ഷിരൂരില്‍ അര്‍ജുനായുളള തിരച്ചില്‍ ഏറെക്കുറേ അവസാനിപ്പിച്ചു; തൃശൂരില്‍ നിന്ന് ഡ്രഡ്ജര്‍ കൊണ്ടുപോകില്ല

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരിച്ചില്‍ ഏറെക്കുറേ അവസാനിപ്പിച്ച നിലയില്‍. ഗംഗാവലി നദിയിലെ തിരച്ചില്‍ പൂര്‍ണ്ണമായും നിര്‍ത്തിയിരിക്കുകയാണ്. തൃശൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാനുളള ശ്രമവും ഉപേക്ഷിച്ചു. ഗംഗാവലി നദിയില്‍ ഒഴുക്ക് കൂടുതലായതിനാല്‍ ഡ്രഡ്ജര്‍ ഇറക്കാന്‍ കഴിയില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നീക്കം ഉപേക്ഷിച്ചത്.

കൃഷിവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ അടങ്ങിയ സംഘം ഷിരൂരില്‍ എത്തി നദിയില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് സംഘം തൃശൂര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഒഴുക്ക് നാലു നോട്‌സില്‍ കൂടുതലായതിനാല്‍ ഡ്രഡ്ജര്‍ ഇറക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് പേരാമ്പ്ര മലയില്‍ ഇന്‍ഡസ്ട്രീസ് കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് നിര്‍മ്മിച്ചു നല്‍കിയ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് കോള്‍പ്പടവുകളോട് ചേര്‍ന്ന കനാലുകളിലെയും തോടുകളിലെയും ചെളി കോരുന്നതിനാണ് ഉപയോഗിക്കുന്നത്. ഇത് എത്തിച്ച് നദിയിലെ ചെളി നീക്കാന്‍ കഴിയുമോ എന്ന സാധ്യതയാണ് പരിശോധിച്ചത്.

മോശം കാലാവസ്ഥയും നദിയിലെ ശക്തമായ ഒഴുക്കും കാരണം കര്‍ണാടക നേരത്തെ തന്നെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. നദിയില്‍ ലോറിയുണ്ടെന്ന് സംശയിക്കുന്ന സ്ഥലത്ത് ഇറങ്ങി പരിശോധിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് ഇറങ്ങാന്‍ കഴിയാത്തതിനാല്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ദ്ധരെ എത്തിച്ച് പരിശോധനക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതും വിജയം കണ്ടില്ല. ഇതോടെയാണ് തിരച്ചില്‍ താത്കാലികമായി നിര്‍ത്തിയത്. ജൂലൈ 16ന് ഉണ്ടായ മണ്ണിടിച്ചിലാണ് അര്‍ജുനെ കാണാതായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top