒന്നാം പ്രതിയായ മുൻ കോടതി ജീവനക്കാരൻ കെ എസ് ജോസ് ജോലിചെയ്ത കോടതിയിൽ ജൂനിയർ സൂപ്രണ്ട് ആയിരുന്ന ഉണ്ണികൃഷ്ണനെ പ്രതിയാക്കി ചേർക്കണം എന്നാണ് ആവശ്യം. “തിരിമറിക്ക് വിധേയമായ അണ്ടർവെയർ കോടതിയുടെ ചെസ്റ്റിൽ സൂക്ഷിച്ചിരുന്നു എന്നാണ് തൊണ്ടി രജിസ്റ്ററിൽ പറയുന്നത്. ഈ ചെസ്റ്റിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ ഉത്തരവാദിത്തം ജൂനിയർ സൂപ്രണ്ടി(ജെ എസ്)നാണ് . ഈ ജെ എസ് അറിയാതെ തൊണ്ടി സെക്ഷൻ ക്ലാർക്ക് ആയിരുന്ന ഒന്നാം പ്രതിക്ക് അത് തുറക്കാൻ കഴിയില്ല. ഇത് കണക്കിലെടുത്താൽ തൊണ്ടി തിരിമറിയുടെ ഉത്തരവാദി ജെ എസ് ആയിരുന്ന ഉണ്ണികൃഷ്ണന് ആണെന്ന് വ്യക്തമാകും” – ഭാരതീയ ന്യായ് സംഹിത വകുപ്പ് 358 പ്രകാരം ഒന്നാം പ്രതി ജോസ് സമർപ്പിച്ചിരിക്കുന്ന അപേക്ഷയിലെ പ്രധാന വാദം ഇങ്ങനെ.

എന്നാൽ വിലപിടിപ്പുള്ള (Valuables) വസ്തുക്കൾ മാത്രമാണ് ചെസ്‌റ്റിൽ സൂക്ഷിക്കുകയെന്നും പ്രതിയുടെ അടിവസ്ത്രം, അത് തൊണ്ടി വസ്തുവായാലും ചെസ്റ്റിൽ സൂക്ഷിക്കേണ്ട കാര്യമില്ല എന്നും ക്രോസ് വിസ്താരത്തിൽ ഉണ്ണികൃഷ്ണൻ മറുപടി നൽകി. ചെസ്റ്റ് എന്ന് തൊണ്ടി രജിസ്റ്ററിൽ എഴുതിയിരിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ, അതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, കയ്യക്ഷരം ഒന്നാം പ്രതിയും തൻ്റെ സഹപ്രവർത്തകനും ആയിരുന്ന ജോസിൻ്റെ ആണെന്നും മറുപടി നൽകി. എന്നാൽ വിലപിടിപ്പില്ലാത്ത (Non valuable) ഇനത്തിൽപ്പെട്ട അടിവസ്ത്രം തൻ്റെ അറിവിൽ ചെസ്റ്റിൽ വച്ചിട്ടില്ല എന്നും ഉണ്ണികൃഷ്ണൻ വിശദീകരിച്ചു.

Also Read: 34 വർഷം പുറത്ത് വരാത്ത സത്യം: തൊണ്ടി തിരിമറി കോടതി മുൻപേ അറിഞ്ഞു!! മജിസ്ട്രേറ്റിൻ്റെ മൊഴി മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു

1990 ഡിസംബർ അഞ്ചിന് ലഹരിക്കടത്ത് പ്രതിയായിരുന്ന വിദേശിയുടെ വക്കാലത്ത് എടുത്ത വക്കീൽ ആൻ്റണി രാജു, കോടതി ഓഫീസിലെത്തി തൊണ്ടി ക്ലാർക്ക് ജോസിനെ എന്തോ ഒരു പൊതി ഏൽപ്പിക്കുന്നത് കണ്ടുവെന്നും ഉണ്ണിക്കൃഷ്ണൻ കോടതിയിൽ വെളിപ്പെടുത്തി. എന്നാൽ തൊണ്ടിയായ അടിവസ്ത്രം എടുത്ത് കൊണ്ടുപോയ ശേഷം തിരിച്ച് ഏൽപ്പിക്കുന്നത് ആണ് അതെന്ന് അപ്പോൾ തനിക്ക് അറിയില്ലായിരുന്നു. എപ്പോഴാണ് അതറിഞ്ഞത് എന്ന പ്രതിഭാഗത്തിൻ്റെ ചോദ്യത്തിന്, തൊണ്ടി തിരിമറിയെക്കുറിച്ച് ഹൈക്കോടതി വിജിലൻസിൻ്റെ അന്വേഷണം വന്നപ്പോഴാണ് അറിഞ്ഞതെന്ന് ഉണ്ണികൃഷ്ണൻ മറുപടി നൽകി.

Also Read: മാധ്യമ സിന്‍ഡിക്കറ്റിന്റെ പിറവിക്ക് കാരണമായ തൊണ്ടിമുതല്‍ കേസ്; മുഖ്യധാര മാധ്യമം ആന്റണി രാജുവിനെ സംരക്ഷിച്ചപ്പോള്‍ പോരാട്ടം എത്തിനിന്നത് ഇവിടെ

എന്നാൽ ഇത് കളവ് ആണെന്നും ഒന്നാം പ്രതി ജോസിൻ്റെ അഭിഭാഷകൻ വാദിച്ചു. ഹൈക്കോടതി വിജിലൻസിൻ്റെ അന്വേഷണത്തിലോ മറ്റൊരു അന്വേഷണത്തിലോ ഉണ്ണികൃഷ്ണൻ അത്തരം ഒരു മൊഴിയും കൊടുത്തിട്ടില്ല. അങ്ങനെ കണ്ടെങ്കിൽ അപ്പോൾ മജിസ്ട്രേറ്റിനെ അറിയിച്ച് നടപടി എടുപ്പിക്കണമായിരുന്നു എന്നും, ഇപ്പോഴിത് പറയുന്നത് ഒന്നാം പ്രതിയെ കുടുക്കാൻ മാത്രം ഉദ്ദേശിച്ചാണ് എന്നും പ്രതിഭാഗം വാദിച്ചു.

