അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് ഏഴാം ദിവസത്തിലേക്ക്; ലോറി കണ്ടെത്തിയേക്കും എന്ന് പ്രതീക്ഷ

കര്‍ണാടക ഷിരൂരില്‍ ലോറിയോടെ മണ്ണിനടിയില്‍പ്പെട്ട അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്ന് ഏഴാം ദിവസത്തിലേക്ക്. റോഡിലുള്ള മണ്‍കൂനയില്‍ ഇല്ലെന്ന സൂചനകള്‍ ലഭിച്ചതോടെ തിരച്ചില്‍ തൊട്ടടുത്തുള്ള ഗംഗാവലി പുഴയിലേക്ക് വ്യാപിപ്പിക്കുകയാണ്. കര, നാവിക സേനകളും എന്‍ഡിആര്‍എഫും സംയുക്തമായാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ അര്‍ജുനെ കണ്ടെത്തിയേക്കും എന്ന പ്രതീക്ഷയിലാണ് ഉറ്റവര്‍.

മണ്ണിനടിയില്‍ ആഴത്തിലുള്ള വസ്തുക്കള്‍ കണ്ടെത്തുന്ന അത്യാധുനിക മെറ്റല്‍ഡിറ്റക്ടര്‍ ഉപയോഗിച്ച് ഇന്ന് തിരച്ചില്‍ നടത്തുന്നുണ്ട്. ഉച്ചയോടെ കരയില്‍ ലോറി ഉണ്ടെന്നു കരുതുന്ന ഭാഗത്തെ മണ്ണ് പൂര്‍ണമായി നീക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ 10 മീറ്ററോളം ഉയരത്തില്‍ മണ്ണ് മൂടിയിരുന്നു.

പുഴയില്‍ ഈ ഭാഗത്ത് നാല്പത് അടിയോളം ആഴമുണ്ട്. ശക്തമായ മഴയും ഒഴുക്കുമുണ്ട്. ഇതെല്ലാം തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്കയുണ്ട്. മലയുടെ വലിയ ഭാഗം ഒഴുകി പുഴയിലാണ് എത്തിയത്. ലോറി പുഴയില്‍ ഉണ്ടെങ്കില്‍ത്തന്നെ കണ്ടെത്തല്‍ എത്രത്തോളം സാധ്യമാകുമെന്ന ചോദ്യവുമുണ്ട്.

ജൂലായ് 16-ന് രാവിലെയാണ് കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. അപകടസ്ഥലത്ത് ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top