അര്‍ജന്റീന ടീം കേരളത്തിലെത്തും; 2025 ഒക്ടോബറില്‍ എത്തുന്ന ടീം കളിക്കുക രണ്ട് സൗഹൃദമത്സരങ്ങൾ

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് വിട. അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും. സൗഹൃദമത്സരങ്ങള്‍ക്കായി അടുത്ത വര്‍ഷം ഒക്ടോബറിലാണ് ടീം എത്തുക. സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരള സര്‍ക്കാര്‍ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും ഉള്ള താത്പര്യവും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രകടിപ്പിച്ചതായും മന്ത്രി പറയുന്നു.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ഓണ്‍ലൈനായാണ് ചര്‍ച്ച നടത്തിയത്. അര്‍ജന്റീന ദേശീയ ടീമിന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഹെഡ് പാബ്ലോ ഡയസ്, സംസ്ഥാന കായിക സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ.എ.എസ്, കെ.എഫ്.എ. സംസ്ഥാന പ്രസിഡന്റ് നവാസ് മീരാന്‍ അടക്കമുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:
ലിയോണല്‍ മെസ്സി അടക്കമുള്ള അര്‍ജന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാര്‍ത്ത കേരളത്തിലെ ഫുട്ബാള്‍ പ്രേമികളില്‍ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരില്‍ സൃഷ്ടിച്ച നിരാശയാണ് അര്‌ജെന്റിന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ പ്രേരകമായത്. ഖത്തര്‍ ലോകകപ്പ് സമയത്ത് കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിന്റെ ക്ഷണം അവര്‍ സ്വീകരിച്ചു.
നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തില്‍ അര്‍ജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളുംഅര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ഇന്ന് നടന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു.
അര്‍ജന്റീന കേരളവുമായി ഫുട്‌ബോള്‍ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചു. കേരള സര്‍ക്കാര്‍ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും ഉള്ള താത്പര്യവും അവര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
അര്‍ജന്റീന ദേശീയ ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരം കളിക്കും. നേരത്തേ 2024 ജൂണില്‍ കളിക്കാന്‍ എത്തുമെന്നാണ് അറിയിച്ചത്. എന്നാല്‍, ആ സമയം മണ്‍സൂണ്‍ സീസണായതിനാല്‍ പ്രയാസം അറിയിച്ചു. തുടര്‍ന്ന് 2025 ഒക്ടോബറില്‍ കളിക്കാന്‍ സന്നദ്ധത അര്‍ജന്റീന അറിയിച്ചു. ഏറെ ശ്രമകരമായ ഒന്നാകും ഈ സൗഹൃദ മത്സരത്തിന്റെ സംഘാടനം എങ്കിലും കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നല്‍കാവുന്ന വലിയ സമ്മാനവും ഒപ്പം നമ്മുടെ കായിക താരങ്ങള്‍ക്ക് ഉള്ള വലിയ പ്രചോദനവും ആകും അര്‍ജന്റീന ദേശീയ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് എന്ന വിശ്വാസവും തിരിച്ചറിവും ഈ വാര്‍ത്ത വന്നപ്പോള്‍ മുതല്‍ നമ്മുടെ ആളുകള്‍ പ്രകടിപ്പിക്കുന്ന ആവേശവും മുന്നോട്ട് പോകുവാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്.
അര്‍ജന്റീന ദേശീയ ടീമിന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഹെഡ് പാബ്ലോ ഡയസ് സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐഎഎസ്, കെഎഫ്എ സംസ്ഥാന പ്രസിഡന്റ് നവാസ് മീരാന്‍ അടക്കമുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here