ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന് വിലക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം; പൂവില്‍ വിഷമുള്ളതായി റിപ്പോര്‍ട്ട് വന്നാല്‍ മാത്രം നടപടി; സൂര്യയുടെ മരണത്തോടെ അരളിപ്പൂ വിവാദം കത്തുന്നു
തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ പൂജയ്ക്ക് അരളിപ്പൂവിന് തത്ക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരളിപ്പൂവില്‍ വിഷം ഉണ്ടെന്ന് ആധികാരികമായ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രം നടപടി മതിയെന്നാണ് ബോര്‍ഡ് തീരുമാനം. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്താണ് നിലപാട് വ്യക്തമാക്കിയത്.
ഇന്നത്തെ ദേവസ്വം ബോര്‍ഡ് യോഗം അരളിപ്പൂ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. അരളിപ്പൂവില്‍ വിഷമുണ്ടെന്ന പ്രചാരണം ശക്തമാകുമ്പോഴാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ അരളി നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അരളി ഉപയോഗിക്കുന്നുണ്ട്. നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അർപ്പിക്കാറുണ്ട്.
കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍ നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചപ്പോഴാണ് വീണ്ടും അരളി വിവാദമായത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണു മരണമെന്നാണു പ്രാഥമിക നിഗമനം. യുകെയിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെ സൂര്യ ഛര്‍ദിച്ചിരുന്നു. യാത്രയ്ക്ക് മുന്‍പ് അരളിയുടെ പൂവും ഇലയും വായിലിട്ട് ചവച്ചിരുന്നു എന്നാണ് പുറത്തുവന്ന വിവരം. ശരീരത്തിൽ എത്ര അളവിൽ അരളി ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക. ഈ അടുത്ത കാലത്താണ് അരളിപ്പൂവില്‍ വിഷം ഉണ്ടെന്ന പ്രചാരണം ശക്തമായത്. ഇതിനിടയിലാണ് സൂര്യയുടെ മരണവും വന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here