Also Read: പെൻഷനില്ല, കുടുംബമില്ല… ആൻ്റണി രാജു മന്ത്രിയായപ്പോൾ കൂട്ടുപ്രതിയുടെ അവസ്ഥ ഇങ്ങനെ!! തൊണ്ടി തിരിമറിക്കേസിൻ്റെ ബാക്കിപത്രം

ജൂനിയർ സൂപ്രണ്ട് ആയി ഉണ്ണികൃഷ്ണൻ കോടതിയിൽ ജോലിക്ക് ചേർന്ന തീയതിയെ ചൊല്ലിയും പ്രതിഭാഗം ആരോപണം ഉന്നയിച്ചു. രേഖകളിൽ ഉള്ളതിൽ നിന്ന് മാറ്റിയാണ് സാക്ഷി ഇക്കാര്യത്തിൽ മൊഴി നൽകുന്നത്. തൊണ്ടി തിരിമറിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാൻ ആണിതെന്നും, കുറ്റകൃത്യം മൂടിവയ്ക്കാനുള്ള ബോധപൂർവമായ ശ്രമത്തിൻ്റെ ഭാഗമാണെന്നും ഒന്നാം പ്രതിയുടെ അഭിഭാഷകൻ കോവളം ബി അജിത് കുമാർ വാദിച്ചു. തുടർന്നാണ് സാക്ഷിയായ ഉണ്ണികൃഷ്ണനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിനായി ഉടനടി അപേക്ഷ സമർപ്പിക്കുന്നു എന്നും അറിയിക്കുകയായിരുന്നു.

Also Read: തൊണ്ടിമുതൽ കേസിലെ ദൈവത്തിൻ്റെ കൈ ഓസ്ട്രേലിയൻ ജയിലിൽ നിന്ന്; ഇൻ്റർപോൾ രഹസ്യവിവരം എത്തിച്ചിട്ടും കേരള പോലീസ് കുഴിച്ചുമൂടിയ കഥ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച ലഹരിയുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായത് 1989 ഏപ്രിൽ 4നായിരുന്നു. വിചാരണയിൽ പ്രതി ശിക്ഷിക്കപ്പെട്ടെങ്കിലും അപ്പീൽ കേട്ട ഹൈക്കോടതി വെറുതെവിട്ടു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം നടന്നുവെന്ന് കണ്ടെത്തി പ്രതിയുടെ വക്കീലായിരുന്നു ആൻ്റണി രാജുവും കോടതിയിലെ തൊണ്ടിസെക്ഷൻ ക്ലാർക്കും പ്രതികളായത്. കുറ്റകൃത്യം നടന്ന് 16 വർഷത്തിന് ശേഷം, 2006ൽ ഇവർക്കെതിരെ പോലീസ് നൽകിയ കുറ്റപത്രം 2014 വരെ വിചാരണയില്ലാതെ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലും പിന്നീട് 2022 വരെ നെടുമങ്ങാട് കോടതിയിലും കെട്ടിക്കിടന്നു. 2022 ജൂലൈയിൽ ഈ അട്ടിമറി നീക്കം വാർത്തയായതോടെ കേസിന് ജീവൻ വച്ചത്.

Also Read: തൊണ്ടിമുതലും മനോരമയും!! ആൻ്റണി രാജുവിൻ്റെ കേസ് രേഖകൾ വാർത്തയാക്കാതെ ഫെയ്സ്ബുക്കിൽ ഇട്ടതെന്ത്? വെളിപ്പെടുത്തൽ ഇതാദ്യമായി

എന്നാൽ ഇതോടെ കേസ് റദ്ദാക്കണമെന്ന അപേക്ഷയുമായാണ് ആൻ്റണി രാജു ഹൈക്കോടതിയിൽ എത്തിയത്. അപേക്ഷ ഭാഗികമായി മാത്രം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ 2023ൽ സുപ്രീം കോടതിയെ സമീപിച്ചത് ആൻറണി രാജുവിന് വൻ തിരിച്ചടിയായി. കേസ് റദ്ദാക്കണമെന്ന ആൻ്റണി രാജുവിൻ്റെ അപേക്ഷ 2024 നവമ്പർ 20ന് തള്ളിയ സുപ്രീം കോടതി ഉടനടി വിചാരണ നേരിടാൻ പ്രതികളോട് നിർദേശിച്ചു. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കാൻ നെടുമങ്ങാട് കോടതിക്കും നിർദേശം നൽകി. ഇതുപ്രകാരം നെടുമങ്ങാട് മജിസ്ട്രേട്ട് കോടതിയിൽ തുടങ്ങിയ വിചാരണ ഏതാണ്ട് പാതിഘട്ടത്തിൽ എത്തിനിൽക്കെ ആണ് പുതിയ അപേക്ഷ എത്തുന്നത്. ഇതിൽ കോടതി എന്ത് നിലപാട് എടുക്കും എന്നത് നിർണായകമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top