മൈക്കിൾ ജാക്സനെ കാണാനുള്ള ക്ഷണം ആദ്യം നിരസിച്ചു; ഓസ്കർ കിട്ടിയതിന് പിറ്റേന്ന് നേരിൽ കണ്ടു: എ.ആർ.റഹ്മാൻ

പോപ് ഇതിഹാസം മൈക്കിൾ ജാക്സനുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് വാചാലനായി സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ. പോപ് രാജാവിനെ ആദ്യമായി കാണാനുള്ള അവസരം തനിക്ക് നിരസിക്കപ്പെട്ടുവെന്നും, പിന്നീട് മൈക്കിൾ ജാക്സന്റെ വസതിയിൽവച്ച് രണ്ടു മണിക്കൂർ കൂടിക്കാഴ്ച നടത്തിയെന്നും അടുത്തിടെ ക്വാലാലംപൂരിൽ നടന്നൊരു പരിപാടിയിൽ റഹ്മാൻ പറഞ്ഞു. ഫ്രീ മലേഷ്യ ടുഡേയാണ് യൂട്യൂബിൽ റഹ്മാന്റെ ഈ വീഡിയോ ഷെയർ ചെയ്തത്.

2009ൽ എന്റെ ഏജന്റിനൊപ്പം ഞാൻ ലൊസാഞ്ചൽസിലുണ്ടായിരുന്നു. മൈക്കിൾ ജാക്സണിന്റെ കാര്യങ്ങൾ നോക്കുന്ന തന്റെ സുഹൃത്ത് കൂടിയായ ഒരാളെ അയാൾ എനിക്ക് പരിചയപ്പെടുത്തി. ‘എനിക്ക് മൈക്കൽ ജാക്സനെ കാണാൻ കഴിയുമോ?’ എന്നു ഞാൻ അയാളോട് ചോദിച്ചു. ‘തീർച്ചയായും, ഞാൻ ഒരു ഇമെയിൽ അയയ്ക്കും’ എന്നു പറഞ്ഞു. ആദ്യ ആഴ്ചയിൽ പ്രതികരണമൊന്നും ഉണ്ടായില്ല. കുറേ നാൾ കാത്തിരുന്നു, പിന്നെ ഞാൻ അക്കാര്യം വിട്ടുവെന്ന് റഹ്മാൻ പറഞ്ഞു.

പിന്നീട്, എനിക്ക് ഓസ്കർ നോമിനേഷൻ കിട്ടി. സമയത്ത് ഒരു ഇ മെയിൽ വന്നു. മൈക്കിൾ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നുവെന്നാണ് അതിൽ എഴുതിയിരുന്നത്. ഇപ്പോൾ അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നില്ലെന്നും എനിക്ക് ഓസ്കർ കിട്ടിയാൽ കാണുമെന്നും, അതല്ലെങ്കിൽ കാണില്ലെന്നും ഞാൻ മറുപടി കൊടുത്തു. ഞാൻ ജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഓസ്കർ കിട്ടിയ പിറ്റേ ദിവസം ഞാൻ മൈക്കിൾ ജാക്സനെ കാണാനായി പോയി. അപ്പോൾ സമയം വൈകിട്ട് 6.30 ആയിരുന്നു. സൂര്യൻ അസ്തമയിച്ചു തുടങ്ങിയിരുന്നു. അപ്പോൾ കയ്യുറകൾ ധരിച്ച് ആരോ ഒരാൾ വാതിൽ തുറന്നതായി റഹ്മാൻ വ്യക്തമാക്കി.

ജാക്സനുമായുള്ള കൂടിക്കാഴ്ചയിൽ താൻ എന്താണ് സംസാരിച്ചതെന്നും റഹ്മാൻ പറയുകയുണ്ടായി. ജാക്‌സൺ ‘ലോകസമാധാന’ത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ഐതിഹാസികമായ നൃത്തച്ചുവടുകളെക്കുറിച്ചും സംസാരിച്ചു. സ്ലംഡോഗ് മില്യണയറിലെ സംഗീതം തനിക്ക് ഇഷ്ടമാണെന്ന് ജാക്‌സൺ പറയുകയും ചില സാങ്കേതിക ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ജാക്സൻ തന്റെ മക്കൾക്ക് എന്നെ പരിചയപ്പെടുത്തി. ജാക്സനുമായുള്ള കൂടിക്കാഴ്ച ഒരിക്കലും മറക്കാനാവാത്തതായിരുന്നുവെന്നും റഹ്മാൻ പറഞ്ഞു.

ഇന്ത്യയിൽ മടങ്ങിയെത്തിയശേഷം രജനീകാന്ത് നായകനായ എന്തിരൻ സിനിമയുടെ ജോലികളിലേക്ക് റഹ്മാൻ കടന്നിരുന്നു. ആ സമയത്താണ് എന്തുകൊണ്ട് മൈക്കിൾ ജാക്സനുമായി ചേർന്ന് ഒരു ഗാനം ചെയ്തു കൂടേയെന്ന് സംവിധായകൻ ശങ്കർ ചോദിക്കുന്നത്. ”ജാക്സൻ ഒരു തമിഴ് പാട്ട് ചെയ്യുമോയെന്ന് ഞാൻ ശങ്കറിനോട് ചോദിച്ചു. ഞാൻ ജാക്സനെ ഫോൺ വിളിച്ച് ഇക്കാര്യം സംസാരിച്ചു. നിങ്ങൾ എന്ത് പറഞ്ഞാലും നമ്മൾ ഒരുമിച്ച് ചെയ്യുമെന്നായിരുന്നു ജാക്സൻ പറഞ്ഞത്. ഞങ്ങൾ വീണ്ടും കണ്ടുമുട്ടി, പക്ഷേ നിർഭാഗ്യവശാൽ, 2009-ൽ അദ്ദേഹം അന്തരിച്ചു. ആ സമയത്ത് അദ്ദേഹം രോഗിയായിരുന്നു.”

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top