നിങ്ങൾ വൈകാരികമായി ഏകാന്തത അനുഭവിക്കുന്ന ആളാണോ?
സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇടയിൽ പോലും നിങ്ങൾക്ക് വൈകാരികമായി ഏകാന്തനായ വ്യക്തിയായിരിക്കാം. ജീവിതത്തിൽ അർത്ഥവത്തായ വൈകാരിക ബന്ധങ്ങൾ ഉണ്ടാക്കാനുള്ള കഴിവില്ലായ്മയിൽ നിന്നാണ് വൈകാരിക ഏകാന്തത ഉണ്ടാകുന്നത്. ഇത് നിങ്ങളുടെ കുട്ടിക്കാലം മുതൽ ആരംഭിക്കാം, കുട്ടിക്കാലത്ത് നിങ്ങളുടെ മാതാപിതാക്കളുമായോ നിങ്ങളുടെ പ്രിയപ്പെട്ടവരുമായോ നിങ്ങൾ നടത്തിയ പരിമിതമായ വൈകാരിക സംഭാഷണങ്ങൾ മൂലമാകാം. വൈകാരികമായി അടുപ്പമുള്ള ബന്ധങ്ങൾ നിലനിർത്തുന്നതിൽ നിങ്ങൾക്ക് ഇടയ്ക്കിടെ പരാജയങ്ങളുണ്ടെങ്കിൽ മുതിർന്ന ആളാണെങ്കിലും നിങ്ങൾ വൈകാരിക ഏകാന്തത അനുഭവിക്കുന്നുണ്ടാകാം എന്നാണ് വിദഗ്ധർ പറയുന്നത്.
നിങ്ങൾ വളർന്നുവരുമ്പോൾ, കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുന്ന മാതാപിതാക്കൾ നിങ്ങളുടെ വൈകാരിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടിരിക്കാം. അറിഞ്ഞോ അറിയാതെയോ, അത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ ബുദ്ധിമുട്ട് തോന്നുന്നതിനാൽ അവർ ആഴത്തിലുള്ള വൈകാരിക സംഭാഷണങ്ങൾ ഒഴിവാക്കിയിരിക്കാം.
വളരെ നിർണായകമായ എന്തെങ്കിലും നഷ്ടപ്പെടുന്നു എന്ന തോന്നൽ പോലും അവർക്കുണ്ടായിരിക്കില്ല. കുടുംബത്തിന് വേണ്ടി അവർ കഠിനാധ്വാനം ചെയ്യുന്നു. മക്കൾക്ക് യഥാസമയം ഭക്ഷണം നൽകുന്നു.കുട്ടികളെ പഠിപ്പിക്കുന്നു. അവർ അവരെ സുരക്ഷിതമായി സൂക്ഷിക്കുന്നു. അവർ തങ്ങളുടെ മക്കൾക്ക് സാധനങ്ങൾ വാങ്ങിക്കൊടുക്കുന്നു .മക്കൾക്ക് ചുറ്റും സന്തോഷിക്കാൻ പോലും അവർ ശ്രമിച്ചേക്കാം. എന്നാൽ അവർ ഒരിക്കലും തങ്ങളുടെ വൈകാരിക പരാധീനതകൾ കുട്ടികളുമായി പങ്കുവെക്കാറില്ല. ജീവിതത്തിലെ വേദനിപ്പിക്കുന്ന, ലജ്ജാകരമായ, നെഗറ്റീവായ അനുഭവങ്ങൾ അവർ ഒരിക്കലും തങ്ങളുടെ കുട്ടികളോട് തുറന്നുപറയില്ല. അത്തരം നെഗറ്റീവ് ചിന്തകളും വികാരങ്ങളും ഉണ്ടാകുന്നതിൽ തെറ്റില്ല എന്നു പോലും തങ്ങളുടെ കുട്ടികളെ പറഞ്ഞ് മനസിലാക്കാൻ അവർ തുനിയില്ല.
അതിനാൽ വളർന്നുവരുന്ന കുട്ടി നെഗറ്റീവായ വികാരങ്ങളും ചിന്തകളും അനുഭവിക്കാൻ തുടങ്ങുമ്പോൾ, അത്തരം വിചിത്രമായ വികാരങ്ങൾ തങ്ങൾ മാത്രമാണ് അനുഭവിക്കുന്നതെന്ന് അവർക്ക് തോന്നുന്നു. അതൊരു നിർഭാഗ്യമായോ ശാപമായോ തെറ്റായോ അവർ ധരിച്ചേക്കാം. തുറന്നുപറയാൻ സുരക്ഷിതമായൊരിടം ഇല്ലാതെയാകുമ്പോൾ, അവിടെയാണ് വൈകാരികമായി ഏകാന്തനായ ഒരു വ്യക്തി ഉണ്ടാകുന്നത്.
