വിഴിഞ്ഞത്തെ സ്വീകരണ ചടങ്ങില്‍ നിന്നും ലത്തീന്‍ സഭ വിട്ടുനില്‍ക്കും; അനുനയിപ്പിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യം എത്തുന്ന ചരക്ക് കപ്പലിന് സ്വീകരണം നല്‍കുന്ന ചടങ്ങില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പങ്കെടുക്കില്ല. നേരിട്ട് ക്ഷണിക്കാതെ നോട്ടീസില്‍ പേര് ഉള്‍പ്പെടുത്തിയതിലെ പ്രതിഷേധത്തിന്റെ ഭാഗമായാണ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് പുറത്തിറക്കിയ നോട്ടിസില്‍ വിശിഷ്ട സാന്നിധ്യമായി തോമസ് ജെ.നെറ്റോയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബിഷപ്പിനെ ഔദ്യോഗികമായി സര്‍ക്കാര്‍ ക്ഷണിച്ചതുമില്ല. ഇതാണ് സഭയെ പ്രകോപിപ്പിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ നാളെ കൊച്ചിയിലേക്കു പോകുമെന്നാണ് ബിഷപ്പ് ഹൗസില്‍ നിന്നും അറിയിച്ചിരിക്കുന്നത്.

ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ തീരുമാനം പുറത്തുവന്നതിനു പിന്നാലെ സര്‍ക്കാര്‍ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വിസില്‍ എംഡി ദിവ്യ എസ്. അയ്യരോട് ബിഷപ്പിനെ നേരിട്ടു ക്ഷണിക്കാന്‍ തുറമുഖ മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദേശം നല്‍കി. ഇന്ന് തന്നെ ദിവ്യ എസ്.അയ്യര്‍ ബിഷപ്പ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പിനെ ക്ഷണിച്ചേക്കുമെന്നാണു വിവരം.

നാളെ രാവിലെ 9.15നാണ് വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പല്‍ സാന്‍ ഫര്‍ണാണ്ടോയുടെ ബെര്‍ത്തിങ്. വാട്ടര്‍ സല്യൂട്ട് നല്‍കിയാകും കപ്പലിനെ സ്വീകരിക്കുക.
മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വീകരിക്കുന്നത്. മന്ത്രി വി എന്‍ വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സര്‍ബാനന്ദ സോണോവാല്‍ മുഖ്യാതിഥിയാവും.രണ്ടായിരം കണ്ടെയ്‌നറുകളുമായി പടുകൂറ്റന്‍ കപ്പലാണ് ആദ്യം എത്തുന്നത്. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്ഷണിക്കാത്തതും വിവാദമായിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top