അരളിയെ തൊടരുത്, പൂ മണക്കരുത്; 24കാരിയുടെ യു.കെ. സ്വപ്നങ്ങൾ ഇല്ലാതാക്കിയത് ഈ ചെടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

നമ്മുടെ നാട്ടില്‍ വ്യാപകമായി കണ്ടുവരുന്ന ചെടിയാണ് അരളി. അതിന്‍റെ പൂവ് മനോഹരമാണ്. തലയില്‍ ചൂടാനും ക്ഷേത്രങ്ങളില്‍ പൂജാപുഷ്പമായും ഉപയോഗിക്കുന്ന അരളി എവിടെയും വളരുന്നതരം ചെടിയാണ്. നിറം കൊണ്ടും ഭംഗികൊണ്ടും ആകര്‍ഷകമായ അരളി മരണത്തിനു വരെ കാരണമാകാവുന്ന കൊടിയ വിഷമാണെന്ന് എത്രപേര്‍ക്ക് അറിയാം?

ഏപ്രില്‍ 28ന്, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ ആലപ്പുഴ സ്വദേശി സൂര്യ സുരേന്ദ്രന്‍റെ മരണമാണ് അരളിപ്പൂവുമായി ബന്ധപ്പെട്ടിരിക്കുന്നത്. കുഴഞ്ഞുവീണ 24കാരി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അന്നേദിവസം സൂര്യ അരളിപ്പൂ അബദ്ധത്തില്‍ കഴിച്ചതായും അത് മൂലമാകാം മരണമെന്നുമാണ് പോസ്റ്റ്മോര്‍ട്ടത്തിലെ നിഗമനമെന്ന് കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ അഭിലാഷ് കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

ഏറെ പരിശ്രമത്തിനൊടുവില്‍ യുകെയില്‍ നഴ്സായി ജോലി ചെയ്യാന്‍ വിസ ലഭിച്ച സൂര്യ ഒരുപാട് ആഗ്രഹിച്ച യാത്രയായിരുന്നു അത്. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് സുഹൃത്തുക്കളോട് ഫോണ്‍ വിളിച്ച് യാത്ര പറയുന്നതിനിടെ മുറ്റത്തുണ്ടായിരുന്ന അരളിയുടെ പൂവ് അലസമായി വായിലിട്ട് ചവച്ചു തുപ്പിയതായായിരുന്നു ആശുപത്രി കിടക്കയിലെ സൂര്യയുടെ അവസാന മൊഴി. ഹൃദ്രോഗബാധയാണ് മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പരിശോധനയില്‍ മൃതദേഹത്തില്‍ നിന്നും വിഷാംശം കണ്ടെത്തിയിട്ടുണ്ട്. യുവതിയുമായി സംസാരിച്ചതില്‍ നിന്നും മറ്റ് കാരണങ്ങള്‍ ഒന്നും ഇല്ലെന്ന് കണ്ടെത്തിയതിനാല്‍, അരളിപ്പൂ ആകാം മരണത്തിനു പിന്നിലെന്നാണ് ഡോക്ടറുടെ നിഗമനം. രാസപരിശോധന ഫലങ്ങള്‍ വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകു.

വീട്ടില്‍ നിന്ന് യാത്ര തിരിച്ച സൂര്യ പോകുന്ന വഴികളിലെല്ലാം ഛര്‍ദിച്ചതായി പറയുന്നുണ്ട്. എന്നാല്‍ അതൊന്നും വകവയ്ക്കാതെ യാത്ര തുടരുകയായിരുന്നു. പക്ഷെ സൂര്യയുടെ സ്വപ്‌നങ്ങള്‍ക്ക് എമിഗ്രേഷന്‍ കൌണ്ടര്‍ കടക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.

ഒരു ജീവനെടുക്കാന്‍ മാത്രം ശേഷിയുള്ള ചെടിയാണോ അരളി?

നെരിയം ഒലിയാൻഡർ (Neriyum Oleander) എന്ന ശാസ്ത്രീയ നാമമുള്ള അരളിപ്പൂവില്‍ ഒലിയാന്‍ഡ്രിൻ എന്ന കൊടിയവിഷം ഉള്ളതായി അമേരിക്കയുടെ ലൈബ്രറി ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രകാരം അരളി അടിമുടി വിഷമുള്ള മരണകാരണമായ സസ്യമാണ്. അതിന്‍റെ പൂവിലും ഇലയിലുമടക്കം കൊടിയ വിഷമുണ്ട്. ഇത് ഉള്ളില്‍ ചെന്നാല്‍ കരള്‍, ശ്വാസകോശം, ഹൃദയം എന്നിവയെ നേരിട്ട് ബാധിക്കാം. ഉള്ളില്‍ എത്തുന്ന ചെടിയുടെയോ പൂവിന്റെയോ അംശം കൂടുതലാവുകയും അങ്ങനെ വിഷത്തിന്റെ തോത് ക്രമാതീതമാകുകയും ചെയ്താല്‍ തല്‍ക്ഷണം മരണമാകും സംഭവിക്കുക. പൂക്കൾ മണക്കുന്നതും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം. അരളി കഴിച്ച് ആത്മഹത്യ ചെയ്ത കേസുകള്‍ ഉണ്ടായിട്ടുള്ളതായി അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ ചെടിയില്‍ മറഞ്ഞിരിക്കുന്ന ദുരന്തം അറിയാത്തവരാണ് നമ്മുടെ നാട്ടില്‍ ഏറെയും എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം.

Logo
X
Top