കർണാടകയില്‍ മണ്ണിടിഞ്ഞ് അപകടത്തില്‍പെട്ട അര്‍ജുനെ കണ്ടെത്താന്‍ റഡാര്‍ എത്തിക്കുന്നു; തിരച്ചില്‍ രാവിലെ തുടരും
കർണാടക അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മഴ ശക്തമായതും വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത നിലനിൽക്കുന്നതും കാരണമാണ് തിരച്ചിൽ നിർത്തിയത്. നാവികസേന, എൻഡിആർഎഫ്, എസ്‍ഡിആർഎഫ്, പോലീസ്, അഗ്നിശമനസേന എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
ലൈറ്റുകൾ ഉൾപ്പെടെ ക്രമീകരിച്ച് ഒൻപതുമണി വരെ രക്ഷാപ്രവർത്തനം തുടർന്നിരുന്നു. നാളെ പുലർച്ചെ അഞ്ചര മുതൽ തിരച്ചിൽ പുനരാരംഭിക്കാനാണ് തീരുമാനം. ബെംഗളൂരൂവിൽ നിന്ന് റഡാർ എത്തിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനം. റഡാർ വഴി ലോറി കണ്ടെത്താൻ കഴിഞ്ഞാൽ അതേ ദിശയിൽ മണ്ണെടുത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും.
കോഴിക്കോട് സ്വദേശിയായ അർജുനെ 16 നാണ് കാണാതായത്. വാഹനം നിർത്തി വിശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. പൻവേൽ- കൊച്ചി ദേശീയ പാതയിൽ അങ്കോളയിൽ ഒരു ചായക്കടയുടെ പരിസരത്താണ് അർജുന്റെ ലോറി നിർത്തിയിട്ടിരുന്നത്. ചായക്കടയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹം കണ്ടെടുത്തു. ഒരു ടാങ്കർ ലോറിയിലുണ്ടായിരുന്ന രണ്ടുപേരേയും തിരിച്ചറിഞ്ഞു. ഇവിടെനിന്ന് മറ്റൊരു കൊച്ചുകുട്ടിയുടെ മൃതദേഹം ലഭിച്ചു. തിരിച്ചറിയാത്ത രണ്ട് മൃതദേഹങ്ങളും ആശുപത്രിയിലുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here