കരുവന്നൂർ പണം സിപിഎം അക്കൗണ്ടിലെത്തി; അരവിന്ദാക്ഷന്‍ മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഇ.ഡി.

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടില്‍ അറസ്റ്റിലായ പി.ആര്‍. അരവിന്ദാക്ഷന്‍ മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും തട്ടിപ്പ് പണം ബാങ്കിലെ സിപിഎം അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടി. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.
കരുവന്നൂര്‍ ബാങ്ക് ഭരണസമിതി മാത്രമല്ല രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദിയാണെന്നും നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ അരവിന്ദാക്ഷന്‍ ബാങ്ക് ഭരണസമിതിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇഡി വ്യക്തമാക്കി.
തട്ടിപ്പിൻ്റെ മുഖ്യകണ്ണിയായ സതീഷുമായി അരവിന്ദാക്ഷന് വലിയ ബന്ധമുണ്ട്. എല്ലാകാര്യങ്ങളും അറിഞ്ഞുകൊണ്ടാണ് അരവിന്ദാക്ഷന്‍ സതീഷുമായി ബന്ധപ്പെട്ടത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ സ്വാധീനിക്കാന്‍ അരവിന്ദാക്ഷനിലൂടെയാണ് സതീഷ്‌കുമാര്‍ ശ്രമിച്ചത്. സതീഷിന്റെ മകളുടെ മെഡിക്കല്‍ വിദ്യാഭ്യാസഫീസ് അരവിന്ദാക്ഷന്റെ അക്കൗണ്ടില്‍ നിന്നാണ് അടച്ചിരുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ തള്ളണമെന്നും ഇ.ഡി. കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി 21ന് പരിഗണിക്കാനായി കോടതി മാറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here