കണ്ണൂർ വിസി തെറിച്ചു; ഗോപിനാഥ് രവീന്ദ്രൻ്റെ നിയമനം റദ്ദാക്കി; ഗവർണർ സർക്കാരിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. ചട്ടവിരുദ്ധമായിട്ടാണ് വിസിയെ നിയമിച്ചതെന്നാണ് സുപ്രീകോടതിയുടെ കണ്ടെത്തൽ. തുടർന്ന് ഡോ. ഗോപിനാഥ് രവീന്ദ്രനെ വിസിയായി പുനര്‍നിയമിച്ചത് കോടതി റദ്ദാക്കി. ഗോപിനാഥ് രവീന്ദ്രൻ്റെ നിയമനം ശരിവച്ച ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നതായും സുപ്രീംകോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് ജെ.ബി. പർദിവാലയും ഉൾപ്പെട്ട ബെഞ്ചാണ് വിസി പുനർനിയമനം നൽകിയ ഹർജിയിൽ വിധി പറഞ്ഞത്. കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാർ പശ്ചാത്തലത്തിൽ വഴങ്ങിയെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ലെന്ന രൂക്ഷ വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെയും ഗവർണർക്കെതിരെയും കോടതി നടത്തിയത്. സംസ്ഥാന സർക്കാരിന്റെ ഇടപെടൽ വിസി നിയമന പ്രക്രിയയെ ദുഷിപ്പിച്ചു. ചാൻസിലർ അധികാരം അടിയറവച്ചു. വിസിയുടെ പുനർനിയമനം ചാൻസിലറിന്റെ അധികാരമാണെന്നും അതിൽ സർക്കാർ ഇടപെടലുണ്ടായതായി ബോധ്യപ്പെട്ടെന്നും കോടതി വ്യക്തമാക്കി.

സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. തോമസ് എന്നിർ സമർപ്പിച്ച ഹർജിയിലാണ് വിധി. പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സംസ്ഥാന സർക്കാരും പല തവണ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. യുജിസി ചട്ടങ്ങൾ മറികടന്നാണ് ഡോ. ഗോപിനാഥിന്റെ നിയമനമെന്ന് ഗവർണർ സുപ്രീംകോടതിയിൽ സത്യവാംഗ്മൂലവും നൽകിയിരുന്നു. എന്നാൽ കണ്ണൂർ സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചാണ് ഗോപിനാഥ് രവീന്ദ്രൻ്റെ നിയമനം എന്നായിരുന്നു സർക്കാർ വാദം.

60 വയസ് കഴിഞ്ഞ ഡോ. ഗോപിനാഥ് രവീന്ദ്രന് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ച് ഗവർണർ നാലു വര്‍ഷത്തേക്ക് പുനര്‍നിയമനം നൽകിയതിനെതിരെയായിരുന്നു ഹർജി. വിസി പുനര്‍നിയമനം ഹൈക്കോടതി ശരിവച്ചതിനെ തുടർന്ന് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കണ്ണൂർ വിസിയുടെ ആദ്യനിയമനം തന്നെ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ സാഹചര്യത്തിൽ പുനർനിയമനവും നിലനിൽക്കില്ലെന്നാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്.

എന്നാൽ യുജിസി ചട്ടങ്ങള്‍ പാലിച്ചാണ് തനിക്ക് പുനർനിയമനം നല്‍കിയതെന്നാണ് സത്യവാംഗ്മൂലത്തില്‍ ഡോ ഗോപിനാഥ് രവീന്ദ്രൻ കോടതിയെ അറിയിച്ചത്. പ്രായപരിധി പുനർനിയമനത്തിന് ബാധകമല്ലെന്നും ഒരു തവണ വിസിയായതിനാൽ തനിക്ക് പുനർനിയമനത്തിന് യോഗ്യതയുണ്ടെന്നുമായിരുന്നു ഗോപിനാഥ് രവീന്ദ്രൻ്റെ അവകാശവാദം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top