ഒരു കുട്ടി എന്ന നിലയിൽ, നിങ്ങളുടെ വൈകാരിക അനുഭവങ്ങളെ ശരിയായി ലേബൽ ചെയ്യാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, മുതിർന്നതിനു ശേഷമുണ്ടാകുന്ന വികാരങ്ങൾ തിരിച്ചറിയാൻ പോലും നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. ഒരു കുട്ടി തന്റെ കളിപ്പാട്ടം നഷ്ടപ്പെടുമ്പോഴുള്ള നിരാശ മൂലമോ, അച്ഛനോ അമ്മയോ ദൂരെപ്പോകുമ്പോൾ അനുഭവിക്കുന്ന ഏകാന്തത മൂലമോ കരഞ്ഞേക്കാം. രണ്ട് സാഹചര്യങ്ങളിലും, കുട്ടികളെ തന്റെ വികാരങ്ങളെക്കുറിച്ച് ബോധവാന്മാരാക്കിയില്ലെങ്കിൽ, പെട്ടെന്നുള്ള കരച്ചിലിന്റെ കാരണം എന്താണെന്ന് പോലും അറിയാതെ മാനസിക സമ്മർദ്ദങ്ങളിൽ കരയുന്ന ഒരു മുതിർന്ന വ്യക്തിയായി അവർ വളർന്നേക്കാം. തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചതു മൂലം പരിഹസിക്കപ്പെടുകയോ ശകാരിക്കപ്പെടുകയോ ചെയ്ത മുതിർന്നതിനു ശേഷവും കരയണമെന്നില്ല.
നിങ്ങളുടെ ജീവിതത്തിലുടനീളം വൈകാരികമായ ഏകാന്തത അനുഭവപ്പെടുകയാണെങ്കിൽ, ഒരു ഘട്ടം കഴിയുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഈ ശൂന്യതയാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഈ ശൂന്യത, കുട്ടിക്കാലത്ത് വേണ്ടത്ര വൈകാരികമായ പിന്തുണ ലഭിക്കാത്ത എല്ലാവരിലുമുള്ളതാണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞെന്ന് വരില്ല.
ആൾക്കൂട്ടത്തിൽ തനിയേയാകുന്ന ഇത്തരം ആളുകളുടെ എണ്ണം നമ്മുടെ സമൂഹത്തിൽ വളരെ കൂടുതലാണ്. ഇത് തിരിച്ചറിയാതെ പോകുന്നത് കൂടുതൽ സാമൂഹികമായ ഒറ്റപ്പെടലിലേക്കും വിഷാദാവസ്ഥയിലേക്കും നയിക്കും. സാവധാനം വ്യക്തിയോ വ്യക്തിയുടെ ചുറ്റുമുള്ള ആളുകളോ അവരുടെ ജീവിതത്തിൽ അത്തരം നെഗറ്റീവ് അനുഭവങ്ങൾ സാധാരണമാക്കാൻ തുടങ്ങുന്നു. അവർ സ്വയം ഒരു അന്തർമുഖരായും വികാരങ്ങൾ മരവിച്ചവരായും മുദ്രകുത്തും.
വൈകാരികമായ ഏകാന്തത, ശാരീരിക പരിക്കുകൾ പോലെ വേദനാജനകമാണെങ്കിൽ, ശരീരത്തിലെ മുറിവിനെ ചികിത്സിക്കുന്ന അതേ പ്രാധാന്യത്തോടെ നിങ്ങളുടെ മനസ്സിലെ മുറിവിനെ ചികിത്സിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
നിങ്ങൾ എവിടെ നിന്നാണ് വരുന്നത്, ആരാണ് നിങ്ങളുടെ മാതാപിതാക്കൾ, എന്തിനാണ് അവർ നിങ്ങളോട് പെരുമാറിയത്, നിങ്ങളുടെ മാതാപിതാക്കളുടെ മനസിലെ പുറത്തുപറയാത്ത ആ മുറിവുകൾ എന്തെല്ലാമായിരുന്നു എന്നതൊന്നും ഈ ഘട്ടത്തിൽ വിഷയമല്ല. കുട്ടിക്കാലത്ത് നിങ്ങൾ അനുഭവിച്ചിരുന്ന വൈകാരിക ബുദ്ധിമുട്ടുകളെ കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നു എന്ന് തിരിച്ചറിയുന്നതാണ് പ്രധാനം. ഈ തിരിച്ചറിവിനുശേഷം, ജീവിതത്തിൽ ഇത്തരം മോശം കോപിംഗ് മെക്കാനിസങ്ങൾ മനസിലാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഈ തിരിച്ചറിവിനുശേഷം മാത്രമേ തെറാപ്പി, ധ്യാനം, മൈൻഡ്ഫുൾനെസ്സ് പ്രാക്ടീസുകൾ എന്നിവ പോലുള്ള ബദൽ ശാസ്ത്രീയ മാർഗങ്ങൾ നിങ്ങൾ അന്വേഷിക്കാൻ തുടങ്ങൂ.
ഈ പ്രക്രിയയ്ക്ക് ശേഷം, നിങ്ങളെ നന്നായി മനസ്സിലാക്കാൻ സാധിക്കുന്ന ആളുകളോട് നിങ്ങളുടെ വികാരങ്ങളോ വൈകാരിക പരാധീനതകളോ പ്രകടിപ്പിക്കുന്നതിലൂടെ ജീവിതം കുറച്ചുകൂടി മനോഹരമാക്കാമെന്ന് നിങ്ങൾ തിരിച്ചറിയും. ഇത് സ്വയം സുഖപ്പെടുത്താനുള്ള ഒരു നീണ്ട യാത്രയാണ്. നിങ്ങളുടെ മനസ്സമാധാനം കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ നിങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ ചുറ്റുമുള്ള ആളുകൾക്ക് മനസ്സമാധാനമോ സന്തോഷമോ നൽകാൻ കഴിയില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here