ഡൽഹി മുഖ്യമന്ത്രി ഇനിമുതൽ ലഫ്. ഗവർണറുടെ തടവിൽ; കടലാസുപുലിയായി കേജ്‌രിവാൾ
അധികാരമില്ലാതെ മുഖ്യമന്ത്രിയായി മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ച അരവിന്ദ് കേജ്‌രിവാൾ. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിരവടങ്ങിയ ബെഞ്ച് ഭിന്ന വിധിയാണ് പുറപ്പെടുവിച്ചതെങ്കിലും. ഏറെ നാള്‍ ഒരു ഭാരണാധികാരിയെ ജയിലില്‍ ഇടാന്‍ കഴിയില്ലെന്ന കാര്യത്തിൽ യോജിക്കുകയായിരുന്നു. ജയിൽ മോചിതനാകുന്ന ഡൽഹി മുഖ്യമന്ത്രിക്ക് ലഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേനയുടെ സമ്മതമില്ലാതെ ഔദ്യോഗിക കൃത്യങ്ങൾ ഒന്നും നിർവഹിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ ഡൽഹി സെക്രട്ടേറിയറ്റിലേക്കോ പോകാനോ ഫയലുകളിൽ ഒപ്പിടാനോ ലഫ്. ഗവർണറുടെ അനുവാദം വേണം. ഇതോടെ ജാമ്യം ലഭിച്ചെങ്കിലും വെറും കടലാസ് മുഖ്യമന്ത്രിയായി അദ്ദേഹം ചുരുങ്ങി.
2022 മെയ് മാസത്തിൽ വികെ സക്സേന ചുമതലയേറ്റ ശേഷം ശക്തമായ മുഖ്യമന്ത്രി – ഗവർണർ പോരിനാണ് ഡൽഹി സാക്ഷ്യം വഹിച്ചിരുന്നത്. പരസ്പരമുള്ള അധികാര തർക്കവുമായി ബന്ധപ്പെട്ട കേസുകൾ ഇപ്പോഴും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൻ്റെ പരിഗണനയിലാണുള്ളത്. ഈ സാഹചര്യത്തിലാണ് ഗവർണർക്ക് പൂർണമായും വിധേയനാകേണ്ട അവസ്ഥയിൽ, ഉപാധികളോടെ ആംആദ്മി പാർട്ടിയുടെ സൈന്യാധിപൻ പുറത്തിറങ്ങുന്നത്. നയപരമായ തീരുമാനങ്ങള്‍ എടുക്കാനോ ഉത്തരവുകള്‍ നല്‍കാനോ കഴിയാത്ത വെറും പദവി മാത്രമുള്ള മുഖ്യമന്ത്രിയായി കേജ്‌രിവാൾ ചുരുങ്ങിയിരിക്കുകയാണ്.
എന്നും തന്നെ വിമർശിക്കുകയും തൻ്റെ അധികാരങ്ങളെ വകവച്ചു നൽകാതിരുന്നതുമായ ഡൽഹി മുഖ്യമന്ത്രിയെ പൂർണമായും നിയന്ത്രിക്കാനുള്ള അവസരമാണ് ലഫ്.ഗവർണർക്ക് കൈവന്നിരിക്കുന്നത്. ജാമ്യം ലഭിച്ചത് വലിയ വിജയമായി എഎപി കൊണ്ടാടുമ്പോൾ ശക്തിയെല്ലാം ചോർന്ന മുഖ്യമന്ത്രിയായിട്ടാണ് കേജ്‌രിവാൾ പുറത്തിറക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വസ്തുത. തീഹാര്‍ ജയിലിൽ നിന്നും സ്വതന്ത്രനാകുമെങ്കിലും മുഖ്യമന്ത്രിയുടെ അധികാരങ്ങൾ ഇനി മുതൽ ലഫ്. ഗവർണർ സക്സേനയുടെ തടവിലായിരിക്കും. ഇത് കേജ്‌രിവാളിനെയും പാർട്ടിയെയും സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.
അതേ സമയം മുഖ്യമന്ത്രിയുടെ അധികാരങ്ങൾ റദ്ദാക്കിയ നിർദേശങ്ങളോട് വിയോജിപ്പ് ഉണ്ടെന്നാണ് സിബിഐ അറസ്റ്റിനെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ പറഞ്ഞ്. എന്നാൽ ഇപ്പോൾ മറ്റ് നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നില്ലെന്നും അദ്ദേഹം വിധിയിൽ കൂട്ടിച്ചേർത്തു. ഇഡി കേസിൽ ജാമ്യം ലഭിച്ച കേജ്‌രിവാളിനെ അറസ്റ്റുചെയ്ത സിബിഐ നടപടി നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ഭുയാൻ തൻ്റെ വിധിയിൽ എഴുതി. രൂക്ഷമായ ഭാഷയിൽ അദ്ദേഹം കേന്ദ്ര ഏജൻസിയെ വിമർശിച്ചു. അന്വേഷണ ഏജൻസി കൂട്ടിലടച്ച തത്തയല്ല. സിബിഐ സീസറിന്റെ ഭാര്യയെപ്പോലെ ആയിരിക്കണമെന്നും സംശയത്തിന് അതീതയാവണമെന്നും അദ്ദേഹം വിധിയിൽ പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് നിയമപരമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. എന്നാൽ ഇഡി കേസിൽ ജാമ്യം ലഭിക്കുമെന്ന ഉറപ്പായപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയതിനെ അദ്ദേഹം വിമർശിച്ചു. അറസ്റ്റ് ചെയ്ത രീതിയിലും സമയത്തിലും മാത്രമാണ് വിയോജിപ്പ് എന്ന് സിബിഐ നടപടിയെ ന്യായീകരിച്ചു കൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിനെക്കുറിച്ച് പൊതുവേദികളില്‍ പ്രസ്താവനകള്‍ ഒന്നും നടത്തരുതെന്ന കർശന നിർദേശവും സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഡൽഹി മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here